സമദ് പനയപ്പിള്ളി
ഒരുപാട് ഗ്രൂപ്പ് ഷോകളില്‍ തന്റെ ചിത്ര മികവുമായി പങ്കെടുത്തിട്ടുള്ള മറിയം ജാസ്മിന് ടെക്സാസിലെ മൂണ്‍ സ്പെയ്സ് ആര്‍ട്ട് ഗാലറിയിലും ചിത്രപ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമി കോഴിക്കോട് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിലും, ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ സലാഡ് ബൗള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ചിത്രപ്രദര്‍ശനത്തിലും മറിയത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. കഥയ്ക്കും കവിതയ്ക്കും നോവലിനും ഒക്കെയുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതിലും മറിയം ശ്രദ്ധേയയാണ്.
മുഖപുസ്തക രചനകള്‍ക്ക് ചിത്രീകരണം ഒരുക്കിയിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരനായ ജോര്‍ജ് ജോസഫ് കെയുടെ ചവിട്ടോര്മ്മ എന്ന നോവലിന് വരച്ചത് മറിയമാണ്. രണ്ടായിരത്തി ഇരുപത്തി ഒന്നിലെ പ്രസാധകന് ഓണപ്പതിപ്പ്, സമകാലിക മലയാളം, ജനനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൊക്കെ മറിയത്തിന്റെ ശ്രദ്ധേയമായ ഇലസ്ട്രേഷനുകള് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2021 ല്‍ നിറകേരളം എന്ന പേരില്‍ ലളിതകലാ അക്കാദമി സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പിലും 2021 ല്‍ തന്നെ ലളിതകലാ അക്കാദമി അതിന്റെ ചരിത്രത്തിലാദ്യമായി പ്രമുഖ ആര്‍ട്ടിസ്റ്റുകളെ സംബന്ധിക്കുന്ന ഡയറക്ടറി പ്രസിദ്ധീകരിച്ചപ്പോള്‍ അതിലും ഉള്‍പ്പെടാന്‍ കഴിഞ്ഞത് ചിത്രകാരി എന്ന നിലയ്ക്ക് മറിയം അഭിമാനമായി കാണുന്നു. കെസിഎസ് പണിക്കരേയും രാജാരവിവര്‍മ്മയേയും പോലുള്ള കണ്ടംപറി ആര്‍ട്ടിസ്റ്റുകളെ പരമാര്‍ശിക്കുന്ന ഡയറക്ടറിയായിരുന്നു അത്.
ഭവാന്‍സ് കൊച്ചി കേന്ദ്രയില്‍ നിന്ന് ജേര്‍ണലിസവും മഹാരാജാസ് കോളജില്‍ നിന്ന് ബി.എ.ഹിസ്റ്ററിയും പഠിച്ച കൊച്ചി പള്ളുരുത്തി സ്വദേശിനിയായ മറിയം ജാസ്മിന് ഇപ്പോള്‍ അധ്യാപികയാണെങ്കിലും ചിത്രമെഴുത്തിനോടുള്ള പ്രണയം തന്നെയാണ് അവരില്‍ മുന്നിട്ട് നില്‍ക്കുന്നത്.
നിറങ്ങളുടെ ശബളിമ മറിയത്തിന്റെ ചിത്രങ്ങളില്‍ കാണാമെങ്കിലും റിയലിസ്റ്റിക് സ്വഭാവത്തിലാണ് മറിയം ചിത്രമെഴുതുന്നത്.. ടക്സാസിലെ മൂണ്സ്പെയ്സ് ആര്‍ട്ട്ഗാലറിയുടെ ഒരു ഇന്‍ട്രൊഡക്ഷന്‍ വീഡിയോയിലും മറിയത്തിന്റെ ചിത്രം ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: