‘ഗവര്‍ണര്‍ തന്നിഷ്ട പ്രകാരം വി.സിയെ നിശ്ചയിച്ച് നിയമിച്ചാല്‍ വീട്ടിലിരിക്കയേയുള്ളൂ. ചുമതലയേറ്റെടുക്കാന്‍ സര്‍വകലാശാലയില്‍ വന്നാല്‍ കയ്യും വെട്ടും കാലും വെട്ടും. പറ്റുമെങ്കില്‍ തലയും വെട്ടും.’ എസ്എഫ്ഐക്കാരുടെ മുദ്രാവാക്യം ഇതായിരുന്നു. ഇതിനിടയില്‍ ഒരു സംഭവം. കേരളാ സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. സിസ തോമസ് വൈസ് ചാന്‍സലറാവാന്‍ എത്തി. വെള്ളക്കടലാസില്‍ ചുമതലയേറ്റതായി എഴുതി നല്കി. ഇതിനിടയില്‍ ജീവനക്കാരില്‍ ചിലരും എസ്എഫ്ഐക്കാരെന്ന പേരില്‍ പലരും മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. കൈയും വെട്ടിയില്ല, കാലും വെട്ടിയില്ല. മുടിയും വെട്ടിയില്ല. വിളിക്കുന്ന മുദ്രാവാക്യവും ചെയ്യുന്ന കാര്യങ്ങളും തമ്മില്‍ ഒരു പൊരുത്തവുമില്ല.
ഡോ. എം.എസ്.രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയതിനെ തുടര്‍ന്നാണ് നടപടി. ഡോ. സജിഗോപിനാഥ്, ഇഷിതാറോയി എന്നിവരെ വി.സിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതങ്ങ് മനസ്സില്‍വച്ചാല്‍ മതി എന്ന നിലപാട് സ്വീകരിച്ച ഗവര്‍ണറാണ് ഡോ. സിസി തോമസിനോട് വി.സിയാകാന്‍ നിര്‍ദ്ദേശിച്ചത്.
എന്തിനാണ് എസ്എഫ്ഐക്കാരെ പറയുന്നത്. മുഖ്യമന്ത്രിക്കുപോലും തെറ്റുപറ്റുന്നു. പൊതുമേഖലാ സ്ഥാപനത്തിലെ പെന്‍ഷന്‍പ്രായം തന്നെ തെളിവല്ലെ. മന്ത്രിസഭായോഗത്തില്‍ വിഷയംകൊണ്ടുവന്ന് തീരുമാനത്തിലെത്തിച്ചത് മുഖ്യമന്ത്രിയാണല്ലോ. പാര്‍ട്ടിയുടെ പ്രഖ്യാപിതനിലപാടെന്താണ്. പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍പാടില്ലെന്നല്ലെ. എന്തായി? ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി പറയുന്നു, വീഴ്ചപറ്റിയതാര്‍ക്കാണെങ്കിലും തിരുത്തണം എന്ന്. പെന്ഷന് പ്രായവര്‍ധന പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ച ചെയ്തിട്ടില്ല. കളവുപറയേണ്ട കാര്യമല്ല. അതുകൊണ്ടാണ് തെറ്റി എന്ന് സമ്മതിച്ചെന്നതെന്നും ഗോവിന്ദന് വിശദീകരിച്ചു.
പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള തീരുമാനം ഒരു നിര്‍ഗുണപരബ്രഹ്മമൊന്നുമല്ല. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ. സര്‍ക്കാര്‍ സ്വീകരിക്കുന്ന പതിവ് പദ്ധതി. വിവാദമാകുന്ന വിഷയത്തില്‍ നിന്നും തല്‍ക്കാലത്തേക്കെങ്കിലും ശ്രദ്ധതിരിക്കുക. കെ.എന്‍.ബാലഗോപാലാണല്ലോ ഉത്തരവിറക്കിയത്. ഉത്തരേന്ത്യയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതും ബാലഗോപാല്‍. മോശം പരാമര്‍ശം മന്ത്രി നടത്തിയില്ലെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നു. മന്ത്രിയില്‍ പൂര്‍ണതൃപ്തിയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അത്രയും സംതൃപ്തിയുണ്ടെങ്കില്‍ കെ.എന്‍.ബാലഗോപാലിനെ കക്ഷിനേതാവായി തിരഞ്ഞെടുത്തുകൂടേ. അടുത്ത സിഎം (ചീഫ് മിനിസ്റ്റര്‍) ബാലഗോപാലായാല്‍ ഇന്നത്തെ ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാതിരിക്കുമോ? അതൊന്ന് നോക്കാലോ? ഗവര്‍ണറെ തോല്‍പ്പിക്കാന്‍ ഇതിലും വലിയൊരു വഴിയുണ്ടോ?
എന്തെല്ലാം ഗുലുമാലുകളാണ് ഗവര്‍ണര്‍ കുത്തിപ്പൊക്കുന്നത്. ഇങ്ങിനെയൊക്കെ പറയാമോ? ഇതൊക്കെ ചെയ്യാമോ എന്ന് കുഞ്ഞാലിക്കുട്ടി പോലും ചോദിക്കുന്നു. ഇമ്മാതിരിയൊന്നും അദ്ദേഹം കേട്ടതേ ഇല്ല. കാനം രാജേന്ദ്രനും അത്ഭുതമാണ്. എല്ലാവരുടെയും ആശങ്കയും അത്ഭുതവും അകറ്റാം, ബാലഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍. മുഖ്യമന്ത്രിയുടെ ഓഫിസും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരും കള്ളക്കടത്തു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ താന്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയത് വ്യാഴാഴ്ചയാണ്. എല്ലാ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും അവസാനം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നീളുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഗവര്‍ണര്‍ ഉന്നയിച്ചു. കള്ളക്കടത്ത് സംരക്ഷിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്നുവെന്നും അന്വേഷിക്കാന്‍ കേരളത്തിലെ ഏജന്‍സികളെ അനുവദിച്ചില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. എങ്ങനെ ഇടപെടുമെന്ന ചോദ്യത്തിന്, അക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ ആക്ഷേപവുമായി ഗവര്‍ണര്‍ രംഗത്തുവരുന്നത് ആദ്യമാണ്. കേരള ഹൗസില്‍ 40 മിനിറ്റിലധികം അദ്ദേഹം മാധ്യമങ്ങളുമായി സംസാരിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരിക്കുന്നവര്‍ ബന്ധുക്കളെ അനധികൃതമായി നിയമിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് ഉത്തരവിട്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ വിഷയത്തിലും ഇടപെടും. കേരളത്തിലെ ജനങ്ങള്‍ എന്താണോ സംസാരിക്കുന്നത്, അതു മാത്രമാണ് താന്‍ പറയുന്നതെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി. ‘എന്റെ അധികാരമുപയോഗിച്ച് ആര്‍എസ്എസ് നോമിനിയോ അല്ലാതെയോ ഒരാളെയെങ്കിലും നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ ഞാന്‍ രാജിവയ്ക്കാം. ഇത് തെളിയിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോ? സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം അദ്ദേഹം മറക്കരുത്.’–എന്തുകണ്ടിട്ടാണാവോ ഗവര്‍ണര്‍ ഇങ്ങിനെയൊക്കെ പറയുന്നതെന്ന് എങ്ങിനെ ചോദിക്കാതിരിക്കും.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശ യാത്ര നടത്തിയത് ഭരണത്തലവനായ തന്നെ അറിയിക്കാതെയെന്ന് രാഷ്ട്രപതിയെ അറിയിച്ച് ഗവര്‍ണര്‍. സംസ്ഥാന ഗവര്‍ണറോട് വിദേശയാത്ര നടത്തുന്നതിന് മുമ്പോ അതിനുശേഷമോ ഇതു സംബന്ധിച്ച് അറിയിച്ചിട്ടില്ല. ബിസിനസ് ചട്ട വിരുദ്ധമാണ് ഈ നടപടിയെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയും സംഘവും നടത്തിയ പത്തുദിവസത്തെ വിദേശ യാത്രയെ കുറിച്ച് അറിയിച്ചില്ല. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആര്‍ക്കാണ് പകരം ചുമതലയെന്ന് അറിയിച്ചുമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ ഔദ്യോഗിക യാത്ര പോകുംമുമ്പ് പ്രധാനമന്ത്രി രാഷ്ട്രപതിയെയും മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍മാരെയും കാര്യങ്ങള്‍ നേരിട്ടെത്തി ധരിപ്പിക്കാറുണ്ട്. നടത്താന്‍ പോകുന്ന പ്രധാന ചര്‍ച്ചകളെയും മറ്റും പറ്റിയാണ് ഇത്തരത്തില്‍ ഭരണത്തലവന്മാരെ ധരിപ്പിക്കുക. പോയിവന്നശേഷം യാത്രയുടെ ഫലത്തെക്കുറിച്ചും അറിയിക്കും. എന്നാല്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ 13 വരെയുള്ള മുഖ്യമന്ത്രിയുടെ പത്തുദിവസം നീണ്ട യാത്രയും നാലുരാജ്യങ്ങള്‍ സന്ദര്‍ശിച്ചതും അവിടെ നടന്ന ഔദ്യോഗിക ചര്‍ച്ചകള്‍ സംബന്ധിച്ചും വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചില്ലെന്നും ഗവര്‍ണറുടെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന ആവര്‍ത്തിച്ചാല്‍ വിവരമറിയുമെന്നു ഗവര്‍ണര്‍ ആവര്‍ത്തിച്ചത് ആരെയാണ് ആശങ്കപ്പെടുത്താതിരിക്കുക! ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദോഷം ചെയ്യുമെന്നതിനാല്‍ സിപിഎം ദേശീയ നേതൃത്വം പോലും ഈ വിഷയം ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചു.
യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളില്‍ ഏറ്റവുമധികം കേരളത്തില്‍ നിന്നായത് എന്തുകൊണ്ടാണ്? കേരളത്തില്‍ പണമുള്ളവര്‍ സ്വകാര്യസര്‍വകലാശാല തുടങ്ങാന്‍ തമിഴ്നാടും കര്‍ണാടകയും തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്? ഗവര്‍ണര്‍ക്കു മാത്രമല്ല, എല്ലാവര്ക്കും ലക്ഷ്മണ രേഖയുണ്ട്. ഗവര്‍ണറുടെ ഫോണ്‍ കോളിനും കത്തിനും മുഖ്യമന്ത്രി മറുപടി നല്‍കാതിരിക്കുന്നത് ലക്ഷ്മണരേഖ കടക്കുന്നതായി തോന്നുന്നില്ലേ? കേന്ദ്ര സര്‍ക്കാരിലെ ഒരു സെക്രട്ടറി എന്നെ കാണാന്‍ കഴിഞ്ഞ ദിവസം കേരള ഹൗസില്‍ വരാനിരുന്നതാണ്. മുഖ്യമന്ത്രി അതേ ദിവസം അവിടെയുണ്ടെന്നറിഞ്ഞയുടന്‍ എന്റെ സ്റ്റാഫിനെ വിളിച്ച് അദ്ദേഹം പറഞ്ഞു–’ഞാന്‍ ഇന്നു വരില്ല, ഞാന്‍ വന്നാല്‍ അവര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ചെയ്യും.’ കേരളത്തിലെ സര്‍ക്കാരിനു കീഴില്‍ ഭയത്തോടെയല്ലേ ആളുകള്‍ ജീവിക്കുന്നത്? ഈ ഭയം നീങ്ങാനെങ്കിലും കെ.എന്‍.ബാലഗോപാല്‍ സി.എം. ആയിത്തീരാന്‍ വഴിയൊരുങ്ങുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: