ഷിംല: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി 26 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഹിമാചല്‍ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് വലിയ അടിയായി. നവംബര്‍ 12 നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിന്റെയും തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ബിജെപിയുടെ സുധന്‍ സിംഗിന്റെയും സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ ബി.ജെ.പിയിലേക്കെത്തിയ നേതാക്കളെ സ്വാഗതം ചെയ്തു. പാര്‍ട്ടിയുടെ ചരിത്ര വിജയത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നായിരുന്നു ജയറാം ഠാക്കൂറിന്റെ പ്രതികരണം. ഷിംലയിലെ ബിജെപി സ്ഥാനാര്‍ത്ഥി സഞ്ജയ് സൂദും കോണ്‍ഗ്രസ് നേതാക്കളെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍, മുന്‍ സെക്രട്ടറി ആകാശ് സൈനി, മുന്‍ കൗണ്‍സിലര്‍ രാജന്‍ താക്കൂര്‍, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മേത്ത, മെഹര്‍ സിംഗ് കന്‍വാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നേഗി, ജയ് മാ ശക്തി സോഷ്യല്‍ സംസ്ഥാന പ്രസിഡന്റ് ജോഗീന്ദര്‍ ഠാക്കൂര്‍ എന്നിങ്ങനെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളടക്കം 26 പേരാണ് ബിജെപിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: