ന്യൂദല്‍ഹി :ആറ് സംസ്ഥാനങ്ങളിലായുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബീഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാണയിലെ അദംപൂര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥില്‍ ബിജെപിയാണ് മുന്നിലുള്ളത്. സമാജ് വാദി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഗൊല ഗൊരഖ്നാഥിലെ ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകന് അമന് ഗിരിയെ ആണ് ബിജെപി സ്ഥാനാര്‍ത്ഥി.
തെലങ്കാനയില്‍ മനുഗോഡയില്‍ ബിജെപിയും ടിആര്‍എസും ഒപ്പത്തിനൊപ്പമാണ്. ആദ്യ റൗണ്ടില്‍ മുന്നില്‍ ടിആര്എസായിരുന്നെങ്കിലും നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ നേരിയ ഭൂരിപക്ഷത്തില്‍ ബിജെപിയാണ് മുന്നിലുള്ളത്. ഇവിടെ കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്നങ്ങളെ തുടര്‍ന്ന് എംഎല്‍എ കെ. രാജഗോപാല്‍ റെഡ്ഡി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജഗോപാല്‍ റെഡ്ഡിയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
ഒഡീഷയിലെ ധാംനഗറിലും ബിജെപിയാണ് മുന്നിലുള്ളത്. ബിജെഡിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ബിജെപി നേതാവ് ബിഷ്ണു ചരണ്‍ സേതിയുടെ മരണത്തെ തുടര്‍ന്നാണ് ധാംനഗറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകന് സൂര്യവംശി സൂരജ് സ്ഥിതപ്രജ്ഞയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
ഹരിയാനയിലെ അദംപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. രണ്ടാമത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന കുല്‍ദീപ് ബിഷ്ണോയി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്നാല്‍ ബീഹാറിലെ മൊകാമയിലും ഗോപാല്‍ഗഞ്ചിലും ആര്‍ജെഡി സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: