പത്തനംതിട്ട: നഗരത്തില്‍ ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ 9 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷന് സമീപത്തായിരുന്നു തെരുവുനായ ആളുകളെ കടിച്ചത്. പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് ബസ്സിറങ്ങി ജോലിക്ക് പോയ ആളുകളെയാണ് നായ ആക്രമിച്ചത്. കടിയേറ്റവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ആളുകളെ കടിച്ച ശേഷം ഓടിയ നായ സ്വകാര്യ ബസ് ഇടിച്ച് ചാവുകയും ചെയ്തു. നായയ്ക്ക് പേവിഷബാധ ഉണ്ടോ എന്ന് പരിശോധിക്കാൻ നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേര്‍ക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കിയ എ.ബി.സി പദ്ധതി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല.
പ്ലാന്‍ ഫണ്ടില്‍ നിന്നാണ് വന്ധ്യംകരണ പദ്ധതിക്കുള്ള തുക അനുവദിച്ചിരിക്കുന്നത്. ഹെല്‍ത്ത് വിഭാഗവും പരിയാരം വെറ്ററിനറി വിഭാഗവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ പ്രത്യേകം തയ്യാറാക്കിയ ശസ്ത്രക്രിയാ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടുകയാണ് ചെയ്യുന്നത്.
നായശല്യം നിയന്ത്രിക്കാനുള്ള നഗരസഭയുടെ പദ്ധതികളും ജനങ്ങളുടെ മാലിന്യ നിക്ഷേപം നിയന്ത്രിക്കാനുള്ള നടപടികളും കാര്യമായി ഫലം കാണുന്നില്ല. നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: