രണ്ട് മുന്‍ ലോക ചാമ്പ്യന്മാര്‍ അടങ്ങുന്നതാണ് ഇ ഗ്രൂപ്പ്. നാല് തവണ കിരീടം നേടിയ ജര്‍മനിയും ഒരിക്കല്‍ ചാമ്പ്യന്മാരായ സ്പെയ്‌നും.
ഏഷ്യന്‍ കരുത്തരായ ജപ്പാനും കോണ്‍കകാഫ് മേഖലയില്‍ നിന്നുള്ള കോസ്റ്ററിക്കയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ കടുപ്പമേറിയ ഗ്രൂപ്പ്. നവംബര്‍ 27നാണ് ഗ്രൂപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ജര്‍മനിയും സ്പെയ്‌നും ഏറ്റുമുട്ടുക.
ജര്‍മനി
പതിനഞ്ച് വര്‍ഷം പരിശീലിപ്പിക്കുകയും 2014-ല്‍ ലോകകപ്പ് വിജയത്തിന് തന്ത്രങ്ങള്‍ മെനയുകയും ചെയ്ത പരിശീലകന്‍ ജോക്വിം ലോയുടെ അഭാവത്തില്‍ പരിശീലകനായ ഹാന്‍സി ഫ്ളിക്കിനു കീഴിലാണ് ഇത്തവണ ജര്‍മനി ഖത്തറില്‍ പന്തുതട്ടാനിറങ്ങുന്നത്. നാല് തവണ കിരീടം നേടിയ ജര്‍മനി നാല് തവണ റണ്ണേഴ്സപ്പും മൂന്ന് തവണ മൂന്നാം സ്ഥാനക്കാരുമായി. 2014-ല്‍ ജേതാക്കളായ ടീം 2018-ല്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി.
ലോക ഫുട്ബോളിലെ കരുത്തരുടെ നിരയിലാണ് ജര്‍മനിയുടെ പേരെങ്കിലും ഇടയ്‌ക്ക് നിറംമങ്ങുന്നത് പലപ്പോഴും തിരിച്ചടിയാകുന്നു. ഇത്തവണ അവര്‍ മികച്ച ഫോമിലാണ്. യോഗ്യതാ റൗണ്ടിലെ പത്ത് കളികളില്‍ ഒന്‍പതിലും വിജയിച്ചപ്പോള്‍ തോല്‍വി വഴങ്ങിയത് ഒന്നില്‍ മാത്രം. യോഗ്യത നേടിയ ശേഷം സൗഹൃദത്തിലും യുവേഫ നേഷന്‍സ് ലീഗിലുമായി ജര്‍മനി കളിച്ച എട്ട് കളികളില്‍ രണ്ടില്‍ മാത്രമേ ജയിക്കാനായുള്ളൂ. അഞ്ച് കളികള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒന്നില്‍ തോറ്റു. തോമസ് മുള്ളര്‍ എന്ന ലോകോത്തര സ്ട്രൈക്കര്‍ നയിക്കുന്ന ടീമില്‍ ടിമോ വെര്‍നര്‍, ലിറോയ് സാനെ, സെര്‍ജി നാബ്രി, യുവതാരം ജമാല്‍ മുസിയാല, ജോഷ്വ കിമ്മിച്ച്, മാനുവല്‍ ന്യുയര്‍ പ്രധാന താരങ്ങള്‍.
സ്പെയ്ന്‍
2010-ല്‍ ടിക്കിടാക്ക ശൈലിയിലൂടെ ലോകകപ്പ് സ്വന്തമാക്കിയ സ്പെയ്ന്‍ തൊട്ടടുത്ത ബ്രസീല്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റു മടങ്ങി. കഴിഞ്ഞ തവണ പ്രീ ക്വാര്‍ട്ടറിനപ്പുറം കടക്കാനുമായില്ല. പക്ഷേ ഖത്തറിലേക്ക് എത്തുന്നത് പുത്തന്‍ ഉണര്‍വുമായാണ്. ഇനിയെസ്റ്റ, സാവി തുടങ്ങിയ താരങ്ങളുടെ വിരമിക്കലിനു ശേഷം ദുര്‍ബലമായിപ്പോയ സ്പാനിഷ് ടീം ഇന്ന് കരുത്തുറ്റ ടീമായി മാറി.
ടിക്കി ടാക്കയ്‌ക്ക് പുതിയ വ്യാഖ്യാനവുമായി അവര്‍ വരുന്നു. പെഡ്രിയും ഫെറാന്‍ ടോറസും ബുസ്‌കറ്റസും മൊറാട്ടേയും ജോര്‍ഡി ആല്‍ബയും ഡാനി കര്‍വാജലും അന്‍സു ഫാറ്റിയുമടങ്ങുന്ന ടീം മികച്ച ഫോമിലാണ്. 2021ലെ നേഷന്‍സ് ലീഗില്‍ ഫൈനലിലെത്തിയത് അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതിഫലനം. പരിശീലകന്‍ ലൂയിസ് എന്റിക്വെ ഒരുക്കുന്ന ടീം യുവത്വവും പരിചയസമ്പന്നതയും നിറഞ്ഞത്. ഇത്തവണ 16-ാം ലോകകപ്പാണിത്. 2010-ലെ കിരീടധാരണത്തിന് മുന്‍പ് 1950-ല്‍ നാലാം സ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം. യൂറോ കപ്പില്‍ മൂന്ന് തവണയും മുത്തമിട്ടിട്ടുണ്ട്.
ജപ്പാന്‍
ലോകകപ്പിനായി ആദ്യം ഖത്തറിലെത്തിയ ടീമാണ് ജപ്പാന്‍. കഴിഞ്ഞ ദിവസമാണ് അവര്‍ ഖത്തറില്‍ വിമാനമിറങ്ങിയത്. പോരാട്ടവീര്യത്തിന് പേരുകേട്ട ജപ്പാന് അറബി മണ്ണിലെ ആദ്യ ലോകകപ്പില്‍ കരുത്ത് തെളിയിക്കാനുണ്ട്.
എഎഫ്സി യോഗ്യതയുടെ രണ്ടാം റൗണ്ടില്‍ എട്ട് കളികളും ജയിച്ച ജപ്പാന്‍ മൂന്നാം റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ സൗദിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഖത്തര്‍ ടിക്കറ്റ് എടുത്തത്. പത്ത് കളിയില്‍ ഏഴ് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും. 1998-ല്‍ ആദ്യ ലോകകപ്പ് കളിക്കാനിറങ്ങിയ ജപ്പാന്‍ തുടര്‍ന്നുള്ള എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലും പന്തുതട്ടി. 2002, 2010, 2018 ലോകകപ്പുകളില്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തിയത് മികച്ച പ്രകടനം. ഏഷ്യന്‍ കപ്പില്‍ നാല് തവണ ചാമ്പ്യന്മാരായ അവര്‍ നിലവിലെ റണ്ണേഴ്‌സപ്പുമാണ്. യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്ന ഒരുപിടി താരങ്ങളാണ് അവരുടെ കരുത്ത്. റയല്‍ സോസിഡാഡിന്റെ വിങ്ങര്‍ ടകേഫുസ കുബോ, ആഴ്സണലിന്റെ ടകേഹിരോ ടോമിയാസു, മുന്‍ ലിവര്‍പൂള്‍ താരം ടകോമി മിനാമിനോ, സെല്‍റ്റിക്കിന്റെ ഡെയ്സന്‍ മെഡ, സ്റ്റുട്ട്ഗര്‍ട്ടിന്റെ ഹിരോകി ഇറ്റോ തുടങ്ങിയവരുടെ സാന്നിധ്യമാണ് ജപ്പാന്റെ ആത്മവിശ്വാസത്തിന് കാരണം. 2018 മുതല്‍ ഹജിമെ മോറിയാസുവാണ് ടീമിന്റെ പരിശീലകന്‍.
കോസ്റ്റാറിക്ക
കോണ്‍കാകാഫ് മെഖലയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ലോകകപ്പിനെത്തിയ ടീമാണ് കോസ്റ്റാറിക്ക. പ്ലേഓഫില്‍ ന്യൂസിലന്‍ഡിനെ 1-0നു മറികടന്നാണ് കോസ്റ്റാറിക്കയുടെ വരവ്. അവരുടെ ആറാം ലോകകപ്പാണിത്. 2014-ല്‍ ക്വാര്‍ട്ടറില്‍ കടന്നത് മികച്ച നേട്ടം. 2018ലെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.
ജോയല്‍ കാംപെല്‍, സെലോ ബോര്‍ഹസ്, കെയ്ലര്‍ നവാസ്, ബ്രയാന്‍ റൂയിസ് തുടങ്ങിയവരായിരിക്കും ടീമിലെ പ്രധാനികള്‍. അറ്റാക്കിങ് ഫുട്ബോള്‍ കളിക്കുന്ന കോസ്റ്റാറിക്ക മുന്‍നിര ടീമുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തും. ലൂയിസ് ഫെര്‍ണാണ്ടോ സുവാരസാണ് പരിശീലകന്‍.
മത്സരക്രമം
നവം. 23 ജര്‍മനി-ജപ്പാന്‍
സ്പെയ്ന്‍-കോസ്റ്ററിക്ക
നവം. 27 ജപ്പാന്‍-കോസ്റ്ററിക്ക
സ്പെയ്ന്‍-ജര്‍മനി
ഡിസം. 1 ജപ്പാന്‍-സ്പെയ്ന്‍
കോസ്റ്ററിക്ക-ജര്‍മനി
പ്രതികരിക്കാൻ ഇവിടെ എഴുതുക: