തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിന് മുമ്പ് ചർച്ച ചെയ്യാത്തതിൽ സിപിഎമ്മിൽ കടുത്ത അതൃപ്തി. പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങളിലും ഇക്കാര്യം ചർച്ചയാകും. സര്‍ക്കാര്‍ യുവജന തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഏകപക്ഷീയമായി തീരുമാനം എടുത്തതുകൊണ്ടാണ് ഉത്തരവ് മറരവിപ്പിക്കേണ്ടിവന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഇത്തരമൊരു തീരുമാനത്തെ കുറിച്ച് പാർട്ടിക്ക് അറിയില്ല. പാർട്ടിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഒത്തരമൊരു ഉത്തരവിറങ്ങിയതെന്ന് പരിശോധിക്കും”- എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആയി ഏകീകരിച്ചുകൊണ്ടാണ് ശനിയാഴ്ച ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. ഈ തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്‌ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.
അതേസമയം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വിഷയത്തില്‍ പുതിയ വിവാദം വേണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ധനകാര്യ വകുപ്പിന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളൊക്കെ പരിഗണിച്ചാണ് ഉത്തരവ് മരവിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം അറുപതാക്കി ഏകീകരിച്ച തീരുമാനം പ്രതിപക്ഷത്തിന്റെയും ഇടത് യുവജനസംഘടനകളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് ഇന്നലെയാണ് മന്ത്രിസഭായോഗം മരവിപ്പിച്ചത്. ഓരോ സ്ഥാപനത്തിന്റെയും സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തി പിന്നീട് പ്രത്യേകം തീരുമാനമെടുക്കാനാണ് ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: