സിഡ്നി : ട്വന്റി-20 ലോകകപ്പിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗം ധനുഷ്ക ഗുണതിലകെ പീഡനക്കേസില്‍ അറസ്റ്റില്‍. 29 കാരിയായ യുവതി നല്കിയ പരാതിയില്‍ സിഡ്നി പോലീസാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തത്.
ഡേറ്റിങ് ആപ്പ് വഴിയാണ് ഗുണ തിലകെയുമായി യുവതി പരിചയത്തിലായത്. തുടര്‍ന്ന് നവംബര്‍ രണ്ടിന് സിഡ്നി റോസ്ബേയിലെ വിട്ടില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നത്. സിഡ്നിയില്‍ ശ്രീലങ്കന്‍ ടീം താമസിച്ച ഹോട്ടലില്‍ വെച്ചാണ് ഗുണതിലകയെ കസ്റ്റഡിയില്‍ എടുക്കുന്നത്.
സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതടക്കം നാലോളം കുറ്റങ്ങളാണ് ഗുണതിലകയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയ പോലീസ് കേസില്‍ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോടും പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ടീം അംഗം പീഡനക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ധനുഷ്ക ഗുണതിലകെ ഇല്ലാതെ ശ്രീലങ്കന്‍ ടീം ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
പിന്‍തുടയിലെ ഞരമ്പിലെ പരിക്ക് കാരണം പ്രാഥമിക റൗണ്ടിനുള്ള ടീമില്‍ നിന്ന് ഗുണതിലകെയെ ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിന് പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും ഓസ്ട്രേലിയയില്‍ ടീമിനൊപ്പം തുടരുകയായിരുന്നു. 2015-ല്‍ ദേശീയ ടീമിലെത്തിയ താരം എട്ടു ടെസ്റ്റുകളും 47 ഏകദിനങ്ങളും 46 ടി-20കളും കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: