വി.കെ.സന്തോഷ് കുമാര്‍
ഭൂതകാലത്തിന്റെ ഗരിമയും മഹത്വവും ഉദ്‌ഘോഷിച്ചുകൊണ്ട് വര്‍ത്തമാനകാലത്ത് ശേഷിക്കുന്ന ചരിത്രാവശിഷ്ടങ്ങളാണ് സ്മാരകങ്ങള്‍ എന്ന ഗണത്തില്‍പ്പെടുന്നത്. ഗതകാലത്തിലെ വ്യക്തികളും സംഭവങ്ങളും വര്‍ത്തമാനകാലത്ത് നമ്മോട് സംസാരിക്കുന്നത് പ്രധാനമായും ചരിത്രസ്മാരകങ്ങളിലൂടെയാണ്. ഭൂതകാലത്തെ വര്‍ത്തമാനകാലത്തിന് പരിചയപ്പെടുത്തി ഭാവിയിലേക്ക് തുറക്കുന്ന വാതിലുകളാണ് ഓരോ സ്മാരകവും എന്ന് നിസംശയം പറയാം.
പൈതൃകസ്മരണ നിലനിര്‍ത്തുകയും അനന്തര തലമുറകള്‍ക്ക് പരിചയപ്പെടുത്തുകയുമാണ് ഓരോ സ്മാരകവും നിര്‍വഹിക്കുന്ന ദൗത്യം. അതുകൊണ്ടുതന്നെ ഒരു സ്മാരകവും നോക്കുകുത്തിയോ കല്‍പ്രതിമയോ വെറും കെട്ടിടമോ അല്ലെന്നും എല്ലാ സ്മാരകങ്ങളും ജൈവികമായ അടയാളങ്ങളാണെന്നും പറയാം. മാത്രമല്ല ഓരോ സ്മാരകവും പൈതൃകത്തിന്റെ വേരുകളാണ്. കെട്ടിടങ്ങള്‍, ശില്പങ്ങള്‍, ഗ്രന്ഥങ്ങള്‍, നാണയങ്ങള്‍, കുടീരങ്ങള്‍, പേരുകള്‍ തുടങ്ങിയ ചരിത്രശേഷിപ്പുകള്‍ പഠനവിധേയമാക്കുന്നതിലൂടെ പൂര്‍വ്വകാലത്തെ അറിയാനും അഭിമാനം കൊള്ളാനും സാധിക്കുന്നു.
തകര്‍ക്കപ്പെട്ട പൈതൃകങ്ങള്‍ വേരറുക്കപ്പെട്ട ജനതയെ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. ലോകചരിത്രത്തില്‍ അതിനുള്ള ദൃഷ്ടാന്തങ്ങള്‍ നിരവധിയുണ്ട്. അധിനിവേശത്തിന്റെ പുത്തന്‍കൂറ്റുകാര്‍, കീഴടക്കിയ പ്രദേശത്തിന്റെ സാംസ്‌കാരികമായ ശേഷിപ്പുകള്‍ തകര്‍ത്തത് പൈതൃകത്തിന്റെ വേരറുക്കപ്പെട്ട ജനതയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്. പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കാന്‍ നമുക്ക് കരുത്ത് നല്‍കുന്നതാണ് പൈതൃകസ്മരണകള്‍. അതുകൊണ്ട് ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകേണ്ടതില്ല.
നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഓരോ വ്യക്തികളും സ്മരിക്കപ്പെടണം. അവരുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളും വിസ്മൃതിയിലാവാന്‍ പാടില്ലാത്തതാണ്. അത്തരം സ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രയും അനുസ്മരണവും പിന്മുറക്കാര്‍ ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യുന്നത് പൂര്‍വികരോടുളള കടപ്പാട് നിര്‍വഹിക്കലുമാണ്.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ സമുജ്വലമായ ഏടാണ് പഴശ്ശിരാജാവിന്റെ നേതൃത്വത്തില്‍ മലബാറിന്റെ ഭാഗമായിരുന്ന വയനാട്ടില്‍ നടന്നത്. ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1857ലെ മഹത്തായ വിപ്ലവത്തിനും അരനൂറ്റാണ്ട് മുമ്പാണ് ഈ ബ്രിട്ടീഷ് അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ നടന്നത്. പഴശ്ശി യുദ്ധങ്ങളുടെയും അതില്‍ പങ്കാളികളായ ധീര പോരാളികളുടെയും സ്മരണകള്‍ ജ്വലിക്കുന്ന മണ്ണിലൂടെയുള്ള ഒരു അന്വേഷണമാണ് ഇവിടെ നടത്തുന്നത്. അതില്‍ അവരുടെ തറവാട്, ജന്മദേശം, പോരാട്ടങ്ങള്‍ക്ക് പ്രചോദനമായ പ്രദേശങ്ങള്‍, പോരാട്ടം നടന്ന സ്ഥലങ്ങള്‍, വീരമൃത്യു വരിച്ച പ്രദേശം എന്നിവ ഉള്‍പ്പെടുന്നു.
പഴശ്ശി കുടീരം
വീരകേരളവര്‍മ്മ പഴശ്ശിരാജ വീരമൃത്യു വരിച്ചത് 1805 നവംബര്‍ 30ന് വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്തുള്ള മാവിലാംതോടില്‍ വെച്ചാണ്. അവിടെ നിന്നും 40 കിലോമീറ്റര്‍ മാറി മാനന്തവാടിയിലാണ് പഴശ്ശിരാജാവിന്റെ ഭൗതികശരീരം സംസ്‌കരിച്ചത്. രാജകീയമായ രീതിയില്‍ പല്ലക്കിലേററി പുല്‍പ്പള്ളിയില്‍ നിന്നും മാനന്തവാടിയില്‍ എത്തിച്ച് അവിടെ ഉപചാരപൂര്‍വ്വം പഴശ്ശി രാജാവിന്റെ ഭൗതികശരീരം സംസ്‌കരിച്ചത് ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹത്തോടുള്ള ആദരവ് കൊണ്ടായിരുന്നില്ല. മറിച്ച് ജനകീയവിപ്ലവകാരിയായ പഴശ്ശിയുടെ ഭൗതിക ദേഹത്തെ അനാദരിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഭയന്നിട്ട് മാത്രമാണ്.
കബനിയുടെ കൈവഴിയായ മാനന്തവാടിപ്പുഴയുടെ ഓരത്താണ് പഴശ്ശി കുടീരം സ്ഥിതി ചെയ്യുന്നത്. ആശുപത്രി മാലിന്യങ്ങള്‍ തള്ളുന്ന കേന്ദ്രമായിരുന്നു ഒരുകാലത്ത് പഴശ്ശിസ്മൃതി കുടീരം. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്ഷീണമായ പ്രയത്‌നത്തിന്റെ ഫലമായാണ് അവിടെ ശുചീകരണം നടന്നതും അനുസ്മരണ പരിപാടികള്‍ ആരംഭിച്ചതും. പൈതൃക സംരക്ഷണത്തിനും പഴശ്ശിക്കും എതിരായിരുന്നു അന്ന് മുഖ്യധാരാരാഷ്‌ട്രീയ പാര്‍ട്ടികളെല്ലാം. എന്നാല്‍ പിന്നീട് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയും അവിടെ സ്മാരക മണ്ഡപം ഉയരുകയും ചെയ്തു. ഇപ്പോള്‍ പഴശ്ശി രാജാവിന്റെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലത്ത് കല്‍മണ്ഡപവും അതിനു താഴെയായി മ്യൂസിയവും നിര്‍മ്മിച്ചിട്ടുണ്ട്. വയനാട്ടില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങളെക്കുറിച്ച് അറിവ് നല്‍കുന്ന കേന്ദ്രമായി അതിനെ ഉയര്‍ത്തണം എന്ന ആവശ്യം ശക്തമാണ്.
*തലക്കര ചന്തു സ്മൃതി മണ്ഡപം
പഴശ്ശിരാജാവിന്റെ പടത്തലവനായ തലക്കര ചന്തുവിനെ പുല്‍പ്പള്ളിക്കടുത്തുള്ള മാവിലാംതോട്ടില്‍ വച്ച് ബ്രിട്ടീഷുകാര്‍ ജീവനോടെ പിടികൂടുകയായിരുന്നു. അതിക്രൂരമായി പീഡിപ്പിച്ചു വന്യമൃഗത്തെയെന്നപോലെ കൂട്ടിലടച്ചാണ് ചന്തുവിനെ ബ്രിട്ടീഷുകാര്‍ 25 കിലോമീറ്റര്‍ ദൂരെയുളള പനമരത്ത് എത്തിച്ചത്. 1805 നവംബര്‍ 15ന് പനമരം കോട്ടയിലെ കോളിമരച്ചുവട്ടില്‍ വെച്ച് ചന്തുവിനെ ബ്രിട്ടീഷുകാര്‍ ഗളച്ഛേദം ചെയ്തു. അതിലൂടെ അവര്‍ ചന്തുവിനോട് പക വീട്ടുകയായിരുന്നു.
1802 ഒക്ടോബര്‍ 11ന് തലക്കര ചന്തുവിന്റെ നേതൃത്വത്തില്‍ കുറിച്യപ്പട പനമരം കോട്ടയിലുള്ള ബ്രിട്ടീഷ് റസിഡന്‍സ് ആക്രമിക്കുകയും മുഴുവന്‍ സായിപ്പന്മാരെയും വധിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അവിടെയുണ്ടായിരുന്ന എല്ലാ സാമഗ്രികളും കൈക്കലാക്കുകയും കെട്ടിടങ്ങള്‍ മുഴുവന്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇതിന്റെ പക വീട്ടാനായിരുന്നു പുല്‍പ്പള്ളിയില്‍ നിന്ന് ജീവനോടെ പിടികൂടിയ തലക്കര ചന്തുവിനെ പനമരത്ത് എത്തിച്ച് അവിടെയുള്ള കോളിമരത്തില്‍ വെച്ച് ഗളച്ഛേദം ചെയ്തത്. പ്രസ്തുത കോളിമരത്തിന് പകരം മറ്റൊരു കോളിമരം ഉയര്‍ന്നുവന്നെങ്കിലും ഔദ്യോഗികമായ സ്മാരക നിര്‍മ്മിതികള്‍ അവിടെ നടന്നിട്ടില്ല. പല കാലങ്ങളിലായി വിവിധ തരത്തിലുള്ള വാഗ്ദാനങ്ങള്‍ അധികൃതര്‍ നല്‍കിയെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല.രണ്ടുപേര്‍ക്ക് ഒരേസമയം കയറി നില്‍ക്കാന്‍ സാധിക്കാത്തത്രയും ചെറിയ ഒറ്റമുറി മ്യൂസിയം പണിതിട്ടുണ്ട്. മ്യൂസിയത്തിലാകട്ടെ ഒരു പുരാവസ്തു പോലും ഇനിയും സ്ഥാനം പിടിച്ചിട്ടില്ല.
സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി പലപ്പോഴും തലക്കര ചന്തു സ്മൃതിമണ്ഡപം മാറിയിട്ടുണ്ട്. കടുത്ത അനീതിയാണ് പ്രസ്തുത സ്മാരകത്തോട് അധികൃതര്‍ കാണിക്കുന്നത്. തൊട്ടടുത്തുള്ള സര്‍ക്കാര്‍ വിദ്യാലയം സൈനിക വിദ്യാലയം ആക്കി മാറ്റണമെന്നും അവിടെ ദേശീയ അമ്പെയ്‌ത്ത് പരിശീലനകേന്ദ്രം ആരംഭിക്കണം എന്നുമുള്ളത് ദീര്‍ഘകാലത്തെ ആവശ്യമാണ്.
എടച്ചന കുങ്കന്‍ സ്മാരകസ്ഥലം
എടച്ചന കുങ്കന്റെ ജീവിതവുമായി ഏറെ ബന്ധമുള്ള പ്രദേശമാണ് വയനാട്ടിലെ വെള്ളമുണ്ടയ്‌ക്ക് അടുത്തുള്ള പുളിഞ്ഞാല്‍ കോട്ട. അദ്ദേഹത്തിന്റെ തറവാട്ടുവകയിലുള്ള ഒരു പ്രദേശവും ആയിരുന്നു അത്. കുങ്കന്റെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകളെ സ്വാതന്ത്ര്യപ്പോരാട്ടത്തിലേക്ക് കാലെടുത്തുവെക്കാന്‍ പ്രേരിപ്പിച്ച പുളിഞ്ഞാല്‍ കളരി നടന്നത് അവിടെയായിരുന്നു.
1802 നവംബര്‍ 2ന് എടച്ചന കുങ്കന്റെ നേതൃത്വത്തില്‍ പുളിഞ്ഞാല്‍ കോട്ട ആക്രമിച്ചു. ആ പോരാട്ടത്തില്‍ പുളിഞ്ഞാല്‍ കോട്ടയിലെ കമ്പനി സൈന്യം നാമാവശേഷമായി. അതോടെ വയനാട് മൊത്തത്തില്‍ കമ്പനിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ വേദിയായി മാറി. തന്റെ ഉടവാളുകൊണ്ട് എടച്ചന കുങ്കന്‍ സ്വയം വീരാഹുതി വരിച്ചതും പുളിഞ്ഞാലില്‍ വച്ചായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റ സഹോദരീപുത്രന്മാരായ എടച്ചന എമ്മനും എടച്ചന അമ്പുവും പോരാട്ടത്തില്‍ വീരമൃത്യു ഏറ്റുവാങ്ങിയതും അവിടെ വച്ചായിരുന്നു.
എടച്ചന കുങ്കന്റെ പോരാട്ടജീവിതത്തിലെ അവിസ്മരണീയമായ ഏടുകള്‍ തുന്നിച്ചേര്‍ത്ത മണ്ണാണ് പുളിഞ്ഞാലിലേത്. നിര്‍ഭാഗ്യമെന്നു പറയട്ടെ അവിടെ എടച്ചന കുങ്കന്റെ പേരില്‍ സ്മാരകം ഉയര്‍ന്നുവന്നില്ല എന്നത് ഖേദകരമാണ്. ആദ്യകാലത്തെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് ഉജ്ജ്വലമായ പിന്തുണ നല്‍കിയ പുളിഞ്ഞാല്‍ കളരിക്ക് സമാനമായ വിധത്തില്‍ ആധുനിക കളരി കേന്ദ്രം അവിടെ ഉയര്‍ന്നുവരണമെന്നതാണ് പ്രധാന ആവശ്യം. മാത്രമല്ല പൈതൃക കലകള്‍ അഭ്യസിക്കുന്നതിനുള്ള ഒരു കേന്ദ്രമായി അവിടെ മാറണമെന്നും ആവശ്യവും ഉയരുന്നു.
വള്ളിയൂര്‍ക്കാവ് യോഗം
വയനാട്ടിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ് മാനന്തവാടിക്കടുത്തുള്ള വള്ളിയൂര്‍ക്കാവ് ക്ഷേത്രം. വൈദേശിക ശക്തിക്കെതിരെ പോരാടുന്നതിനുള്ള ആദ്യയോഗം ചേര്‍ന്നതും ആഹ്വാനം ഉയര്‍ന്നതും മാനന്തവാടിക്കടുത്തുള്ള വള്ളിയൂര്‍ക്കാവില്‍ വെച്ചായിരുന്നു. 1793 ജനുവരി 12ന് നടന്ന യോഗത്തില്‍ എടച്ചന കുങ്കന്റെ വിശ്വസ്തരായ ആളുകളാണ് പങ്കെടുത്തത്. മൈസൂര്‍ പടയോട്ടകാലത്ത് അനുഭവപ്പെട്ട ന്യൂനതകള്‍ പരിഹരിച്ച് ബ്രിട്ടീഷ് ശക്തിക്കുനേരെ പോരാടുക എന്നതായിരുന്നു ആ യോഗത്തിന്റെ ആഹ്വാനം. ‘ഓരോരുത്തരും പടയാളികളാവുക’ എന്ന ആഹ്വാനത്തോടെ വയനാടിന്റെ പോരാട്ടവീര്യം തട്ടിയുണര്‍ത്തിയ യോഗമായിരുന്നു വള്ളിയൂര്‍ക്കാവില്‍ നടന്നത്. പാരമ്പര്യ ആയുധങ്ങളായ അമ്പും വില്ലും സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമായതും അതിനുശേഷമാണ്. കാവിലമ്മയുടെ സന്നിധിയില്‍ അത്തരമൊരു യോഗം നടത്തിയത് കൃത്യമായും ചില ഉദ്ദേശ്യങ്ങളോടുകൂടിയായിരുന്നു. വയനാട്ടില്‍ നടന്ന സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വള്ളിയൂര്‍ക്കാവ് യോഗത്തിന് സവിശേഷമായ ചരിത്രമുണ്ട്.
വിളംബരവേദിയായ പുല്‍പ്പള്ളി സീതാക്ഷേത്രം
സ്വാതന്ത്ര്യപോരാട്ടങ്ങളില്‍ ആഹ്വാനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കുമുള്ള സ്വാധീനം വളരെ വലുതാണ്. വയനാട്ടിലെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പരിസരവും അത്തരം ശക്തമായ വിളംബരത്തിന് സാക്ഷ്യം വഹിച്ച മണ്ണാണ്. ‘അധിനിവേശ ശക്തിക്കെതിരെ ആയുധമേന്തണം’ എന്നതായിരുന്നു ആ വിളംബരത്തിന്റെ ഊന്നല്‍. പുല്‍പ്പള്ളിയിലെ വിളംബരത്തിന് നേതൃത്വം നല്‍കിയത് എടച്ചന കുങ്കനും തലക്കര ചന്തുവുമായിരുന്നു.
‘വെള്ളത്തൊലിക്കാരെ ആട്ടിപ്പായിക്കാനുള്ള യുദ്ധത്തില്‍ പങ്കാളികളാവുക. ഇതുവരെയും നാം വിജയിച്ചിരിക്കുകയാണ്. ഇനിയും ജയിക്കണം. ഇത് നമ്മുടെ മണ്ണാണ്. നമ്മുടെ നാടാണ്. ഒരു ശക്തിക്കും ഈ മണ്ണ് വിട്ടുകൊടുക്കില്ല. ഇത് മലദൈവങ്ങളുടെയും കുലദൈവങ്ങളുടെയും മണ്ണാണ്. ദൈവങ്ങള്‍ നമ്മുടെ കൂടെത്തന്നെയുണ്ട്. അവര്‍ക്കുവേണ്ടി പോരാട്ടം നടത്തുക. കൈയില്‍ കിട്ടിയ ആയുധങ്ങളുമായി എല്ലാവരും പോരാട്ടത്തിനിറങ്ങുക.’ ഇത്തരം വിളംബരങ്ങള്‍ക്ക് വലിയ സ്വാധീനമാണ് നാട്ടില്‍ ഉണ്ടായത്.
പുല്‍പ്പള്ളിയില്‍ മാത്രം 5000 പേര്‍ പങ്കെടുക്കുകയും 3000 പേര്‍ അവിടെ തന്നെ യുദ്ധസന്നദ്ധരായി സംഘടിക്കുകയും ചെയ്തു. അതില്‍ ചെട്ടിമാരും കുറുമരുമായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്.അവരില്‍ 2000 പേര്‍ മാനന്തവാടിക്ക് മാര്‍ച്ച് നടത്തുകയും എല്ലാ ബ്രിട്ടീഷ് കേന്ദ്രങ്ങളും തകര്‍ക്കുകയും ചെയ്തു. അങ്ങനെ 1803 ജനുവരിയില്‍ വയനാട് സമ്പൂര്‍ണ്ണമായും പഴശ്ശിപ്പടയുടെ നിയന്ത്രണത്തില്‍ ആവുകയും ചെയ്തു.
അതേ സ്ഥലത്തുവെച്ച് 1812ല്‍ അത്യുജ്ജ്വലമായ മറ്റൊരു വിളംബരവും നടന്നിട്ടുണ്ട്. 1812 മാര്‍ച്ച് 27ന് പ്രഭാതത്തില്‍ പ്രക്ഷോഭകാരികള്‍ സമീപത്തുള്ള ക്ഷേത്രക്കുളത്തില്‍ കുളിച്ചുവന്ന് ക്ഷേത്രത്തില്‍ വച്ച് ആ വിളംബരം പ്രഖ്യാപിച്ചു. കലാപ നേതാവായ രാമന്‍ നമ്പിയായിരുന്നു വിളംബരം നടത്തിയത്. പ്രക്ഷോഭകാരികള്‍ വിജയത്തിന്റെ ഹുങ്കാരം മുഴക്കിക്കൊണ്ട് അത് അംഗീകരിച്ചു.
‘കടലും കടന്നുവന്ന സായിപ്പ് നമ്മുടെ മണ്ണ് കീഴടക്കി കൊണ്ടിരിക്കുകയാണ്. മണ്ണിനെ രക്ഷിക്കാന്‍ പൊന്നുതമ്പുരാന്‍ ജീവന്‍ വെടിഞ്ഞു. കുങ്കനും ചന്തുവും നമ്മുടെ കുറെ സോദരന്മാരും മരണം വരിച്ചു. സായിപ്പ് വന്നത് മലദൈവങ്ങള്‍ക്കും കുല ദൈവങ്ങള്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് മുളങ്കാട് പൂത്തത്. അവര് നമുക്ക് എതിരാണ്. ദൈവങ്ങള്‍ക്ക് എതിരാണ്. നാടിന് എതിരാണ്. സായിപ്പന്മാരെ ആട്ടിപ്പാക്കണം. അല്ലെങ്കില്‍ മലദൈവങ്ങളും കുലദൈവങ്ങളും കോപിക്കും. കുലം മുടിയും. ദൈവങ്ങള്‍ നമ്മുടെ കൂടെ തന്നെയുണ്ട്. കൈയില്‍ കിട്ടിയ ആയുധങ്ങളുമായി പോരാട്ടത്തിന് ഇറങ്ങുക. പൊന്നുതമ്പുരാന്റെയും നമ്മുടെ സോദരന്മാരുടെയും ചോരയ്‌ക്ക് നമ്മള്‍ പകരം ചോദിക്കണം. അതിന് അമ്മയും മുരിക്കന്മാരും നമുക്ക് കരുത്തു തരട്ടെ.’ ഇതായിരുന്നു അവരുടെ പ്രഖ്യാപനം. ആ പ്രഖ്യാപനം പ്രക്ഷോഭകാരികളില്‍ പോരാടാനുള്ള ശക്തമായ ഊര്‍ജ്ജം പകര്‍ന്നു നല്‍കി. 1812ലെ ഗിരിവര്‍ഗ്ഗ ജനതയുടെ പോരാട്ടങ്ങളുടെ തുടക്കം കുറിച്യാട് ആയിരുന്നെങ്കിലും തുടര്‍ പോരാട്ടങ്ങളുടെ പ്രചോദനവും പ്രേരണയും കരുത്തുപകര്‍ന്നതും ആസൂത്രണം നടന്നതും പുല്‍പ്പള്ളി ക്ഷേത്രത്തില്‍ വച്ചായിരുന്നു.
*തലക്കര ചന്തു സ്മൃതി മണ്ഡപം
പഴശ്ശിരാജാവിന്റെ പടത്തലവനായ തലക്കര ചന്തുവിനെ പുല്‍പ്പള്ളിക്കടുത്തുള്ള മാവിലാംതോട്ടില്‍ വച്ച് ബ്രിട്ടീഷുകാര്‍ ജീവനോടെ പിടികൂടുകയായിരുന്നു. അതിക്രൂരമായി പീഡിപ്പിച്ചു വന്യമൃഗത്തെയെന്നപോലെ കൂട്ടിലടച്ചാണ് ചന്തുവിനെ ബ്രിട്ടീഷുകാര്‍ 25 കിലോമീറ്റര്‍ ദൂരെയുളള പനമരത്ത് എത്തിച്ചത്. 1805 നവംബര്‍ 15ന് പനമരം കോട്ടയിലെ കോളിമരച്ചുവട്ടില്‍ വെച്ച് ചന്തുവിനെ ബ്രിട്ടീഷുകാര്‍ ഗളച്ഛേദം ചെയ്തു. അതിലൂടെ അവര്‍ ചന്തുവിനോട് പക വീട്ടുകയായിരുന്നു.
1802 ഒക്ടോബര്‍ 11ന് തലക്കര ചന്തുവിന്റെ നേതൃത്വത്തില്‍ കുറിച്യപ്പട പനമരം കോട്ടയിലുള്ള ബ്രിട്ടീഷ് റസിഡന്‍സ് ആക്രമിക്കുകയും മുഴുവന്‍ സായിപ്പന്മാരെയും വധിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അവിടെയുണ്ടായിരുന്ന എല്ലാ സാമഗ്രികളും കൈക്കലാക്കുകയും കെട്ടിടങ്ങള്‍ മുഴുവന്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇതിന്റെ പക വീട്ടാനായിരുന്നു പുല്‍പ്പള്ളിയില്‍ നിന്ന് ജീവനോടെ പിടികൂടിയ തലക്കര ചന്തുവിനെ പനമരത്ത് എത്തിച്ച് അവിടെയുള്ള കോളിമരത്തില്‍ വെച്ച് ഗളച്ഛേദം ചെയ്തത്. പ്രസ്തുത കോളിമരത്തിന് പകരം മറ്റൊരു കോളിമരം ഉയര്‍ന്നുവന്നെങ്കിലും ഔദ്യോഗികമായ സ്മാരക നിര്‍മ്മിതികള്‍ അവിടെ നടന്നിട്ടില്ല. പല കാലങ്ങളിലായി വിവിധ തരത്തിലുള്ള വാഗ്ദാനങ്ങള്‍ അധികൃതര്‍ നല്‍കിയെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല.രണ്ടുപേര്‍ക്ക് ഒരേസമയം കയറി നില്‍ക്കാന്‍ സാധിക്കാത്തത്രയും ചെറിയ ഒറ്റമുറി മ്യൂസിയം പണിതിട്ടുണ്ട്. മ്യൂസിയത്തിലാകട്ടെ ഒരു പുരാവസ്തു പോലും ഇനിയും സ്ഥാനം പിടിച്ചിട്ടില്ല.
സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി പലപ്പോഴും തലക്കര ചന്തു സ്മൃതിമണ്ഡപം മാറിയിട്ടുണ്ട്. കടുത്ത അനീതിയാണ് പ്രസ്തുത സ്മാരകത്തോട് അധികൃതര്‍ കാണിക്കുന്നത്. തൊട്ടടുത്തുള്ള സര്‍ക്കാര്‍ വിദ്യാലയം സൈനിക വിദ്യാലയം ആക്കി മാറ്റണമെന്നും അവിടെ ദേശീയ അമ്പെയ്‌ത്ത് പരിശീലനകേന്ദ്രം ആരംഭിക്കണം എന്നുമുള്ളത് ദീര്‍ഘകാലത്തെ ആവശ്യമാണ്.
പെരിയ യുദ്ധം നടന്ന ഏരിയ
കണ്ണൂര്‍ വഴി വയനാട്ടിലേക്കുള്ള പ്രവേശന കവാടമാണ് പേരിയ. പേരിയ വഴി വയനാട്ടിലേക്ക് പ്രവേശിക്കാനുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ ശ്രമത്തെ പഴശ്ശിപ്പട ശക്തമായ പ്രതിരോധിച്ചു. തിരിച്ചുപോവുക അല്ലെങ്കില്‍ മരിക്കുക എന്നതായിരുന്നു പഴശ്ശിപ്പടയുടെ ആജ്ഞ. തിരിച്ചു പോകുന്നവര്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ പഴശ്ശിരാജാവിന്റെ ചെറു സൈന്യത്തെയും അവരുടെ വേഷഭൂഷാദികളും കണ്ട് ബ്രിട്ടീഷ് സൈന്യത്തിന്റെ തലവനായ മേജര്‍ കാമറൂണ്‍ ആക്രമിക്കുന്നതിന് ഉത്തരവിട്ടു. 1797 മാര്‍ച്ച് 18ന് അതിശക്തമായ പോരാട്ടമായിരുന്നു നടന്നത്. പെരിയ യുദ്ധം തന്നെയായിരുന്നു പേരിയയില്‍ അന്ന് നടന്നത്.
യുദ്ധം തുടങ്ങിയപ്പോള്‍ എവിടെ നിന്നൊക്കെയോ നായര്‍ഭടന്മാര്‍ ചാടിവീണു. അവര്‍ കമ്പനിസൈനികരെ വാളുകൊണ്ട് വെട്ടിവീഴ്‌ത്തി. അതിജീവിച്ച് മുന്നോട്ടുവന്ന സായിപ്പന്മാരെ ചീറി വന്ന കുറിച്യപ്പടയുടെ അസ്ത്രങ്ങളും വധിച്ചു. കമ്പനിപ്പടക്ക് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒളിഞ്ഞും തെളിഞ്ഞും പഴശ്ശിപ്പട പോരാടി. ഒളിയുദ്ധം നേരിട്ട് യാതൊരു പരിചയവുമില്ലാതിരുന്ന ബ്രിട്ടീഷ് കമ്പനിയുടെ സേന നിശ്ശേഷം തൂത്തുവാരപ്പെട്ടു. വിവരങ്ങള്‍ കമ്പനിയുടെ ആസ്ഥാനത്തേക്ക് അറിയിക്കാന്‍ ഒരു ബ്രിട്ടീഷ് ഓഫീസറെ മാത്രം അവശേഷിപ്പിച്ച് പഴശ്ശിപ്പട കമ്പനിയുടെ പടക്കോപ്പുകളും സാധനസാമഗ്രികളും വെടിമരുന്നും കൈക്കലാക്കി. ബ്രിട്ടീഷുകാര്‍ ഭാരതത്തിന്റെ മണ്ണില്‍ ആദ്യകാലത്ത് നേരിട്ട ഏറ്റവും ശക്തവും രക്തരൂക്ഷിതവുമായ പോരാട്ടങ്ങളില്‍ ഒന്നായിരുന്നു പേരിയ യുദ്ധം. എന്നാല്‍ അത്തരമൊരു പോരാട്ടത്തിന്റെ സ്മരണ പുതുക്കുന്ന തരത്തില്‍ ഒരു സ്മാരകവും അവിടെ ഉണ്ടായിട്ടില്ല. അന്നത്തെ യുദ്ധം നടന്ന പ്രദേശങ്ങള്‍ ഇന്നും തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്നു എന്ന് മാത്രം.
കുറിച്യാട്
1812ലെ ഗിരിവര്‍ഗ്ഗ കലാപം ആരംഭിച്ചത് ഗണപതി വട്ടത്തിനടുത്തുള്ള കുറിച്യാട് എന്ന പ്രദേശത്താണ്. വയനാട്ടില്‍ നിന്ന് കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമാണ് കുറിച്യാട്. കുറിച്യാട് വനാന്തര്‍ഭാഗത്ത് ഒരു കുറിച്ചപ്പാടുതറയുണ്ട്. ഈ തറ ഏതോ കാലത്ത് അങ്കം കുറിച്ചതിന്റെ സ്മാരകമാണെന്ന് പറയപ്പെടുന്നു. കുറിച്യരും കുറുമരും ചെട്ടിമാരുടെയും ആചാര സവിശേഷമായ ഒത്തുചേരല്‍ കുറിച്ചപ്പാടുതറ കേന്ദ്രീകരിച്ച് നടക്കാറുണ്ടായിരുന്നു. പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ആ തറയുടെ സമീപത്തെത്തി അനുവാദവും അനുഗ്രഹവും വാങ്ങുന്ന രീതിയും കുറുമ, ചെട്ടി വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്നു.
കുറിച്യാട് പ്രദേശത്തിന്റെ മറ്റൊരു സവിശേഷത സുരക്ഷിതമായ ഒളിത്താവളം എന്നതാണ്. ഇതിനുള്ള സാധ്യത ആദ്യം പ്രയോജനപ്പെടുത്തിയത് പഴശ്ശിപ്പടയാളികളാണ്. പഴശ്ശിരാജാവ് 1802നു ശേഷം നിരവധി തവണ കുറിച്യാട് ഒളിത്താവളം ആക്കിയിട്ടുണ്ട്. പഴശ്ശിപ്പട ക്ഷീണിതമായ കാലത്ത് പോരാട്ടത്തിനുള്ള കോപ്പുകൂട്ടാന്‍ പ്രയോജനപ്പെടുത്തിയതും ഇവിടെയായിരുന്നു. പകല്‍ വെളിച്ചത്തില്‍ പോലും എളുപ്പത്തില്‍ കടന്നെത്താന്‍ കഴിയാത്ത പ്രദേശം എന്നാണ് ബ്രിട്ടീഷ് രേഖകള്‍ കുറിച്യാടിനെ സൂചിപ്പിക്കുന്നത്. ഒറ്റുകാര്‍ക്കും ചാരന്മാര്‍ക്കും പ്രവര്‍ത്തിക്കാന്‍ യാതൊരു സാധ്യതയും അവിടെ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് പട്ടാളത്തിന് അവരുടെ ശക്തിപ്രകടനം നടത്താനും അവിടെ കഴിയുമായിരുന്നില്ല. കലാപകാരികളെക്കുറിച്ച് രഹസ്യവിവരം നല്‍കാന്‍ ചില വയനാട്ടുകാര്‍ തന്നെ തയ്യാറായ കാലമായിരുന്നു അത്. അത്തരക്കാരില്‍ നിന്നും രക്ഷനേടിയാണ് പഴശ്ശി രാജാവും പടത്തലവന്‍മാരും കുറിച്യാട് അഭയം തേടിയത്. ഇതില്‍ നിന്നും കുറിച്യാട് അക്കാലത്ത് നിവസിച്ചിരുന്ന വരെ പഴശ്ശിയും കൂട്ടരും എത്രമാത്രം വിശ്വസിച്ചിരുന്നു എന്നത് വ്യക്തമാകും. ഗോത്രവിഭാഗങ്ങളുടെ നാടിനോടുള്ള സ്‌നേഹവും കൂറും ഇതില്‍നിന്ന് വ്യക്തമാണ്.
കുറിച്യാട് പ്രദേശത്ത് നിരവധി പീരങ്കിയുണ്ടകള്‍ കണ്ടിരുന്നതായി പഴമക്കാര്‍ പറയുന്നു. കൃഷിസ്ഥലം ഒരുക്കുന്നതിനിടയിലാണ് അത്തരം പീരങ്കിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഈ പീരങ്കിയുണ്ടകള്‍ പോരാട്ടത്തിന്റെ അവശിഷ്ടങ്ങളും തെളിവുകളും ആണെന്നതിനാല്‍ കുറിച്യാട് നടന്ന ശക്തമായ പോരാട്ടത്തെ അവ ഓര്‍മ്മപ്പെടുത്തുന്നു.
1812ലെ പ്രക്ഷോഭത്തിന്റെ ആരംഭം കുറിച്യാട് വെച്ചായിരുന്നു. കുറുമ പടത്തലവനായ രാമന്‍ നമ്പിയുടെ നേതൃത്വത്തില്‍ ആയിരുന്നു ആ കലാപം പുരോഗമിച്ചത്. 1812 മാര്‍ച്ച് 25ന് പ്രക്ഷോഭം ആരംഭിച്ചു. കുറിച്യാട് മലകളില്‍ തമ്പടിച്ച ചുരുക്കം ചില പ്രക്ഷോഭകാരികള്‍ അവിടെ കരം പിരിവിന് ചെന്ന രണ്ട് കോല്‍ക്കാരന്മാരെ ആക്രമിച്ചു.തുടര്‍ന്ന് അവര്‍ സമീപത്തുള്ള കുപ്പാടി ബ്രിട്ടീഷ് പോസ്റ്റ് ആക്രമിച്ചു. വയനാടിന്റെ നിയന്ത്രണം പൂര്‍ണമായും ഈ സൈനിക പോസ്റ്റിനായിരുന്നു. രാമന്‍ നമ്പിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭകാരികള്‍ കുപ്പാടി സൈനിക പോസ്റ്റില്‍ ഉണ്ടായിരുന്ന മുപ്പതോളം വരുന്ന കാവല്‍ ഭടന്മാരായ ഇംഗ്ലീഷ് സൈനികരെ വകവരുത്തി. ബ്രിട്ടീഷുകാരുടെ ബംഗ്ലാവുകള്‍ക്കും റസിഡന്‍സുകള്‍ക്കും തീയിട്ടു. അവിടെ ശേഖരിച്ചുവച്ചിരുന്ന ആയുധങ്ങളും സാമഗ്രികളും സ്വന്തമാക്കി. ആ കലാപം ജനകീയ വിപ്ലവമായി വയനാട്ടിലെങ്ങും വ്യാപിച്ചു. നിയന്ത്രിക്കാനും അടിച്ചമര്‍ത്താനും കഴിയാത്ത കലാപങ്ങള്‍ എന്ന് ബ്രിട്ടീഷ് രേഖകള്‍ തന്നെ 1812ലെ പ്രക്ഷോഭത്തെ സൂചിപ്പിക്കുന്നു.
എന്നിട്ടും ആ കലാപത്തിലെ നായകന്മാര്‍ക്കോ അവര്‍ നടത്തിയ പോരാട്ടങ്ങളോ അനുസ്മരിക്കപ്പെടുന്നില്ല. അവര്‍ക്ക് ഉചിതമായ രീതിയിലുള്ള സ്മാരകവും എവിടെയും പണിതുയര്‍ന്നിട്ടില്ല. വനം വകുപ്പിന്റെ അധീനതയിലുള്ള മേഖലയായതുകൊണ്ട് കുറിച്യാട് എന്ന പ്രദേശത്തുള്ള ജനങ്ങള്‍ മുഴുവന്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്. രാമന്‍ നമ്പിയും 1812ലെ ഗിരിവര്‍ഗ്ഗപോരാട്ടവും സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല പോരാട്ടങ്ങളായി സ്മരിക്കപ്പെടേണ്ടതാണ്.
ഓരോ ദേശത്തെയും ദേശസ്‌നേഹികള്‍ മാത്രമല്ല അവിടെയുള്ള പ്രകൃതിയുടെ ചില ഇടങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്ന് പറയാം. വയനാട്ടിലെ കാടുകളും മേടുകളും തോടുകളും കുന്നുകളും കബനിപ്പുഴയുമെല്ലാം അധിനിവേശത്തിന് എതിരായ ചെറുത്തുനില്‍പ്പുകളിലൂടെ ചരിത്രം രചിച്ച പ്രകൃതിയുടെ ഇടങ്ങളാണ്. അവിടെ ജീവിച്ച മനുഷ്യര്‍ മാത്രമല്ല പ്രകൃതി പോലും സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി തുടിച്ചിരുന്നു എന്ന് വ്യക്തമാണ്. അതുകൊണ്ട് അത്തരം പ്രകൃതിയുടെ ഇടങ്ങളെ വിസ്മരിച്ചുകൊണ്ട് സ്വാതന്ത്ര്യസമര ചരിത്രം നമുക്ക് ചര്‍ച്ച ചെയ്യാനാവില്ല. ചരിത്രത്തിന്റെയും ചരിത്ര പുരുഷന്മാരുടെയും ഓര്‍മ്മകള്‍ തുടിക്കുന്ന അത്തരം പ്രദേശങ്ങളിലേക്ക് തീര്‍ഥാടക മനസ്സോടെയല്ലാതെ നമുക്ക് സന്ദര്‍ശിക്കാനാവില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക