കൊച്ചി : ചട്ട വിരുദ്ധമായി സര്‍വ്വകലാശാലകളില്‍ നിയമനം നേടിയതുമായി ബന്ധപ്പെട്ട് വിസിമാര്‍ക്കെതിരെയുള്ള നടപടി ഹൈക്കോടതി തടഞ്ഞു. ഗവര്‍ണര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെയുള്ള ഹര്‍ജിയില്‍ അന്തിമ വിധിയുണ്ടാകുന്നത് വരെ നടപടി സ്വീകരിക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
വിസിമാര്‍ യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് നിയമനം നേടിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതിനെതിരെ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം അറിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ എല്ലാ വിസിമാരും ഗവര്‍ണര്‍ക്ക് മറുപടി നല്കി കഴിഞ്ഞു. എന്നാല്‍ ഇവര്‍ക്കുള്ള മറുപടി സത്യവാങ്മൂലം നല്കാന് മൂന്ന് ദിവസം സമയം വേണമെന്നും ഗവര്‍ണറുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു.
ഗവര്‍ണറുടെ മുന്നില്‍ പേഴ്സണല്‍ ഹിയറിങ്ങിന് പോകണോയെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. തനിക്ക് പോകാന്‍ താല്‍പ്പര്യം ഇല്ലെന്നും ഗവര്‍ണര്‍ തന്നെ ക്രിമിനല്‍ എന്ന് ഗവര്‍ണര്‍ വിളിച്ചെന്നും വിസിമാരുടെ അഭിഭാഷകന് പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ കോടതിക്ക് പുറത്ത് പറഞ്ഞാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും അതുവരെ നടപടി സ്വീകരിക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സാങ്കേതിക സര്‍വകലാശാലയില്‍ (കെടിയു) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയ വിസി നിയമനത്തിന് സ്റ്റേ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടാകില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ ഒഴിവില്‍ മറ്റേതെങ്കിലും വിസിക്കോ കെടിയു പ്രോ വിസിക്കോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കോ ആണ് ചുമതല കൈമാറേണ്ടതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: