മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ഇനി ഒരു മാസം പോലും ഇല്ലാതിരിക്കെ ശബരിമലയിലെ ഒരുക്കങ്ങള്‍ എവിടെയുമെത്തിയിട്ടില്ല. കൊവിഡ് മഹാമാരി ഒഴിഞ്ഞ സാഹചര്യത്തില്‍ ഇക്കുറി ഭക്തജനത്തിരക്ക് വന്‍തോതില്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കേണ്ടിടത്താണ് സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെയും ഭാഗത്തുനിന്നുള്ള ഈ അനാസ്ഥ. മലചവിട്ടാനെത്തുന്ന അയ്യപ്പന്മാര്ക്ക് വിരിവയ്ക്കല്‍, കുടിവെള്ളം, അന്നദാനം, ശൗചാലയം, ചികിത്സ തുടങ്ങിയവയ്ക്ക് മതിയായ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഇക്കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്ത ഗോപന് നിവേദനം നല്കുകയുണ്ടായി. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ച് തീര്‍ത്ഥാടനം സുഗമമാക്കിത്തീര്‍ക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവരില്‍നിന്ന് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് ഭക്തജനങ്ങള്‍ക്കും അയ്യപ്പന്മാര്‍ക്കുമുള്ളത്. ഹിന്ദുഐക്യവേദിയുടെ ഒരു പ്രതിനിധി സംഘം ശബരിമല ക്ഷേത്രസങ്കേതം സന്ദര്‍ശിച്ച് പ്രശ്നങ്ങളും സാഹചര്യവും മനസ്സിലാക്കിയിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്, സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത് എന്നു കാണിച്ചുകൊണ്ടുള്ള നിവേദനം ദേവസ്വം ബോര്‍ഡിനു നല്‍കിയത്. ഭക്തജനങ്ങളുടെ മനസ്സിലുള്ളതും, അവര്‍ പറയാന്‍ ആഗ്രഹിക്കുന്നതുമായ കാര്യങ്ങളാണ് നിവേദനത്തില്‍ അക്കമിട്ടു നിരത്തിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ മുഖവിലയ്ക്കെടുത്ത് അധികൃതര്‍ നടപടികളെടുക്കുമെന്ന് ഹിന്ദു സംഘടനകള്‍ കരുതുന്നു.
ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. കോടിക്കണക്കിന് അയ്യപ്പന്മാരാണ് മണ്ഡലമകരവിളക്കു കാലത്ത് രാജ്യത്തിന്റെ വിദൂര കോണുകളില്‍നിന്നും വിദേശരാഷ്ട്രങ്ങളില്‍നിന്നും ഇരുമുടിക്കെട്ടുകളും ശരണമന്ത്രങ്ങളുമായി മലചവിട്ടാനെത്തുന്നത്. ഇവരില്‍നിന്ന് കോടാനുകോടി രൂപയാണ് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ലഭിക്കുന്നത്. ഈ വരുമാനം തന്നിഷ്ടപ്രകാരം ചെലവഴിക്കുന്നതല്ലാതെ ശബരിമലയുടെ ശരിയായ വികസനത്തിനും അയ്യപ്പന്മാരുടെ സൗകര്യത്തിനും വിനിയോഗിക്കാനുള്ള താല്‍പ്പര്യം അധികൃതര്‍ കാണിക്കാറില്ല. അയ്യപ്പന്മാരെ പലതരത്തില്‍ ചൂഷണം ചെയ്യാനും, അവരെ ദുരിതത്തിലാഴ്ത്താനുമുള്ള നടപടികളാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. ഹൈന്ദവ സംഘടനകള്‍ വിമര്‍ശിക്കുകയും, കോടതികള്‍ വിധി പറയുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ അഭാവം പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. ശബരിമലയിലെത്തുന്ന ആര്‍ക്കും അവിടുത്തെ അസൗകര്യങ്ങളും ശോചനീയമായ ചുറ്റുപാടുകളും ബോധ്യപ്പെടും. ദേവസ്വം ബോര്‍ഡ് പക്ഷേ കണ്ണടച്ചിരുട്ടാക്കും. തീര്‍ത്ഥാടനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനു പകരം ഹെലിപ്പാഡ്, വിമാനത്താവളം, റോപ്വേ എന്നിങ്ങനെ കോടികള്‍ മറിയുന്ന പദ്ധതിയിലാണ് അധികൃതരുടെ കണ്ണ്. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെയുള്ള ഇത്തരം വികസനങ്ങള്‍ കൊണ്ടുവരുന്നതിനു പിന്നിലെ സ്ഥാപിത താല്‍പ്പര്യം എന്താണെന്ന് ആരെയും പ്രത്യേകം പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ.
നിരീശ്വരവാദികള്‍ നയിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത്. ക്ഷേത്രങ്ങള്‍ക്കും ഭക്തജനങ്ങള്‍ക്കും അവര്‍ അടിസ്ഥാനപരമായി എതിരാണ്. പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ ട്രാക് റെക്കോര്‍ഡ് കുപ്രസിദ്ധവുമാണ്. യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിലും മറ്റിടങ്ങളിലും പോലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും ഉപയോഗിച്ച് നടത്തിയ അക്രമവും അടിച്ചമര്‍ത്തലുകളും ആരും മറന്നിട്ടില്ല. അതിന്റെ പേരില്‍ ഇന്നും വേട്ടയാടല്‍ തുടരുകയാണ്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയിട്ടുപോലും നിലപാട് മാറ്റാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. നിഷേധാത്മകമായ ഈ സമീപനം തന്നെയാണ് ശബരിമലയില്‍ അയ്യപ്പന്മാര്ക്ക് സൗകര്യങ്ങളേര്‍പ്പെടുത്തുന്ന കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചെറുവാഹനങ്ങളെ പമ്പയില്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കാത്തതും, നിരവധി സംഘടനകള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും അന്നദാനത്തിന് അനുവാദം നല്‍കാതെ ഹോട്ടലുകള്‍ക്ക് ചൂഷണം ചെയ്യാന്‍ അവസരമൊരുക്കുന്നതും മാത്രം മതി ഇതിന് തെളിവായി. തീര്‍ത്ഥാടകരോട് ചില പോലീസുകാര്‍ കാണിക്കുന്ന ശത്രുതാപരമായ മനോഭാവത്തിന് വളംവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ ജനസംഖ്യയുടെ ഇരട്ടിയോളം അയ്യപ്പന്മാര് വന്നുചേരുന്ന ഇടമാണ് ശബരിമല. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാത്രമായി ഇവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു. രാഷ്ട്രീയം മാറ്റിവച്ച് ഹൈന്ദവ സംഘടനകളുമായി സഹകരിച്ച് തീര്‍ത്ഥാടനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: