കൊല്‍ക്കത്ത : രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരെ പരിഹാസ പരാമര്‍ശവുമായി ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഖില്‍ ഗിരി. നമ്മുടെ രാഷ്ട്രപതിയുടെ രൂപം കാണാന്‍ എങ്ങനെയുണ്ടെന്നായിരുന്നു ടിഎംസി നേതാവിന്റെ പ്രസ്താവന. നന്ദിഗ്രാമിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ പരാമര്‍ശം നടത്തുന്നതിനിടെയാണ് അഖില്‍ ഗിരി രാഷ്ട്രപതിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ‘അദ്ദേഹം (സുവേന്ദു അധികാരി) പറയുന്നു, ഞാന്‍ (അഖില്‍ ഗിരി) സുന്ദരനല്ല. ആളുകളുടെ രൂപം നോക്കി ഞങ്ങള്‍ അവരെ വിലയിരുത്താറില്ല. രാഷ്ട്രപതിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. നമ്മുടെ രാഷ്ട്രപതിയുടെ രൂപം എങ്ങനെയാണ്?’ എന്നായിരുന്നു അഖില്‍ ഗിരിയുടെ പാരമര്‍ശം. സംസ്ഥാന വനിതാ ക്ഷേമ വകുപ്പ് മന്ത്രി ശശി പഞ്ചയുടെ സാന്നിധ്യത്തിലാണ് അഖില്‍ ഗിരി ഈ വിവാദ പ്രസ്താവന നടത്തിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ ടിഎംസി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഗോത്ര വിഭാഗത്തില്‍ നിന്നുള്ളയാളാണ്. മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ആദിവാസി വിരുദ്ധരാണെന്നും ബംഗാള്‍ ബിജെപി ഘടകം കുറ്റപ്പെടുത്തി. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷനും ബിജെപി പരാതി നല്കി.
ബംഗാള്‍ മന്ത്രിയുടേത് ഹീനമായ പരാമര്‍ശമാണ്. രാഷ്ട്രപതിയേയും രാജ്യത്തെ 140 കോടി ജനങ്ങളേയും ഭരണ സംവിധാനത്തയും അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് നടത്തിയത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. അതിനിടെ നേതാവിന്റെ പ്രസ്താവന വിവാദമായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: