കൊല്ലം: തേവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ ഡയറിയില്‍ മാനേജ്‌മെന്റ്-തൊഴിലാളി തര്‍ക്കത്തില്‍ സമരവുമായി ജീവനക്കാര്‍ നിലകൊണ്ടതോടെ പ്രവര്‍ത്തനം അവതാളത്തിലായി. ജീവനക്കാര്‍ക്ക് പഞ്ചിങ് ഏര്‍പ്പെടുത്തിയതുമായി സംബന്ധിച്ച തര്‍ക്കമാണ് മാനേജ്‌മെന്റിന് എതിരെ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ചട്ടപടി സമരം തുടങ്ങിയത്.
സമരത്തെ തുടര്‍ന്ന് പാല്‍ അടക്കമുള്ള മില്‍മ ഉല്‍പന്നങ്ങളുടെ വിതരണം താളം തെറ്റി. ജീവനക്കാര്‍ അധിക ജോലി ചെയ്യുന്നത് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഞ്ചിങ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പഞ്ചിങുമായി സഹകരിക്കില്ലെന്നും അധിക ജോലി ചെയ്യില്ലെന്നുമുള്ള നിലപാടാണ് ജീവനക്കാരുടെ സംഘടനകള്‍ എടുത്തത്. എട്ടു മണിക്കൂര്‍ ജോലി മാത്രം എടുക്കുന്നതോടെ കൃത്യ സമയത്ത് പാലും പാല്‍ ഉല്‍പന്നങ്ങളും വിതരണം ചെയ്യുന്നത് തടസപ്പെട്ടു. പുലര്‍ച്ചെ മൂന്നരയോടെ പുറപ്പെട്ടിരുന്ന പാല്‍ വണ്ടികള്‍ നാലരയോടെ പുറപ്പെടുന്ന അവസ്ഥയായി. ഇത് കാരണം പല സ്ഥലത്തും പാല്‍ കൃത്യസമയത്ത് എത്തിക്കാന്‍ പറ്റാതെയായി.
സമയക്രമം തെറ്റിയത് പാല്‍ എത്തിക്കുന്നതില്‍ കരാര്‍ ഏറ്റെടുത്തവര്‍ക്കും തിരിച്ചടിയായി. താമസിക്കുന്നത് മൂലം ഏജന്‍സികള്‍ പാല്‍ കൂടുതല്‍ ഇറക്കുന്നത് ഒഴിവാക്കും. ഇത് കരാറുകാരുടെയും ജീവനക്കാരുടെയും വരുമാനത്തെ ബാധിക്കും. മുമ്പ് കിലോമീറ്റര്‍ അടിസ്ഥാനത്തിലാണ് കരാര്‍ ഏറ്റെടുത്തിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് മാറി പാല്‍ വിതരണത്തിന്റെ എണ്ണം കണക്കാക്കിയാണ് കരാര്‍ തുക നല്‍കുന്നത്. ലോറി ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ സമയം ആവശ്യമായി വരുന്നതായും പരാതി ഉന്നയിച്ചു.
സമരവും സമയം തെറ്റിയുള്ള വിതരണവും കാരണം മില്‍മ പാലിന്റെയും മറ്റ് ഉല്‍പന്നങ്ങളുടെയും കച്ചവടത്തെയും ബാധിച്ചു. ഇത് സ്വകാര്യ പാല്‍ ഉത്പാദകരെ സഹായിക്കാനാണ് എന്നും ആരോപണമുയര്‍ന്നു. തൊഴിലാളി സംഘടനനേതാക്കളുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സമരം തീര്‍ന്നില്ലെങ്കില്‍ പാല്‍ വിതരണം നിര്‍ത്തിവയ്‌ക്കുമെന്ന് കരാര്‍ ഏറ്റെടുത്തവരും അറിയിച്ചിട്ടുണ്ട്.
ജീവനക്കാരുടെ സമരം കാരണം കരാര്‍ എടുത്തവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നതെന്ന് ബിഎംഎസ് യൂണിയന്‍ അറിയിച്ചു. സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: