Categories: Football

രണ്ടാമനും മൂന്നാമനും…

2018 ലോകകപ്പിലെ റണ്ണേഴ്സപ്പുകളായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവും ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് എഫ്. ഇവര്‍ക്കു പുറമെ കോണ്‍കകാഫ് മേഖലയില്‍ നിന്ന് കാനഡയും ആഫ്രിക്കയില്‍ നിന്ന് മൊറോക്കയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പിലെ കരുത്തര്‍ ക്രൊയേഷ്യയും ബെല്‍ജിയവുമാണെങ്കിലും പോരാട്ടവീര്യത്തിന് പേരുകേട്ടവരാണ് മറ്റ് രണ്ട് ടീമുകളും. ഗ്രൂപ്പിലെ സൂപ്പര്‍ പോരാട്ടം ഡിസംബര്‍ ഒന്നിന്, ക്രൊയേഷ്യയും ബെല്‍ജിയവും തമ്മില്‍.

ക്രൊയേഷ്യ

റഷ്യയില്‍ റണ്ണേഴ്സപ്പായ ക്രൊയേഷ്യയുടെ ആറാം ലോകകപ്പാണിത്. 1998-ല്‍ അവരുടെ ആദ്യ ലോകകപ്പില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു. യോഗ്യതാ റൗണ്ടില്‍ കളിച്ച പത്തില്‍ 7 വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 23 പോയിന്റുമായി ഗ്രുപ്പ് ജേതാക്കളായാണ് ക്രൊയേഷ്യ ഖത്തറിലേക്കെത്തുന്നത്.

മികച്ച താരനിരയാണ് അവരുടെ കരുത്ത്. ലോക ഫുട്ബോളറായ ലൂക്ക മോഡ്രിച്ച് എന്ന മിഡ്ഫീല്‍ഡ് മാന്ത്രികന്റെ ചിറകിലേറി കിരീടം ലക്ഷ്യമിട്ടാണ് അവരുടെ വരവ്. ഒരുപിടി മികച്ച താരങ്ങളും അവര്‍ക്കുണ്ട്. ഇവാന്‍ പെരിസിച്ച്, ആന്‍ഡ്രെ കര്‍മാറിച്ച്, മാഴ്‌സെലോ ബ്രോസോവിച്ച്, മാത്തേയു കൊവാസിച്ച് തുടങ്ങി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരനിര. ഡാല്‍കോ ഡാലിച്ചാണ് പരിശീലകന്‍.

ബെല്‍ജിയം

ഫിഫ റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയം സൂപ്പര്‍ താരങ്ങളുള്ളവര്‍. ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത് 14-ാം തവണ. റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം മികച്ച പ്രകടനം. 1986-ലെ മെക്സിക്കോ ലോകകപ്പില്‍ നാലാം സ്ഥാനവുമുണ്ട്. യോഗ്യതാ റൗണ്ടില്‍ എട്ടില്‍ ആറ് വിജയവും രണ്ട് സമനിലയും നേടിയാണ് ഗ്രൂപ്പ് ഇയില്‍ നിന്ന് കെവിന്‍ ഡി ബ്രൂയന്റെ ബെല്‍ജിയം ഖത്തറിലേക്ക് വരുന്നത്.  

ഈഡന്‍ ഹസാര്‍ഡ്, റൊമേലു ലുകാകു, ഡ്രൈസ് മെര്‍ട്ടന്‍സ്, തിബോട്ട് കുര്‍ട്ടോയിസ്,  യാന്‍ വെര്‍ട്ടോഗന്‍, യാനിക് കരാസ്‌കോ തുടങ്ങി ലോക ഫുട്ബോളിലെ ഒരുപിടി സൂപ്പര്‍ താരങ്ങളുമായി എത്തുന്ന ബെല്‍ജിയം ഇത്തവണ ലക്ഷ്യമിടുന്നത് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമാണ്. സ്പെയ്ന്‍കാരന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസാണ് പരിശീലകന്‍.  

മൊറാക്കോ

ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന മൊറാക്കോയുടെ ആറാം ലോകകപ്പാണിത്. 1986ലെ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നതാണ് മികച്ച നേട്ടം. ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ കോംഗോയെ തകര്‍ത്താണ് ഖത്തറിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്.  

മൊറോക്കോക്കാരന്‍ തന്നെയായ വാലിഡ് റെഗ്രാഗ്യുവാണ് പരിശീലകന്‍. ഹാകിം ഹിയെച്ച്, മുനിര്‍ എല്‍ ഹദാദി, യൂസഫ് എന്‍ നെസ്രി, യാസിനെ ബൗനൗ, യൂനസ് ബല്‍ഹാന്‍ഡ തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍.

കാനഡ

ചരിത്രത്തില്‍ രണ്ടാം തവണയാണ് കാനഡ ലോകകപ്പ് കളിക്കാനെത്തുന്നത്. ആദ്യം കളിച്ചത് 1986-ല്‍. അതിനുശേഷം 36 വര്‍ഷം കാത്തിരുന്നു. ഇത്തവണ കോണ്‍കകാഫ് മേഖലയില്‍ നിന്ന് മെക്സിക്കോയെയും അമേരിക്കയെയും പിന്തള്ളി ഒന്നാം സ്ഥാനക്കാരായാണ് കാനഡ ഖത്തര്‍ ടിക്കറ്റ് നേടിയത്. യോഗ്യതാ റൗണ്ടില്‍ 14 മത്സരങ്ങളില്‍ എട്ട് ജയവും നാല് സമനിലയും രണ്ട് തോല്‍വിയും. ഇംഗ്ലണ്ടുകാരനായ ജോണ്‍ ഹെര്‍ഡ്മാനാണ് പരിശീലകന്‍. ലൂക്കാസ് കവാല്ലിനി, ജൂനിയര്‍ ഹോയിലറ്റ്, സാമുവല്‍ പെയ്റ്റെ, ജോനാഥന്‍ ഒസാറിയോ, ലിയാം ഫ്രേസര്‍, ഡാനിയേല്‍ ഹെന്റി എന്നിവരാണ് ടീമിലെ പ്രമുഖര്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക