സന്തോഷ് മാത്യു
പാകിസ്ഥാന്‍ എന്ന ഉറുദു വാക്കിന്റെ അര്‍ഥം പരിശുദ്ധി എന്നാണ്. എന്നാല്‍ പരിശുദ്ധമായ കാര്യങ്ങളല്ല അവിടുന്ന് ഇപ്പോള്‍ പുറത്തു വരുന്നത്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാനു(70)നേരെ നടന്ന വധശ്രമം ആ രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കയാണ്. ഇസ്ലാമാബാദിലേക്ക് നടത്തുന്ന ലോങ് മാര്‍ച്ച് പഞ്ചാബ് പ്രവിശ്യയിലെ വാസീറാബാദില്‍ എത്തിയപ്പോള്‍ ഒരു യുവാവ് തുടരെ വെടിവയ്‌ക്കുകയായിരുന്നു. വലതുകാലില്‍ മുട്ടിനു താഴെയായി വെടിയേറ്റ ഇമ്രാനെ ഉടനെ തന്നെ ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന സെനറ്റര്‍ ഫൈസല്‍ ജാവേദ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു.
മാര്‍ച്ച് ഗുജ്റന്‍വാലയിലെ അലവാല ചൗക്കില്‍ എത്തിയപ്പോള്‍ നവംബര്‍ മൂന്നിന് വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണം. കണ്ടെയ്നര്‍ ട്രക്കിനു മുകളില്‍നിന്ന് അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്ന ഇമ്രാനുനേരെ തൊട്ടുതാഴെ നിന്ന് ആറുതവണ വെടിവക്കുകയായിരുന്നു. കൊലപാതക ശ്രമമായിരുന്നെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിയെ കീഴടക്കിയിരുന്നില്ലെങ്കില്‍ ഇമ്രാന്‍ ഉള്‍പ്പെടെ പിടിഐയുടെ പ്രമുഖ നേതാക്കളെല്ലാം കൊല്ലപ്പെടുമായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2007ല്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും പൊതുറാലിക്കിടെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 28നാണ് ഇമ്രാന്‍ ലാഹോറില്‍നിന്ന് 380 കിലോമീറ്റര്‍ ലോങ് മാര്‍ച്ച് ആരംഭിച്ചത്. ഏഴാംദിവസം മാര്‍ച്ച് പഞ്ചാബിലെത്തിയപ്പോള്‍ ഇമ്രാന്‍ ഖാന് വെടിയേല്‍ക്കുകയായിരുന്നു. ആദ്യപ്രഖ്യാപന പ്രകാരം ഈ മാര്‍ച്ച് നവംബര്‍ നാലിനാണ് ഇസ്ലാമാബാദില്‍ എത്തേണ്ടിയിരുന്നത്. വധശ്രമം നടന്ന വസീറാബാദില്‍നിന്ന് ഇസ്ലാമാബാദിലേക്ക് 200 കിലോമീറ്ററോളം ദൂരമുണ്ട്. പാകിസ്ഥാനിലെ ഭരണകൂടത്തിനും സൈനികമേധാവിത്വത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങിവച്ച വന്‍പ്രക്ഷോഭങ്ങള്‍ക്കിടെയാണ് വധശ്രമമുണ്ടായതെന്നതാണ് ഈ സംഭവം പാക് രാഷ്‌ട്രീയത്തെ കലുഷിതമാക്കാന്‍ കാരണമാകുന്നത്. ഈ സംഭവത്തോടെ പാകിസ്ഥാനില്‍ ആഭ്യന്തര അസ്വസ്ഥത പടരുകയാണ്. രാഷ്‌ട്രീയ അനശ്ചിതത്വത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ സൈന്യം വീണ്ടും പിടിമുറുക്കും.
പാകിസ്ഥാനില്‍ 2018-ല്‍ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രിയായി അവരോധിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് സൈന്യമായിരുന്നു. എന്തായാലും പാക് രാഷ്‌ട്രീയത്തില്‍ സുപ്രീംകോടതിയും സൈന്യവും വീണ്ടും നിര്‍ണായകമായിരിക്കുകയാണ്. മുമ്പ് ജനറല്‍ പര്‍വേസ് മുഷറഫിന്റെയും പിന്നീട് അഞ്ചുവര്‍ഷം മുമ്പ് ഷഹബാസിന്റെ ജ്യേഷ്ഠന്‍ നവാസ് ഷെറീഫിന്റെയും പതനത്തില്‍ സുപ്രീംകോടതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്തിന്റെ ചരിത്രത്തില്‍ സൈന്യത്തോളം മുദ്ര പതിപ്പിച്ചിട്ടുള്ള ഒരു സംവിധാനവുമില്ല. 75 വര്‍ഷമാകുന്ന പാകിസ്ഥാന്റെ ചരിത്രത്തില്‍ പകുതിയിലേറെക്കാലം ഭരിച്ചത് സൈന്യമാണ്. അത്തരത്തില്‍ നേരിട്ടുള്ള സൈനികവാഴ്ചയോ അതോ മറ്റ് പലപ്പോഴുമെന്നപോലെ സൈന്യം തിരശ്ശീലയ്‌ക്കു പിന്നില്‍നിന്ന് ഭരിക്കുന്ന ‘ജനാധിപത്യ’ സംവിധാനംതന്നെയായിരിക്കുമോ പാകിസ്ഥാനില്‍ ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
പാകിസ്ഥാന്‍ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പകുതി കാലം ഭരണം നടത്തിയത് പട്ടാളമാണ്. അതായത് ചരിത്രം ആവര്‍ത്തിക്കാന്‍ സമയം വൈകിയിരിക്കുന്നു. അയൂബ് ഖാന്‍(1958- 1971), സിയ -ഉല്‍ -ഹഖ്(1977-1988 ), പര്‍വേസ് മുഷറഫ് (1999- 2008) എന്നിവരുടെ നിരയിലേക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ കടന്നു വരുമോ എന്നാണ് ഇനി അറിയേണ്ടത്. അധികാരത്തിന്റെ പരകോടിയിലെത്തിയവര്‍ എക്കാലവും കഴുമരവും കാരാഗൃഹവാസവും പ്രവാസവുമെല്ലാം രുചിച്ച ദേശമാണത്. സുല്‍ഫീക്കര്‍ അലി ഭുട്ടോ മുതല്‍ നവാസ് ശരീഫ് വയുള്ളവരുടെ ചരിത്രം അങ്ങനെത്തന്നെയാണ്. സുല്‍ഫിക്കറിന് കഴുമരമായിരുന്നുവെങ്കില്‍ നവാസിന് കാരാഗൃഹമായിരുന്നു. ബേനസീറിന് ബോംബ് സ്‌ഫോടനവും. ആ പട്ടികയിലേക്ക് പതിയെ നടന്നുകയറുകയാണ് ഇംറാന്‍ ഖാനും.
പാകിസ്ഥാനില്‍ ആരു അധികാരത്തില്‍ വന്നാലും നമുക്ക് ഒരുപോലെയാണ്. കാരണം ഇമ്രാനെ പോലെ പട്ടാളത്തിന്റെ കളിപ്പാവ ആയിരിക്കും തുടക്കത്തില്‍ ഇവര്‍. പിന്നീട് പട്ടാളത്തിന്റെ തോളില്‍ കയറിയിരുന്നു ചെവി കടിക്കാന്‍ നോക്കും. അവര്‍ പിടിച്ചു പുറത്താക്കും. ഇതാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. 2018ല്‍ ഇമ്രാനെ അധികാരത്തിലെത്താന്‍ പ്രധാനമായും സഹായിച്ച സൈന്യം പിന്നീട് ഇമ്രാന് പുറത്തേക്കുള്ള വഴിയൊരുക്കുന്നതിലും പങ്കു വഹിച്ചു. പ്രതിസന്ധികളില്‍ അകപ്പെട്ട രാജ്യത്തിന്റെ രക്ഷകനാകുമെന്ന് പ്രഖ്യാപിച്ചാണ് 2018 ജൂലൈയിലെ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനത ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിനെ (പിടിഐ) പിന്തുണച്ചു. 342ല്‍ 149 സീറ്റ് നേടിയ പിടിഐ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മൂന്നു ചെറുപാര്‍ടികളെയും ഒപ്പംകൂട്ടി ഭരണത്തിലേറി. രാജ്യത്തെ ഏഴ് പ്രവിശ്യയില്‍ ആറിലും ഭരണം നേടി.
ആരു ഭരണത്തിലെത്തിയാലും പാകിസ്ഥാനെ നിയന്ത്രിക്കുന്നതില്‍ പട്ടാളത്തിനും ഒപ്പം തീവ്രവാദ സംഘടനകള്‍ക്കും വലിയ സ്ഥാനമുണ്ട്. ഭരണത്തിലേറുന്ന സര്‍ക്കാര്‍ ഇവരുടെ കളിപ്പാവയായി മാറുന്നതാണ് ചരിത്രം. ലോകത്തെ ഇസ്ലാമിക ഭീകരവാദത്തിന്റെ കേന്ദ്രമാണ് പാകിസ്ഥാന്‍. ലോകത്തെവിടെയും പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരര്‍ക്ക് പാക് മണ്ണില്‍ വേരുകളുണ്ട്. ഇസ്ലാമിക ഭീകരരും പാക് ചാര സംഘടനയായ ഐ എസ് ഐ യും തമ്മിലുള്ള പൊക്കിള്‍ കൊടി ബന്ധത്തിന് തെളിവാണ് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ സുരക്ഷിതമായി കഴിഞ്ഞത്. തീവ്രവാദത്തിനെതിരെ പോരുനയിക്കുകയാണ് തങ്ങളെന്ന് പാക് നേതാക്കള്‍ ലോകരാജ്യങ്ങളോടു പറയുമ്പോഴും ആ മണ്ണില്‍ എന്നും തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ് അവരുടെ ശൈലി. തീവ്രവാദികളെ അകറ്റിനിര്‍ത്തിക്കൊണ്ടൊരു രാഷ്‌ട്രീയം പാകിസ്ഥാനില്ല. പാകിസ്ഥാന്‍ രാഷ്‌ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുമ്പോള്‍ തീവ്രവാദ സംഘങ്ങള്‍ കൂടുതല്‍ കരുരാര്‍ജ്ജിക്കും. അത് ലോകത്തിനു തന്നെ ഭീഷണിയാണ്. പാക് താലിബാനെ വീണ്ടും ആയുധം അണിയിച്ച് ഇന്ത്യക്കെതിരെ പാക് സൈന്യം അണി നിരത്തും. ഇന്ത്യയില്‍ ഒരു ദശകമായി കേള്‍ക്കാത്ത പേരുകളായ ലേഷ്‌കര്‍, ജെയ്ഷ് എ മൊഹമ്മദ്, ഹാഫിസ് സെയ്ദ് എന്നിവ വീണ്ടും കേള്‍ക്കാന്‍ സാധ്യത തെളിയും എന്നതാണ് ഇതിന്റെയൊക്കെ ബാക്കിപത്രം.
പാകിസ്ഥാന്റെ 75 വര്‍ഷ ചരിത്രത്തില്‍ ഇതുവരെ ഒരൊറ്റ പ്രധാനമന്ത്രിക്കും അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാനായിട്ടില്ല. ഇതുവരെ 22 പ്രധാനമന്ത്രിമാരും ഏഴ് കാവല്‍ പ്രധാനമന്ത്രിമാരുമുണ്ടായി. സൈനിക അട്ടിമറി, കൊലപാതകം, സുപ്രീംകോടതി അയോഗ്യത കല്‍പ്പിക്കല്‍, പ്രസിഡന്റ് പുറത്താക്കല്‍, ഭൂരിപക്ഷം നഷ്ടപ്പെട്ടുള്ള രാജി എന്നിങ്ങനെ വിവിധ കാരണങ്ങളായിരുന്നു ഇതിനുപിന്നില്‍. 1977- 1985 കാലയളവില്‍ രാജ്യത്തെ പ്രധാനമന്ത്രി പദവി സൈനിക ഭരണാധികാരിയായിരുന്ന ജനറല്‍ സിയ ഉള്‍ ഹഖ്‌റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം പൂര്‍ത്തിയാക്കിയത് ആദ്യ പ്രധാനമന്ത്രിയായ ലിയാഖത്ത് അലി ഖാനാണ്. നാലു വര്‍ഷവും രണ്ട് മാസവും. 13 ദിവസം മാത്രം പ്രധാനമന്ത്രി കസേരയിലിരുന്ന നൂറുല്‍ അമീനാണ് ഏറ്റവും കുറഞ്ഞ കാലാവധിയില്‍ ഭരിച്ചത്. ഏറ്റവും കൂടുതല്‍ തവണ പ്രധാനമന്ത്രിയായത് പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവ് നവാസ് ഷെരീഫാണ്. നാല് തവണയായി ഒമ്പത് വര്‍ഷവും നാല് മാസവും 22 ദിവസവും.
സാമ്പത്തികമായി ഏറെ തകര്‍ന്ന അവസ്ഥയിലാണ് പാകിസ്ഥാന്‍. അമേരിക്കയടക്കം നല്‍കിവരുന്ന സഹായത്താലാണ് മുന്നോട്ടുള്ള പോക്ക്. ഇതാകട്ടെ ഭീകരതക്കെതിരായ പോരാട്ടത്തിനായി നല്‍കുന്ന സാമ്പത്തിക സഹായവുമാണ്. പാകിസ്ഥാന്റെ രാഷ്‌ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും മുന്നില്‍ കണ്ടാണ് ചൈന അവിടെ ഇടപെടുന്നത്. വന്‍തോതില്‍ പണം കടംകൊടുത്തും പാകിസ്ഥാന് ആവശ്യമില്ലാത്ത പദ്ധതികള്‍ നടപ്പിലാക്കിയും ചൈന അവിടെ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പാകിസ്ഥാനെത്തും. സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയാല്‍ പാക് ഭരണാധികാരികള്‍ ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുവാന്‍ ഭീകരരെ അയക്കുകയും ചെയ്യുകയാണ് പതിവ്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി കാലങ്ങളായി ചെയ്യുന്നതാണിത്. ഇപ്പോഴും ഇത്തരം തന്ത്രങ്ങള്‍ ആവര്‍ത്തിക്കാം. എന്തായിരുന്നാലും വരും നാളുകളില്‍ പാക്‌രാഷ്‌ട്രീയം കൂടുതല്‍ കലുഷിതമാകും. സാമ്പത്തിക പ്രതിസന്ധിയിലാകുന്ന ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയേക്കാം. പതിവുപോലെ അപ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ തിരിയുകയും ചെയ്യും. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഏതു നീക്കത്തെയും കരുതലോടെ നേരിടാന്‍ തയ്യാറായിരിക്കുകയാണ് നമ്മുടെ ഭരണകൂടം. അതിനുള്ള കരുത്ത് നാം ആര്‍ജിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: