തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസ് അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകവും ആസൂത്രണവും നടന്നതും തൊണ്ടിമുതല്‍ കണ്ടെത്തിയതും തമിഴ്നാട് അതിര്‍ത്തിയിലാണ്. അതിനാല്‍ കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്നാണ് നിയമോപദേശം.
തങ്ങളുടെ അധികാര പരിധിക്ക് പുറത്തുണ്ടായ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും കുറ്റപത്രം സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് ശ്രമിച്ചാല്‍ കേസിന്റെ വിചാരണഘട്ടത്തില്‍ അത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. പ്രതി ഭാവിയില്‍ അന്വേഷണത്തിന്റെ അധികാര പരിധി ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്. അതിനാൽ കേസ് തമിഴ്നാടിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറൽ എസ്പിക്ക് ലഭിച്ച നിയമോപദേശം.
കേസ് അന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന നിയമോപദേശം റൂറൽ എസ്പി ഡിജിപിക്ക് നൽകും. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് കൈമാറാനുളള തീരുമാനമെടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതിൽ മുഖ്യമന്ത്രിയുമായി ഡിജിപിയുമായി ചർച്ച നടത്തും.
അതേസമയം, കേസ് തമിഴ്നാട് പോലീസിന് കൈമാറുന്നതില്‍ ഷാരോണിന്റെ അച്ഛന് ജയരാജ് ആശങ്ക പ്രകടിപ്പിച്ചു. കേരളത്തില്‍ നിന്നാണ് വിഷവും കഷായവും വാങ്ങിയത്. തമിഴ്നാട് പോലീസിന് കൈമാറിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: