തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റേതാണെന്ന പേരില്‍ പുറത്തുവന്ന കത്തിന്റെ ഒറിജിനല്‍ എവിടെയെന്ന് കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചില്ല. കത്തിന്റെ സ്ക്രീന്‍ ഷോട്ട് മാത്രമാണ് ലഭിച്ചത്. കത്ത് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കത്ത് വ്യാജമാണെന്ന പ്രാഥമിക നിഗമനത്തിനൊപ്പമാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചത്.
കത്ത് വിവാദമാവുകയും ഹൈക്കോടതി വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയതോടെ കേസ് കൈവിട്ട് പോകുമെന്ന വക്കിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതിന്റ ഭാഗമായി മേയര്‍ ആര്യ രാജേന്ദ്രന്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാപ്പന്‍, കോര്പ്പറേഷന് പാര്‍ലമെന്ററി സെക്രട്ടറി ഡി. ആര്. അനില്‍ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കത്ത് വ്യാജമാണെന്ന മൊഴി വിശ്വാസത്തിലെടുത്താണ് ക്രൈംബ്രാഞ്ച് ഇത് വ്യാജമാണെന്ന നിഗമനത്തില്‍ എത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എസ്പി ഉടന്‍ ഡിജിപിക്ക് ശുപാര്‍ശ കത്ത് കൈമാറും.
സംഭവത്തില്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ക്രൈബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്ക്രീന്‍ഷോട്ട് ലഭിച്ചത് അല്ലാതെ ഇതിന്റെ ഉറവിടമോ ഒറിജിനലോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കത്തിന്റെ സ്ക്രീന്‍ ഷോട്ട് മാത്രമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇതിന്റെ ആധികാരികത സംബന്ധിച്ച് ഒരു വ്യക്തതയുംപറയാന്‍ സാധിക്കില്ല. ഒറിജിനല്‍ കത്ത് നശിപ്പിക്കപ്പെട്ടോ എന്ന സംശയവും ക്രൈംബ്രാഞ്ച് പ്രകടിപ്പിച്ചിട്ടുണ്ട്.
കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയാല്‍ മാത്രമേ വ്യാജമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയ ശേഷം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കടക്കം അയക്കേണ്ടതുണ്ട്. അങ്ങനെമാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാക്കാന്‍ കഴിയൂ തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കേസെടുത്ത് വിശദമായ അന്വേഷണത്തിലേക്ക് പോകണം. നിലവില്‍ വിഷയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത്. കത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചാല്‍ മാത്രമേ അത് വ്യാജമാണോ എന്ന് പരിശോധിക്കാന്‍ സാധിക്കൂ. അത് ആരാണ് തയ്യാറാക്കിയത് എന്ന് അറിയണമെങ്കില്‍ കത്ത് കണ്ടെത്തണം. ആ കത്ത് കണ്ടെത്താന്‍ വേണ്ടി പ്രത്യേകം കേസെടുത്ത് വിശദമായ അന്വേഷണം നടത്തണം എന്ന വിലയിരുത്തലിലേക്കാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം എത്തിയിരിക്കുന്നത്.
ആനാവൂര്‍ നാഗപ്പന് ടെലിഫോണിലൂടെ മൊഴി നല്കിയ ആനാവൂരിനെ തത്കാലം നേരിട്ട് കണ്ട് മൊഴിയെടുക്കേണ്ടെന്നുമാണ് അന്വേഷണ സംഘം തീരുമാനമെടുത്തത്. കൂടാതെ സമാനമായ മറ്റൊരു കത്ത് അയച്ച പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി ആര് അനില്‍ ക്രൈംബ്രാഞ്ചുമായി ഇതുവരെ സഹകരിച്ചിട്ടില്ല. ഈ കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മുന്നില്‍ പരാതികളും ഇല്ല. അതേസമയം കത്തിന് പിന്നിലെ അഴിമതി പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം നാളെ കോര്പറേഷന് ജീവനക്കാരുടെ മൊഴിയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: