തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറഷന്‍ കത്ത് വിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് മുമ്പാകെ മൊഴി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പന്‍. എന്നാല്‍ അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍. അനൗദ്യോഗീക വിശദീകരണമാണ് ലഭിച്ചിട്ടുള്ളത്. ഇത് രേഖപ്പെടുത്തണോയെന്നാണ് ആശയക്കുഴപ്പത്തിലാണിപ്പോള്‍ അന്വേഷണ സംഘം.
കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പിലെ താത്കാലിക നിയമനങ്ങള്‍ക്കായി ശുപാര്‍ശയ്‌ക്കായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനായി മേയര്‍ ആര്യ രാജേന്ദ്രന്‍ തയ്യാറാക്കിയെന്ന വിധത്തിലാണ് കത്ത് പുറത്തുവന്നത്. അതുകൊണ്ടു തന്നെ ആര്യ രാജേന്ദ്രനെ കൂടാതെ ആനാവൂര്‍ നാഗപ്പന്റേയും മൊഴി രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയെന്നാണ് ആദ്യം അറിയിച്ചത്. നരിട്ടാണോ മൊഴി നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ നേരിട്ട് മൊഴി നല്‍കിയെന്നും, കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചത്. എഫ്‌ഐആര്‍ ഇട്ടുള്ള അന്വേഷണം വേണ്ടേയെന്ന ചോദ്യത്തിന് അന്വേഷണം എങ്ങനെ വേണമെ്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആനാവൂര്‍ നാഗപ്പന്റെ മൊഴി ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍നിന്ന് പുറത്തുവരുന്ന മറുപടി. അനൗദ്യോഗിക മൊഴി മാത്രമാണ് ലഭിച്ചിട്ടുള്ളത്. മൊഴി രേഖപ്പെടുത്താനായി അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോഴൊക്കെ വിവാദമായ കത്ത് കണ്ടിട്ടില്ലെന്നും മാധ്യമങ്ങളില്‍ പറഞ്ഞതിനപ്പുറം ഒരു വിശദീകരണവും നല്‍കാനില്ല എന്നുമാണ് അനൗദ്യോഗികമായാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇത് മൊഴിയായി രേഖപ്പെടുത്തണോ, ഫോണിലൂടെ നല്‍കിയ മൊഴി എന്ന തരത്തില്‍ നല്‍കണോയെന്നും ക്രൈംബ്രാഞ്ചിനുള്ളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
അതിനിടെ നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തില്‍ നിയമനം നല്‍കാനുള്ള മേയറുടെ പേരിലുള്ള ശുപാര്‍ശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിടുകയായിരുന്നു. ആര്യ രാജേന്ദ്രന്റെ കൂടാതെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനിലിന്റേയും ശുപാര്‍ശ കത്തിലും വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: