ന്യൂദല്‍ഹി : സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഗിനിയയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നാവികരെ ജയിലിലേക്ക് മാറ്റി. കപ്പലില്‍ ഉണ്ടായിരുന്ന വിസ്മയയുടെ സഹോദരന് വിജിത്ത് ഉള്‍പ്പടെയുള്ളവര്‍ പുറത്തുവിട്ട വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ ജയിലിലേക്ക് മാറ്റിയെന്നും ആയുധ ധാരികളായ പട്ടാളക്കാരെ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 പേരാണുള്ളത്. ഇവരില്‍ പതിനാറ് പേര് ഇന്ത്യക്കാരാണ്. ജയിലിലേക്ക് മാറ്റപ്പെട്ട തങ്ങള്‍ സുരക്ഷിതര്‍ അല്ലെന്നും ഭക്ഷണവും വെള്ളവും പോലും ഇല്ലെന്നും ഇവര്‍ അറിയിച്ചു.
അതിനിടെ കപ്പലില്‍ നിന്നും അറസ്റ്റ് ചെയ്ത മലയാളി ചീഫ് ഓഫീസറെ തിരിച്ച് കപ്പലില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം എക്വറ്റോറിയല്‍ ഗിനി നേവി അറസ്റ്റ് ചെയ്ത സനു ജോസിനെയാണ് തിരികെ എത്തിച്ചത്. നിലവില്‍ കപ്പലിന് 24 നോട്ടിക്കല്‍ മൈല്‍ അകലെയായി നൈജീരിയന്‍ നേവി നില ഉറപ്പിച്ചിരിക്കുകയാണ്. ആശങ്കയുള്ള സാഹചര്യമാണ് ഉള്ളത്. കസ്റ്റഡിയില്‍ എടുത്തിട്ടുള്ള കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്ന് ഗിനി വൈസ് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 20 ലക്ഷം ഡോളര്‍ ഗിനി പിഴ ഈടാക്കിയിട്ടുണ്ട്. കപ്പലിന്റെ നിയന്ത്രണവും ഗിനി സൈന്യം ഏറ്റെടുത്തിരിക്കുകയാണ്.
എന്നാല്‍ തടവില്‍ കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ജീവനക്കാര്‍ തടവിലായ ഓഗസ്റ്റ് മുതല്‍ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ട്. തടവില്‍ കഴിയുന്ന ജീവനക്കാരെ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഗിനിയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: