ഒറ്റപ്പാലം: കിന്‍ഫ്രപാര്‍ക്കിലെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ഇബി തടസം സൃഷ്ടിക്കുന്നതായി പരാതി. പ്രവൃത്തി ദിവസങ്ങളില്‍ പൂര്‍ണമായും വൈദ്യുതി ലഭിക്കുന്നില്ല.വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയങ്ങളില്‍ വൈദ്യുതി തടസ്സം സൃഷ്ടിക്കുന്നതായി വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ കിഫോയാണ് പരാതി ഉന്നയിച്ചത്.മുടക്കം കൂടാതെ വൈദ്യുതി ലഭിച്ചെങ്കില്‍ മാത്രമേ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. അറ്റകുറ്റപ്പണികള്‍ ഒഴിവ് ദിവസങ്ങളിലേക്ക് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതിന് മുമ്പ് സംഘടനാപ്രതിനിധികളുമായി കൂടിയാലോചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിലവില്‍ 24 വ്യവസായ സ്ഥാപനങ്ങളാണ് കിന്ഫ്രയിലുളളത്. ഇതില്‍ 17 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസം വൈദ്യുതി മുടങ്ങുമ്പോള്‍18 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിക്കുന്നതായി കിഫോ പ്രസിഡന്റ് മനോജ് കാര്ത്തികേയന് പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടിട്ടും അനുകൂലമായി തീരുമാനം ഉണ്ടായില്ല. ഇതുസംബന്ധിച്ച് വൈദ്യുതി, വ്യവസായ വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്‍കുമെന്നും സംഘടനാപ്രതിനിധികള്‍ അറിയിച്ചു.
അതേസമയം എച്ച്ടി ലൈനുകളിലെ അറ്റകുറ്റപണികള്‍ ഈ മാസത്തിനകം തീര്‍ക്കണമെന്ന് നിര്‍ദേശമുണ്ട്. വൈദ്യുതി തടസം നേരിടുമെന്ന് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നതാണ്. ഇനി മുതല്‍ കിന്‍ഫ്ര പാര്‍ക്കിലേക്കുള്ള വൈദ്യുതി മുടങ്ങാതിരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും കെഎസ്ഇബി ലക്കിടി സെക്ഷന്‍ എഇ കെ. ഉണ്ണികൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: