നയതന്ത്രജ്ഞന്, രാഷ്ട്രീയനേതാവ്, ജനപ്രതിനിധി, എഴുത്തുകാരന് എന്നിങ്ങനെ ഒരു വ്യക്തിയില്‍ ഒരുപാടു ജീവിതങ്ങളുണ്ട് ശശി തരൂരിന്. ഓരോന്നിലും തന്റെ താല്പര്യങ്ങള് സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് തരൂരിനറിയാം. പ്രതികൂല സാഹചര്യങ്ങളെയും തിരിച്ചടികളെയുമൊക്കെ സഹജമായ രീതിയില്‍ മറികടക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചുകഴിഞ്ഞു. ഐപിഎല്‍ അഴിമതിക്കേസില്‍പ്പെട്ട് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നപ്പോഴും, ഭാര്യ സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ആരോപണമുയര്‍ന്നപ്പോഴും, ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടപ്പോഴും അപാരമായ രാഷ്ട്രീയ മെയ്വഴക്കമാണ് തരൂര്‍ പ്രകടിപ്പിച്ചത്.
തരൂര്‍ തന്റെയുള്ളില്‍ ഒരു ഇന്ത്യാവിരോധിയെയും, അതിലേറെ ഹിന്ദുവിരോധിയെയും കൊണ്ടുനടക്കുന്നു എന്നത് എടുത്തുപറയേണ്ടതുണ്ട്. ദേശീയഗാനം, ദേശീയപതാക, രാജ്യത്തിന്റെ ഭൂപടം എന്നിവയെ നിന്ദിക്കാന്‍ തരൂര്‍ മടിക്കാറില്ല. രാജ്യവിരുദ്ധ നില
പാടെടുക്കാനുള്ള അവസരങ്ങള്‍ പാഴാക്കാറുമില്ല. കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനിടെ ഒരു പാക്കിസ്ഥാനി ഏജന്റിന്റെ ട്വീറ്റിനെ തരൂര്‍ പിന്തുണച്ചത് വലിയ വിവാദമാവുകയുണ്ടായി. ഇന്ത്യ ഭരിക്കുന്ന ബിജെപിയിലെ ഒരാളെയും കുവൈറ്റ് സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് ആ രാജ്യത്തെ ചിലര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ പിന്തുണയ്ക്കുകയാണ് തരൂര്‍ ചെയ്തത്. രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ പുറത്തുള്ളവര്‍ അഭിപ്രായം പറയുന്നത് സ്വീകാര്യമല്ലെന്ന് നമ്മുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിനുശേഷമാണ്, ആഭ്യന്തരമായ പ്രവൃത്തികള്‍ക്ക് രാജ്യാന്തര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് തരൂര്‍ പറഞ്ഞത്. പാര്‍ലമെന്റംഗമായിരുന്നിട്ടും ഇങ്ങനെ ചെയ്തതിന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി തരൂരിനെ വിമര്‍ശിക്കുകയുണ്ടായി. ഇത്തരം മര്യാദകളൊന്നും പാലിക്കണമെന്ന് തരൂരിന് തോന്നാറില്ല. ഇന്ത്യാ വിരോധം പ്രകടിപ്പിക്കുന്നതില്‍നിന്ന് പിന്മാറുകയുമില്ല.
ഇന്ത്യയെ തള്ളിപ്പറയാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരാളാണ് താനെന്ന് ശശി തരൂര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഇന്ത്യന്‍ വംശജനും ഹിന്ദുവുമായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിനോടുള്ള തരൂരിന്റെ പ്രതികരണം രാജ്യസ്നേഹം തൊട്ടുതെറിക്കാത്ത ഒരാളുടേതാണെന്ന് പറയാതെ വയ്യ. ഋഷി സുനകിന്റെ സ്ഥാനലബ്ധിയില്നിന്ന് ഇന്ത്യയ്ക്ക് പലതും പഠിക്കാനുണ്ടെന്നും, ന്യൂനപക്ഷത്തില്‍പ്പെടുന്ന സുനകിനെ ക്രൈസ്തവ രാഷ്ട്രമായ ബ്രിട്ടന് ഭരണാധികാരിയാക്കിയ മാതൃക ഇന്ത്യ പിന്തുടരുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാനാവുമോ എന്നുമാണ് തരൂര്‍ ട്വീറ്റുചെയ്തത്. വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നതും വിഷലിപ്തവുമായ ഒരു താരതമ്യമാണിത്. ഹിന്ദുരാജ്യമായ ഇന്ത്യയില്‍ അഹിന്ദുവായ ഒരാള്‍ക്ക് പരമോന്നത പദവികള്‍ വഹിക്കാനാവില്ല എന്ന ധാരണ സൃഷ്ടിക്കാനാണ് ശ്രമം.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളും ‘ഇന്ത്യക്കാരനു’മായതുകൊണ്ട് ഋഷി സുനകിനെ പ്രധാനമന്ത്രിയാക്കുകയല്ല ബ്രിട്ടന് ചെയ്തിരിക്കുന്നത്. ജന്മംകൊണ്ടുതന്നെ സുനക് ആ രാജ്യത്തിന്റെ പൗരനാണ്. റിച്ച്മണ്ട് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ എംപിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് പ്രധാനമന്ത്രിസ്ഥാനത്ത് നിയമിച്ചത്. ഇതേ പാര്‍ട്ടിക്കാരായ ബോറിസ് ജോണ്‍സനും ലിസ്ട്രസും പ്രധാനമന്ത്രിമാരായതുപോലെയാണ് സുനക് അവരുടെ പിന്‍ഗാമിയായതും. സുനകിനെയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് ബ്രിട്ടീഷ് ജനതയല്ല, അവിടുത്തെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണെന്നത് പ്രത്യേകം ഓര്‍ക്കണം. സുനകിന്റെ മതം ഇതില്‍ ഒരു ഘടകമേയല്ല. എന്നിട്ടും ക്രൈസ്തവരാജ്യം ന്യൂനപക്ഷക്കാരനെ തെരഞ്ഞെടുത്തതുപോലെ ഇന്ത്യയില്‍ സംഭവിക്കുന്നില്ല എന്നു വാദിക്കുന്നവര്‍ തികഞ്ഞ ദുഷ്ടലാക്കോടെയാണ് അങ്ങനെ ചെയ്യുന്നത്.
ഈ ചിന്താഗതിക്കാരുടെ തനിനിറം ഡോ. എ.പി.ജെ.അബ്ദുള്‍ കലാം രാഷ്ട്രപതിയായപ്പോള്‍ കണ്ടതാണ്. മുസ്ലിമായിരുന്നിട്ടും കലാമിനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഡോ. കലാം ജന്മംകൊണ്ട് മുസ്ലിമും രാജ്യസ്നേഹിയുമാണെങ്കിലും, മുന്‍ഗാമികളായ ഡോ. ഹിദായത്തുള്ളയെയും ഡോ. ഫക്രുദീന്‍ അലി അഹമ്മദിനെയും പോലെ ഖുറാനില്‍ വിശ്വസിക്കുകയും, പ്രവാചകനെ പിന്തുടരുകയും ചെയ്യുന്നയാളല്ല എന്നാണ് കോണ്‍ഗ്രസ്സുകാരനായിരുന്ന ഡോ. റഫീക്ക് സഖറിയ എഴുതിയത്. ഹിന്ദുക്കളോടാണ് കലാം അടുത്തിടപഴകുന്നത്, അപ്പോഴാണ് ആനന്ദം കണ്ടെത്തുന്നത്. അതുകൊണ്ട് ‘ദൈവത്തെയോര്‍ത്ത് മുസ്ലിം രാഷ്ട്രപതി എന്നു വിളിക്കരുത്’ എന്നും സഖറിയ പറയുകയുണ്ടായി. അപ്പോള്‍ പരമോന്നത പദവികളില്‍ മുസ്ലിങ്ങള്‍ വന്നാല്‍ പോരാ, അവര്‍ ഹിന്ദുവിരോധികളുമാവണം! ഒരു ഇസ്ലാമിക മതമൗലികവാദിയാവാത്തതും, തന്റെ മതവിശ്വാസങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്പ്പിക്കാതിരുന്നതുമാണ് ഡോ. കലാമിനെ ഇന്ത്യ സ്വീകരിക്കാന്‍ കാരണം. കലാമിനെ അംഗീകരിക്കാതിരുന്നവര്‍ക്ക് കടുത്ത മതമൗലികവാദിയും, മതരാജ്യം ലക്ഷ്യംവച്ച് പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്തയാളുമായ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സ്വീകാര്യനാവുന്നതിന്റെ മനശ്ശാസ്ത്രം വ്യക്തമാണല്ലോ.
മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യയില്‍ ഏതു പദവി വഹിക്കാനും വിലക്കില്ല. ഒരു പ്രധാനമന്ത്രിയും നാല് രാഷ്ട്രപതിമാരും അഞ്ച് സുപ്രീംകോടതി ചീഫ്ജസ്റ്റിസുമാരും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവരായിരുന്നു. അപ്പോള്‍ പ്രശ്നം അതല്ല. ക്രൈസ്തവ-മുസ്ലിം പ്രധാനമന്ത്രിമാര്‍ വന്നില്ല എന്നതാണ്. വിദേശവനിതയായ സോണിയ പ്രധാനമന്ത്രിയാവുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം തരൂര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. സോണിയയെ എതിര്‍ക്കാന്‍ അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് പൗരനായ സുനകിനെയും സോണിയയെയും ഒരുപോലെ കാണാനാവില്ല. ഇറ്റലിക്കാരിയായ സോണിയ പതിനാലുവര്‍ഷം ഇന്ത്യയില്‍ കഴിഞ്ഞിട്ടും ഈ രാജ്യത്തിന്റെ പൗരത്വമെടുത്തിരുന്നില്ല. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അവര്‍ അതിന് തയ്യാറായത്. പിന്നീട് അതുപയോഗിച്ച് ഈ രാജ്യം ഭരിച്ചുകളയാമെന്ന് കരുതിയതും തിരിച്ചടി കിട്ടിയതും സ്വാഭാവികം.
ഹിന്ദുവായ ശരത് പവാറിനെയും മുസ്ലിമായ താരിഖ് അന്‍വറിനെയും ക്രൈസ്തവനായ പി.എ. സാങ്മയെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കള്തന്നെയാണല്ലോ ‘വിദേശിയായ’ സോണിയയെ എതിര്‍ത്തത്. 2004ലും 2009ലും കോണ്‍ഗ്രസിന് അവസരം ലഭിച്ചപ്പോള്‍ മന്മോഹനു പകരം സോണിയയെ പ്രധാനമന്ത്രിയാക്കാമായിരുന്നല്ലോ. സ്വന്തം പാര്‍ട്ടിക്കു
പോലും അത് സ്വീകാര്യമല്ലായിരുന്നു എന്നതല്ലേ വാസ്തവം. നേരെമറിച്ചാണ് സുനകിന്റെ കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തീരുമാനം. വ്യത്യസ്ത മതവിശ്വാസം പുലര്‍ത്തുന്നതുകൊണ്ട് സുനകിനെ ബ്രിട്ടനിലാരും വിദേശിയായി കാണുന്നില്ല. സോണിയയുടെ കാര്യത്തില്‍ കോണ്‍ഗ്രസുകാരുടെ പോലും വികാരം ഇതായിരുന്നില്ല. അപ്പോള്‍പിന്നെ ബിജെപിയുടെ എതിര്‍പ്പിനെ കുറ്റം പറയാന്‍ കഴിയുമോ?
ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതുകൊണ്ട് ഇന്ത്യയ്ക്ക് പ്രത്യേകിച്ചെന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് കരുതാനാവില്ല. ബ്രിട്ടന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരായി ഇന്ത്യയെ അനുകൂലിക്കാന്‍ സുനകിന് കഴിയില്ല. പക്ഷേ സുനക് ഒരു ‘പ്രാക്ടീസിങ് ഹിന്ദു’വാണ്. ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന, ഗോപൂജ ചെയ്യുന്ന, ദീപാവലി ആഘോഷിക്കുന്ന ഒരാള്‍, ഒരുകാലത്തെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരിയായതില്‍ ഇന്ത്യയ്ക്കും ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്കും അഭിമാനിക്കാം. അവര്‍ തങ്ങളിലൊരുവനായി സുനകിനെ കാണുന്നു. ഇതില്‍ സ്ഥാപിത താല്‍പ്പര്യമൊന്നുമില്ല, തികച്ചും സ്വാഭാവികം.
ഇതല്ല തരൂര്‍ ഉള്‍പ്പെടുന്ന ലെഫ്റ്റ്-ലിബറല്‍-ജിഹാദി വക്താക്കളുടെ സ്ഥിതി. അവര്‍ സുനകിനെ വാഴ്ത്തുന്നത് ഇന്ത്യയെ ഇകഴ്ത്തിക്കാണിക്കാന്‍ മാത്രമാണ്. തരൂരിന്റെ പ്രഖ്യാപിത നിലപാട് അനുസരിച്ച് സുനക് സ്വീകാര്യനാവാന്‍ പാടില്ല. കാരണം കടുത്ത ‘ഹിന്ദുത്വവാദി’യാണ്. നേരത്തെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിച്ച് ലിസ് ട്രസിനോട് പരാജയപ്പെട്ട സുനകിനെ ഇക്കൂട്ടര്‍ മ്ലേച്ഛമായാണ് പരിഹസിച്ചത്. ‘ഗോമൂത്രം കുടിക്കുന്നവന്’ എന്നുപോലും അധിക്ഷേപിച്ചു. പ്രധാനമന്ത്രിയായപ്പോള്‍ ചിത്രം മാറി. ഒബാമ അമേരിക്കന്‍ പ്രസിഡന്റായതിനേക്കാള്‍ ത്രസിപ്പിക്കുന്ന നിമിഷമാണിതെന്ന് ഒരു ജാള്യതയുമില്ലാതെ ഈ ലിബറലുകള്‍ അഭിമാനംകൊണ്ടു!
ശശി തരൂര്‍ സ്വാര്‍ത്ഥമതിയായ വ്യക്തിയും, അങ്ങേയറ്റം അധികാര മോഹിയും തത്വദീക്ഷയില്ലാത്ത രാഷ്ട്രീയക്കാരനുമാണ്. ഇറാഖില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിലെ അഴിമതിയെക്കുറിച്ച് യുഎസ് നിര്‍ദേശപ്രകാരം അന്വേഷിച്ച വോള്‍ക്കര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് പ്രസിഡന്റെന്ന നിലയ്ക്ക് സോണിയയും ആരോപണവിധേയയായിരുന്നു. അന്നത്തെ യുഎന്‍ മേധാവി കോഫി അന്നനെ സ്വാധീനിച്ച് ഈ അവസരം മുതലെടുത്താണ് യുഎന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന തരൂര്‍, സോണിയയുടെ ഇഷ്ടക്കാരനായതും കോണ്ഗ്രസിലെത്തിയതുമെന്ന് പലരും കരുതുന്നു. ഇത് ഒരുതരം ബ്ലാക്മെയിലിങ്ങാണെന്നു പറയാം.
ഈ ബ്ലാക്മെയിലിങ്ങിന്റെ ബലത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് തരൂര്‍ മത്സരിച്ചതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. കോണ്‍ഗ്രസിലെ തിരിച്ചടിയും പരാജയങ്ങളും തരൂര്‍ കാര്യമാക്കുന്നില്ല. തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പറ്റിയ പാര്‍ട്ടി കോണ്‍ഗ്രസ്സാണെന്ന് ഉറച്ചബോധ്യമുണ്ട്. ഇതിന്റെ ഭാഗംകൂടിയാവാം ‘വിദേശിയായ’ സുനകിനെ ബ്രിട്ടന് ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ അതേ ഗണത്തില്‍പ്പെടുത്താവുന്ന സോണിയയ്ക്കുനേരെ ഇന്ത്യ വാതില്‍ കൊട്ടിയടച്ചതെന്നൊക്കെ തരൂര്‍ ആത്മരോഷം കൊള്ളുന്നത്. ‘ഇറ്റലിക്കാരിയായ’ സോണിയയുടെ അനുഭാവം നേടിയെടുക്കാന്‍ ഇതുമതിയെന്ന് തരൂര്‍ കരുതുന്നുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: