പതിവു ശൈലിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തുവന്നത് സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മറ്റ് വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതും, ഇതിനെതിരെ നിയമവിരുദ്ധമായി പ്രതികരിച്ച മന്ത്രിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടതുമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് കണ്ടെത്തിയാണ് സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയത്. സര്‍ക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയായിരുന്നു ഈ വിധി. വിധി അംഗീകരിക്കുന്നതായി കാണിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തെഴുതുകയും, വിസി തല്‍സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ ഈ വിധി ബാധകമാണെന്നു കാണിച്ചാണ് മറ്റ് വിസിമാരോടും ഗവര്‍ണര്‍ വിശദീകരണം തേടിയത്. ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള നിയമലംഘനവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. വിസിമാരുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയും വാക്കാല്‍ ഇത് ശരിവയ്ക്കുകയുണ്ടായി. നിയമനാധികാരി ചാന്‍സലറായ ഗവര്‍ണറായതിനാല്‍ എന്തുകൊണ്ട് നടപടിയെടുത്തുകൂടാ എന്നാണ് ഹൈക്കോടതി ബെഞ്ച് ചോദിച്ചത്. കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കിയതിന് കേരള സര്‍വകലാശാലയെ കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
വിശദീകരണം നല്കാന് സാവകാശം കൊടുത്തതല്ലാതെ ഹര്‍ജിക്കാരായ വിസിമാര്‍ക്ക് യാതൊരു സംരക്ഷണവും ഹൈക്കോടതി നല്‍കിയില്ലെന്നു മാത്രമല്ല, വിസി നിയമനത്തില്‍ ക്രമക്കേടു കണ്ടെത്തിയാല്‍ കണ്ണടയ്ക്കണോയെന്ന സുപ്രധാന ചോദ്യവും ഉന്നയിച്ചിരിക്കുന്നു. സുപ്രീംകോടതിവിധിയനുസരിച്ച് വിസിമാര്‍ക്ക് രാജിവയ്ക്കാതെ മാര്‍ഗമില്ലെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം. സാങ്കേതിക സര്‍വകലാശാല വിസിക്കെതിരായ വിധി സര്‍ക്കാര്‍ അംഗീകരിച്ചത് ഇവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. തന്നിലാണ് സര്‍വ അധികാരവുമെന്ന് ധരിച്ചാല്‍ അത് വകവച്ചുതരില്ലെന്നും, പ്രീതി നഷ്ടപ്പെട്ടെന്നു പറഞ്ഞാല്‍ അത് തീരുമാനിക്കാന്‍ ഇവിടെ മന്ത്രിസഭയുണ്ടെന്നുമൊക്കെയുള്ള ഗവര്‍ണര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വാക്കുകള്‍ പരിധി ലംഘിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ തന്നിലാണ് എല്ലാ അധികാരവുമെന്നു കരുതുന്നത് ഗവര്‍ണറല്ല, മുഖ്യമന്ത്രിയാണ്. മന്ത്രിമാരിലുള്ള പ്രീതിയുടെ കാര്യം തീരുമാനിക്കുന്നത് മന്ത്രിസഭയാണെന്നു പറയുന്ന മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ താന്‍തന്നെയാണ് അധികാരിയെന്നു വരുത്താനാണ് ശ്രമിക്കുന്നത്. ഇത് നിയമത്തിലുള്ള അജ്ഞതയല്ല, അമിതാധികാര പ്രവണതയാണ്. ഗവര്‍ണറുടെ പ്രീതി ഉള്ളിടത്തോളം മാത്രം മന്ത്രിമാര്‍ക്ക് ഔദ്യോഗിക പദവിയില്‍ തുടരാം എന്നുതന്നെയാണ് ഭരണഘടന പറയുന്നത്. മറിച്ചുള്ള ചിന്ത വ്യാമോഹം മാത്രമാണ്. മുഖ്യമന്ത്രി അത് ഉപേക്ഷിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ കോടതി പരിശോധിക്കുമ്പോള്‍ പരിഹാസ്യനാവും.
ഗവര്‍ണര്‍ക്ക് ഭരണഘടന നല്കുന്ന വിവേചനാധികാരത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതാണ് മുഖ്യമന്ത്രിയുടെ പ്രശ്നം. ഗവര്‍ണര്‍ അധികാരമൊന്നുമില്ലാത്ത റബര്‍ സ്റ്റാമ്പാണെന്ന കേട്ടുകേള്‍വിയാണ് മുഖ്യമന്ത്രിയെ വഴിതെറ്റിക്കുന്നത്. നിയമപരമായി ഗവര്‍ണര്‍ക്ക് വിപുലമായ അധികാരങ്ങളാണുള്ളത്. അത് എടുത്തുമാറ്റാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ കഴിയില്ല. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാന്‍ ആര്‍ക്കുമാവില്ല. അതുകൊണ്ടാണല്ലോ അത് ‘വിവേചനാധികാരം’ ആവുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നിയമവിദഗ്ധര്‍ മറിച്ചുള്ള ഉപദേശങ്ങള്‍ നല്കിയിട്ടുണ്ടെങ്കില് അത് ഗവര്‍ണറുടെ കുറ്റമല്ല. ഇവിടെ അടിസ്ഥാനപരമായ പ്രശ്നം ഗവര്‍ണറും സര്‍ക്കാരും തമ്മിലെ ഏറ്റുമുട്ടലല്ല. ഇതാണ് സംഭവിക്കുന്നതെന്നു വരുത്താന്‍ ചില മാധ്യമങ്ങളും തല്‍പ്പര കക്ഷികളും ശ്രമിക്കുന്നത് സര്‍ക്കാരിനെ വെള്ളപൂശി കാണിക്കാനാണ്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പ്രശ്നത്തിലും മറ്റു കാര്യങ്ങളിലും തങ്ങളുടെ ഇംഗിതത്തിന് ഗവര്‍ണര്‍ വഴങ്ങുന്നില്ലെന്നു വന്നപ്പോഴാണ് സിപിഎമ്മും സര്‍ക്കാരും തനിനിറം പുറത്തെടുത്തത്. മറ്റൊരു ഗവര്‍ണറും ഇങ്ങനെയൊന്നും പെരുമാറിയിട്ടില്ല എന്നാണെങ്കില്‍, അത് ഇപ്പോഴത്തെ ഗവര്‍ണറുടെ കുറ്റമല്ല. ഭരണത്തിലെ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ നഗ്നമായ നിയമലംഘനങ്ങള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കണമെന്നാണ് സിപിഎം നേതൃത്വം കരുതുന്നതെങ്കില്‍ അത് വലിയൊരു തെറ്റിദ്ധാരണയായിരിക്കും. ഇതു കേരളമായതുകൊണ്ട് താന്‍ വിചാരിക്കുന്നതൊക്കെ നടത്തിക്കളയാമെന്ന ചിന്ത മുഖ്യമന്ത്രി ഉപേക്ഷിക്കണം. സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ അവിടെയും ഇടപെടുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: