കോട്ടയം: ഗോവിന്ദിന്റെ ഫോണ്‍ മോഷണം പോയത് വീട്ടില്‍ നിന്നാണ്. മുത്തശ്ശിയും സഹോദരിയും മാത്രം വീട്ടിലുള്ളപ്പോള്‍ ഒരു യുവാവ് വീട്ടില്‍ വെള്ളം ചോദിച്ചെത്തി. വെള്ളമെടുക്കാന്‍ സഹോദരി അകത്ത് പോയപ്പോള്‍ കള്ളന്‍ ആ ഫോണ്‍ എടുത്ത് ഓടി രക്ഷപ്പെട്ടു.
കോട്ടയം നാഗമ്പടത്താണ് സംഭവം. പയക്കഴുപ്പ് തലവനാട്ടില്ലത്ത് ഗോവിന്ദ് വെസ്റ്റ് പൊലീസിനെ സമീപിച്ചു. സൈബര്‍ സെല്ലില്‍ പോകാന്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞെത്താന്‍ സൈബര്‍ സെല്ലിന്റെ നിര്‍ദേശം. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ചെന്നു. സൈബര്‍ സെല്‍ പരിശോധിച്ചപ്പോള്‍ ഫോണ്‍ സ്വിച്ചോഫായതിനാല്‍ രക്ഷയില്ലെന്ന് പറഞ്ഞു. പിന്നീട് ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം ഗോവിന്ദ് സ്വയം ഏറ്റെടുത്തു.
വൈകുന്നേരമായപ്പോള്‍ കള്ളന്‍ ഫോണ്‍ ഓണ്‍ ചെയ്തതായി അറിഞ്ഞു. ഇതോടെ ഗൂഗിളിലെ ഫൈന്‍ഡ് മൈ ഡിവൈസ് എന്ന സംവിധാനം വഴി പരിശോധിച്ചപ്പോള്‍ ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലായി. കുറിച്ചിയിലാണ് തന്റെ ഫോണുള്ളതെന്ന് മനസ്സിലായി.
സൈബര്‍ സെല്ലിനെ അറിയിച്ചപ്പോള്‍ നിങ്ങള്‍ തന്നെ പോയി നോക്കൂ എന്നായിരുന്നു മറുപടി. ഉടനെ ഗോവിന്ദും സുഹൃത്തുക്കളും ഫോണ്‍ ഇരിക്കുന്ന സ്ഥലത്തെത്തി. ഗോഡൗണുകള്‍ക്ക് അടുത്തുള്ള കാടുപിടിച്ച സ്ഥലത്തിനുള്ളിലെ പൊളിഞ്ഞ ഒരു പഴയ കെട്ടിടത്തിലാണ് മോഷ്ടാവ് ഫോണ്‍ വെച്ചിരിക്കുന്നതെന്ന് മനസ്സിലായി.
ചിങ്ങവനം പൊലീസില്‍ ഫോണ്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും വന്നില്ല. ഒടുവില്‍ നാട്ടുകാരെ കൂട്ടുപിടിച്ചു. എല്ലാവരും ചേര്‍ന്ന് കെട്ടിടത്തിനുള്ളില്‍ തപ്പിയപ്പോള്‍ കിട്ടിയത് ഗോവിന്ദിന്റെ ഫോണ്‍ ഉള്‍പ്പെടെ ഏഴ് ഫോണുകള്‍.
ഈ സന്ദര്‍ഭത്തില്‍ വീണ്ടും ചിങ്ങവനം പൊലീസിനെ വിളിച്ചപ്പോള്‍ സ്ഥലത്തെത്തി. മോഷ്ടാവിനെക്കുറിച്ച് ഇതുവരെയും വിവരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: