കരിപ്പൂർ: വായ്‌ക്കുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. എട്ടുകഷണങ്ങളാക്കി നാവിനടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കേസിൽ കാസര്‍കോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുല്‍ അഫ്സല്‍ എന്ന ഇരുപത്തിനാലുകാരനെ കരിപ്പൂര്‍ പോലീസ് പിടികൂടി.
29 പവൻ സ്വർണം എട്ടുകഷണങ്ങളാക്കി നാവിനടിയിലും മറ്റും ഒളിപ്പിക്കുകയായിരുന്നു. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ ഇയാള്‍ മാസ്ക് ധരിച്ച് ഒന്നുമറിയാത്തപോലെ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഇയാളെ ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
ഇയാള്‍ക്കൊപ്പം സ്വര്‍ണവുമായി എത്തിയ മറ്റ് രണ്ട് യാത്രക്കാരെയും പിടികൂടിയിട്ടുണ്ട്. ഇതില്‍ ഒരാളെ കസ്റ്റംസും മറ്റൊരാളെ പോലീസുമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ ഷൂസിനുള്ളില്‍ 214 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഒളിപ്പിച്ചത്. വിമാനത്താവളത്തിനു പുറത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ആദ്യഘട്ട ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ലെങ്കിലും തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: