ആലത്തൂര്‍: ഉത്പാദനച്ചെലവിന് അനുസൃതമായി പാലിന് വില ലഭിക്കാതെ പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിലവര്‍ധന ഇരുട്ടടിയായി. മില്‍മ കാലിത്തീറ്റ വില കിലോയ്ക്ക് 3.20 രൂപയായാണ് വര്‍ധിപ്പിച്ചത്. സാധാരണ പാല്‍വില വര്‍ധിപ്പിച്ചശേഷം കാലിത്തീറ്റവില വര്‍ധിപ്പിക്കുന്ന രീതിയില്‍ നിന്നുമാറി ഇത്തവണ കാലിത്തീറ്റവിലയാണ് ആദ്യം കൂട്ടിയത്.
അസംസ്കൃത സാധനങ്ങളുടെ വില വര്‍ധിച്ചതോടെയാണ് കാലിത്തീറ്റ വില കൂട്ടിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ ഉത്പാദനച്ചെലവ് വര്‍ധിച്ചതിന്റെ പേരില്‍ പാല്‍വില കൂട്ടിയാലും ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമാവില്ല. 2019 സപ്തംബര്‍ 19 മുതല്‍ പാല്‍വില നാലുരൂപ വര്‍ധിപ്പിച്ചശേഷം മൂന്നുവര്‍ഷത്തിനിടെ കാലിത്തീറ്റവില കിലോയ്ക്ക് 8.40 രൂപ കൂടി. അന്ന് 19.60 രൂപയായിരുന്ന ഒരുകിലോ കാലിത്തീറ്റയ്ക്ക് ഇപ്പോള്‍ 28 രൂപയാണ്. നാലുതവണയാണ് വിലവര്‍ധിപ്പിച്ചത്. പാല്‍വില ലിറ്ററിന് നാലുരൂപ വര്‍ധിപ്പിച്ചപ്പോള്‍ 3.35 രൂപയാണ് കര്ഷകന് ലഭിച്ചത്. വില്‍പ്പന വില ലിറ്ററിന് 48 രൂപയായി തുടരുമ്പോഴും കര്‍ഷകരില്‍നിന്ന് മില്‍മ സംഭരിക്കുന്ന പാലിന് ഇപ്പോഴും ശരാശരി 37 രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്.
കാലിത്തീറ്റ വില കുത്തനെ കൂടിയതോടെ കര്ഷകന് ഒരുലിറ്റര്‍ പാലിന് ഏഴുരൂപ നഷ്ടമുണ്ടാകും. 10 ലിറ്റര്‍ പാലുത്പാദിപ്പിക്കുന്ന പശുവിന് കാലിത്തീറ്റയും വൈക്കോലും പച്ചപ്പുല്ലും ധാതുലവണ മിശ്രിതവുമുള്‍പ്പെടെ 440 രൂപ ചെലവാകും. പരിപാലനത്തിനുള്ള കൂലി പുറമെ. 10 ലിറ്റര്‍ പാല് സംഘത്തില്‍ നല്കിയാല് ശരാശരി 370 രൂപയാണ് ലഭിക്കുക. 70 രൂപ നഷ്ടത്തിലാണ് കര്‍ഷകര്‍ പാല് ക്ഷീരസംഘത്തില്‍ നല്‍കുന്നത്. പാല്‍വില ലിറ്ററിന് ഏഴുരൂപ വര്‍ധിപ്പിച്ചാലേ നഷ്ടമില്ലാതെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ. മില്‍മ നല്കുന്ന വിലയേക്കാള്‍ അധികമായി നാലുരൂപ എല്ലാമാസവും മില്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് ഒരുമാസം മാത്രമാണ് ലഭിച്ചത്. ഉത്പാദനച്ചെലവ് കൂടിയതോടെ കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ പാല് നല്‍കുന്നതിന്റെ അളവ് കുറച്ച് പ്രാദേശിക വില്‍പ്പന സജീവമാക്കി.
മിക്കകര്‍ഷകരും വീടുകള്‍തോറുമുള്ള വില്‍പ്പന കഴിഞ്ഞുള്ള പാലാണ് സംഘത്തിലേക്കു നല്‍കുന്നത്. പ്രാദേശികമായി ലിറ്ററിന് 48-50 രൂപയ്ക്കാണ് കര്‍ഷകര്‍ നേരിട്ട് പാല്‍വില്‍പ്പന നടത്തുന്നത്. ഈ വില ലഭിക്കുന്നതിനാല്‍ നഷ്ടമില്ലാതെ പിടിച്ചുനില്ക്കാന് കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: