തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് ട്രിപ്പ് ഓടാന്‍ ബസ്സില്ലാതെ കെഎസ്ആര്‍ടിസി. പ്രതിസന്ധി മറികടക്കാന്‍ കാലാവധി തീരാറായ സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി നീട്ടി നല്കി. ഇക്കുറി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്ധനവുണ്ടാകുമെന്ന്് പ്രതീക്ഷിക്കുമ്പോളാണ് ഈ പ്രതിസന്ധി.
കെഎസ്ആര്‍ടിസിക്ക് വന്‍തോതില്‍ വരുമാന ലഭിക്കുന്ന സീസണ് ഓട്ടമാണ് മണ്ഡലകാലം. നിലവിലത്തെ പ്രതിസന്ധി കെഎസ്ആര്‍ടിസിയെ സാരമായി ബാധിക്കും. കെഎസ്ആര്‍ടിസിയിലെ സൂപ്പര്‍ ക്ലാസ് ബസുകളുടെ കാര്യത്തിലാണ് പ്രതിസന്ധി. അടുത്ത ആറ് മാസം കൊണ്ട് 159 സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി അവസാനിക്കും.
സിറ്റി സര്‍ക്കുലറിലേക്കുള്ള ഇലക്ട്രിക് ബസ്സുകള്‍ ഒഴിച്ചാല്‍ അടുത്തൊന്നും പുതിയ ബസുകള്‍ വാങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കാലപ്പഴക്കം ചെന്ന ബസുകളെ നിരത്തിലിറക്കാനുള്ള തീരുമാനം വരുന്നത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് ബസുകളുടെ പെര്‍മിറ്റ് അഞ്ച് വര്‍ഷത്തേക്കാണ് നല്‍കുന്നത്.
പുതിയ ബസുകളൊന്നും വാങ്ങാതെ വന്നപ്പോള്‍ അത് ഏഴ് വര്‍ഷമായും പീന്നീട് ഒന്‍പത് വര്‍ഷമായും സര്‍ക്കാര്‍ ഉയര്‍ത്തി. പ്രതിസന്ധികളും പരിമിതികളും ചൂണ്ടിക്കാട്ടി കാലാവധി പത്ത് വര്‍ഷമായി ഉയര്‍ത്തണമെന്ന് കെഎസ്ആര്‍ടിസി ഗതാഗത വകുപ്പിനോട് അഭ്യര്‍ത്ഥിച്ചത്തിന്റെ ഭാഗമായി എട്ട് വര്‍ഷത്തിന് മുകളിലും പത്ത് വര്‍ഷത്തില്‍ താഴെയും പഴക്കമുള്ള ബസുകളുടെ കാലാവധി പത്ത് വര്‍ഷമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ തീരുമാനം അശാസ്ത്രീയവും പ്രതാഖ്യാതങ്ങള് ഉണ്ടാക്കാവുന്നതുമാണെന്ന് ജീവനക്കാര്‍ക്ക് ഇടയില്‍ വിമര്‍ശനം വര്‍ധിക്കുകയാണ്. അതേസമയം പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികളായെന്നാണ് മാനേജ്മെന്റ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: