ഇടതുമുന്നണി സര്‍ക്കാരിന്റെ കുപ്രസിദ്ധമായ ലൈഫ് മിഷന് പദ്ധതി അവതാളത്തിലായിരിക്കുന്നു. പദ്ധതിക്ക് അപേക്ഷ സമര്‍പ്പിച്ച് ഒരു വീടിനായി കാത്തിരിക്കുന്നവര്‍ തികഞ്ഞ നിരാശയിലാണ്. ഗുണഭോക്താക്കളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിക്കാത്തത് സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയുടെ തെളിവാണ്. സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഗുണഭോക്താക്കളുമായി കരാറൊപ്പുവയ്ക്കാനോ അവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ല. കരാര്‍ ഒപ്പുവയ്ക്കുകയും തറകെട്ടാനുള്ള ആദ്യ ഗഡു അനുവദിക്കുകയും ചെയ്താലല്ലാതെ വീടുപണി തുടങ്ങാനാവില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ യാതൊരു നിര്‍ദേശവുമില്ലാത്തതിനാല്‍ പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന എന്ന കേന്ദ്ര പദ്ധതിയാണ് കേരള സര്‍ക്കാര്‍ ലൈഫ് പാര്‍പ്പിട പദ്ധതിയെന്ന് പേരുമാറ്റിയത്. പദ്ധതിക്കായി വന്‍തോതിലുള്ള പണവും കേന്ദ്രം അനുവദിക്കുന്നുണ്ട്. ഹഡ്കോയില്‍ നിന്ന് വായ്പയെടുത്താണ് കേരളം പദ്ധതിക്കുവേണ്ട സ്വന്തം വിഹിതം കണ്ടെത്തുന്നത്. പുതിയ അപേക്ഷകര്‍ക്ക് ആദ്യ ഗഡു നല്കാന് പോലും ഈ തുക മതിയാവാത്ത സ്ഥിതിയാണ്. ഇതിനാല്‍ മുന്‍ഗണന നിശ്ചയിച്ച് ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഇടതുമുന്നണി സര്‍ക്കാര്‍ എത്ര ജനവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. നിത്യനിദാന ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ട സ്ഥിതിയില്‍ മന്ത്രിമാരും പരിവാരങ്ങളും ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് കൂട്ടത്തോടെ വിദേശയാത്ര നടത്തുന്നതും, ഒരു ജോലി എന്ന ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവുമായി കഴിയുന്ന യുവജനങ്ങളെ വഞ്ചിച്ച് സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കു മാത്രമായി നീക്കിവയ്ക്കുന്നതും ജനദ്രോഹ ഭരണത്തിന്റെ ആര്‍ക്കും നിഷേധിക്കാനാവാത്ത തെളിവുകളാണ്. ഓരോ പദ്ധതിയും പ്രഖ്യാപിക്കുകയും പ്രചാരണത്തിന്റെ പെരുമ്പറ മുഴക്കുകയും ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലത്തെ പ്രളയദുരന്തം മുതല്‍ തുടങ്ങിയതാണിത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. പലപ്പോഴും പാര്‍ട്ടി നേതാക്കളും അവര്‍ക്ക് വേണ്ടപ്പെട്ടവരുമാണ് ഗുണഭോക്താക്കളായത്. സേവാഭാരതിയെപ്പോലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് നിരാശ്രയരായ ജനങ്ങള്‍ക്ക് അത്താണിയായത്. പ്രകൃതിദുരന്തങ്ങള്‍പോലും പാര്‍ട്ടിക്കു പണമുണ്ടാക്കാനുള്ള ഉപാധിയാക്കിയപ്പോള്‍ ഇടതു ഭരണം എല്ലാ അര്‍ത്ഥത്തിലും ജനവിരുദ്ധമായി മാറുകയായിരുന്നു. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇതെല്ലാം ന്യായീകരിക്കാനും പാര്‍ട്ടി നേതാക്കളെ രക്ഷിക്കാനും സര്‍ക്കാര്‍ സംവിധാനം നഗ്നമായി ദുരുപയോഗിച്ചു. ലൈഫ് മിഷന് പദ്ധതിയുടെ കാര്യത്തിലും സംഭവിച്ചത് ഇതാണ്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതിയെ അഴിമതിക്കുള്ള മറയാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ലൈഫ് മിഷന് പദ്ധതിക്കു കീഴില്‍ വടക്കാഞ്ചേരിയിലെ പാര്‍പ്പിട നിര്‍മാണത്തിനായി യുഎഇയിലെ റെഡ്ക്രസന്റ് എന്ന സംഘടനയില്‍നിന്ന് പതിനെട്ടു കോടിയിലേറെ രൂപ വാങ്ങിയെന്നും, ഇതിലൊരു ഭാഗം കോഴയായിരുന്നുവെന്നുമുള്ള കേസ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെയും, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സജീവ പങ്കാളിത്തത്തോടെയുമാണ് ഈ പണമിടപാടു നടന്നതെന്ന് മൊഴിയുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഇതു സംബന്ധിച്ച രഹസ്യചര്‍ച്ച നടന്നതെന്നും സ്വര്‍ണ കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തുകയുണ്ടായി. കേസന്വേഷണം മുന്നോട്ടു പോകുന്നതോടെ മുഖ്യമന്ത്രി പോലും ഇതില്‍ പ്രതിയാവാനുള്ള സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ടാണ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് സമാന്തര അന്വേഷണം നടത്തിച്ച് തെളിവുകള്‍ പിടിച്ചെടുത്തത്. സിബിഐ അന്വേഷണം ചെറുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെടുകയും ചെയ്തു. അഴിമതിക്കുള്ള സാധ്യത ഇല്ലാതായതോടെ ലൈഫ് മിഷന് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുകൊണ്ടാണ് പുതിയ വീടുകള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. തങ്ങള്‍ നടത്തുന്നത് ജനക്ഷേമ ഭരണമാണെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന്റെ മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: