കാസര്‍കോട്: അംഗീകാരമില്ലാത്ത കോഴ്സ് പഠിച്ചവര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കാനുള്ള നീക്കം വിവാദമാകുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് സിപിഎമ്മുകാരായ 20 പേരെ നിയമിക്കാന്‍ ശിപാര്‍ശ ചെയ്തത്. മതിയായ യോഗ്യതയും പിഎസ്സി അംഗീകാരമില്ലാത്ത കോഴ്സ് പഠിച്ച വരെയാണ് ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായി നിയമിക്കാന്‍ നീക്കം നടക്കുന്നത്. ഇതില്‍ ഭരണകക്ഷി എംഎല്‍എയുടെ ബന്ധു, സിപിഎം നേതാക്കളുടെ അടുത്ത ബന്ധത്തില്പെട്ടവരായ രണ്ടു പേരും ഉള്‍പ്പെടുന്നു.
ജില്ലയിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ദയാബായിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ അനിശ്ചിതകാല സത്യാഗ്രഹത്തെ തുടര്‍ന്ന് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കാല പരിചയം ഉണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയാണ് സിപിഎമ്മുകാരായ 20 പേരെ നിയമിക്കുന്നത്.
പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറുടെ നേതൃത്വത്തിലാണ് അനര്‍ഹര്‍ യോഗ്യരാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഈ റിപ്പോര്‍ട്ട് ഡിഎംഒ ജില്ലാ കലക്ടര്‍ക്ക് കൈമാറുകയായിരുന്നു. സാമുഹികനീതി വകുപ്പിന്റെ ശിപാര്‍ശയോടെ ജില്ലാ കലക്ടര്‍ ലിസ്റ്റ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അയച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് ഒപ്പിട്ടാല്‍ നിയമന ഉത്തരവ് ലഭിക്കും. ബല്‍ഗാമിലെ ഒരു സ്ഥാപനത്തില്‍ നിന്നാണ് ഇവര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ കേരള പിഎസ്സി ഈ കോഴ്സിനെ അംഗീകരിച്ചിട്ടില്ല. മുന്‍ കാലങ്ങളില്‍ ഇവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തിച്ചതായി വ്യാജരേഖയും ചമച്ചിട്ടുണ്ട്. ഇതിന് ഡിഎംഒ അടക്കം കൂട്ടുനിന്നതായി ആക്ഷേപമുണ്ട്.
നോട്ടിഫിക്കേഷന്‍ പോലുമില്ലാതെ പുറംവാതിലിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളുടെ ബന്ധുക്കളെയും തിരുകി കയറ്റാന്‍ നടത്തുന്ന നീക്കം തൊഴിലന്വേഷിക്കുന്ന യുവാക്കളോടുള്ള വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യോഗ്യതയില്ലാതെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന നിയമനത്തിനെതിരെ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: