തിരുവനന്തപുരം : സംസ്ഥാനത്തെ വിസിമാരുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് സര്‍വ്വകലാശാല ചാന്‍സിലറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടിയതിന് പിന്നാലെ ഭരണവിഭാഗത്തിലും പിന്‍വാതില്‍ നിയമനങ്ങള്‍ യഥേഷ്ടമെന്ന് ആരോപണം. സര്‍വ്വകലാശാല ഭരണ വിഭാഗത്തില്‍ പിഎസ്സി വഴിയാണ് ജീവനക്കാരെ നിയമിക്കുന്നത്. എന്നിരിക്കേ താത്കാലിക തസ്തിക എന്ന പേരില്‍ ഇടത് ചായ്വുള്ളവരേയും അവര്‍ക്ക് താത്പ്പര്യക്കാരേയും സര്വ്വകശാലകളിലേക്ക് നിയമനം നടത്തുകയാണെന്നും ഫെഡറേഷന് ഓഫ് ഓള് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഡനൈസേഷന്‍ (എഫ്യുഇഒ) ആരോപിച്ചു. ഇത്തരത്തിലുള്ള ബന്ധു- പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഫ്യുഇഒ ചാന്‍സിലര്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.
അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയില്‍ താത്കാലിക അടിസ്ഥാനത്തില്‍ 54 അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫിനെയും 19 ഇ-ഗവേണന്‍സിനെയും അടുത്തിടെ റിക്രൂട്ട് ചെയ്തു. ഇതില്‍ 9 പേര് ഓഫീസ് അറ്റന്‍ഡന്റുമാരും, 4 പേര് ഡ്രൈവര്‍മാരുമാണ്. നിയമനം നേടിയതില്‍ കെടിയു എംപ്ലോയീസ് വൈസ് പ്രസിഡന്റ്, ഇടത് നേതാവിന്റെ ഭാര്യ എന്നിങ്ങനെ ഇടതുപക്ഷ സര്‍ക്കാരിന് താത്പ്പര്യമുള്ളവരെയാണ് ഈ തസ്തികകളിലേക്ക് കുത്തി നിറച്ചിരിക്കുന്നത്.
മെറിറ്റിന്റെയും എഴുത്ത് പരീക്ഷയും അടിസ്ഥാനത്തിലാണ് പൊതുവെ സര്‍വ്വകലാശാലകളിലെ താത്കാലിക തസ്തികകളിലേക്ക് നിയമനം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിത് പൂര്‍ണ്ണമായും അട്ടിമറിച്ച് സിന്‍ഡിക്കേറ്റും സര്‍വകലാശാല അധികൃതരും ചേര്‍ന്നാണ് താത്കാലിക നിയമനങ്ങളെല്ലാം നടത്തുന്നത്. മറ്റ് സര്‍വ്വകലാശാലകളിലെ താത്കാലിക നിയമന രീതിയും ഭിന്നമല്ല. ഇവിടെ സ്ഥിരം ജീവനക്കാരുടെ എണ്ണം വളരെ തുച്ഛമാണ്. അടുത്തിടെ മൂന്ന് ജീവനക്കാര്‍ ഇത്തരം ക്രമക്കേടുകള്‍ രജിസ്ട്രാര്‍ക്ക് മുമ്പാകെ കൊണ്ടുവന്നതിന് സര്‍വകലാശാലയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടെന്നും എഫ്യുഇഒയുടെ പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: