തിരുവനന്തപുരം : തിരുവനന്തപുരം കോര്പ്പറേഷന് ആരോഗ്യവകുപ്പിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമിക്കാനുള്ള ശുപാര്‍ശയ്ക്കായി പാര്‍ട്ടിയോട് ആവശ്യപ്പെടുന്ന കത്ത് വ്യാജമാണെന്ന് മേയര്‍ വിശദികരിച്ചിട്ടുണ്ട്. കത്ത് എങ്ങനെയുണ്ടായെന്ന് പരിശോധിക്കട്ടെ, ആവശ്യമായ അന്വേഷണങ്ങള്‍ നടത്തട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കത്ത് വിഷയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. കത്ത് വ്യാജമാണെന്നാണ് മേയര്‍ വ്യക്തമാക്കിയിട്ടുള്ളത്. ജോലി ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്ന സംവിധാനം പാര്‍ട്ടിക്കില്ല. പിന്നെ എങ്ങനെയാണ് ഇത് സംഭവിക്കുക?. കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന് ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. കത്ത് തയ്യാറാക്കിയവരെ കണ്ടുപടിച്ചോട്ടെ. 295 തസ്തികകളിലേക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നിയമനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞെന്നും എം.വി. ഗോവിന്ദന് അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ മുഹമ്മദ് ഖാനേയും വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരെ ഏതറ്റം വരെയും പോകും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും. ഗവര്‍ണറെ മാറ്റുന്നതില്‍ നിയമനിര്‍മാണത്തിന് സര്‍ക്കാരിന് തീരുമാനമെടുക്കാം. ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമം. അതിനായി ഗവര്‍ണറെ ഉപയോഗിക്കുകയാണ്. ഈ നീക്കത്ത രാഷ്ട്രീയമായും നിയമ, ഭരണഘടനാപരമായും നേരിടും. സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.
ഇഷ്ടക്കാരെ വിസിമാരാക്കി അജണ്ട നടപ്പാക്കാനാണ് നീക്കം. ബില്ലുകളില്‍ ഒപ്പുവയ്ക്കുന്നത് ഗവര്‍ണര്‍ക്ക് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല. ഒപ്പിടാം, തിരിച്ചയയ്ക്കാം, അല്ലാത്തപക്ഷം രാഷ്ട്രപതിക്കയക്കാം. എന്നാല്‍ നിയമപരമല്ലാത്ത കാര്യമാണ് ഗവര്‍ണറും ചെയ്തുകൊണ്ടിരിക്കുന്നതെന്നും എം.വി. ഗോവിന്ദന് ആരോപിച്ചു.
മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദമായ സാഹചര്യത്തില്‍ തിങ്കളാഴ്ച അടിയന്തിര യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളാണ് വിളിച്ചുചേര്‍ത്തിരിക്കുന്നത്. പാര്‍ട്ടി സഹയാത്രികരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് കത്ത് പുറത്ത് പോയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ മേയര്‍ രാജിവെയ്ക്കേണ്ടതില്ലെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രതികരിച്ചത്. അതിനിടെ എസ്എടി ആശുപത്രിയില്‍ താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ പാര്‍ട്ടിയുടെ പട്ടിക ആവശ്യപ്പെട്ട് കോര്പ്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്. അനിലും ആനാവൂര്‍ നാഗപ്പന് അയച്ചതെന്ന പേരിലുള്ള കത്തും പുറത്തുവന്നിട്ടുണ്ട്. ഇതും താന്‍ തയ്യാറാക്കിയതല്ലെന്നാണ് അനിലും പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: