തിരുവനന്തപുരം : ശബരിമല മഹോല്‍സവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യയിലെ ദേവസ്വം കാര്യ മന്ത്രിമാരുമായി മന്ത്രി കെ രാധാകൃഷ്ണന് ചര്‍ച്ച നടത്തി. മണ്ഡല മകരവിളക്ക് ഉല്‍സവങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മന്ത്രി വിശദമാക്കി.
തമിഴ് നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ തിരിഞ്ഞുനോക്കിയില്ല. അവിടുന്നുള്ള ന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. പുതുശ്ശേരി സാംസ്ക്കാരിക മന്ത്രി ചന്ദരിയ പ്രിയങ്കയാണ് എത്തിയ ഏകമന്ത്രി.
ദര്‍ശന തീയതിയും സമയവും ഉറപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂ വഴിയാണ് ഈ വര്‍ഷവും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയെന്ന് മന്ത്രി കെ രാധാകൃഷ്ണന് യോഗത്തില്‍ അറിയിച്ചു. ഐഡി കാര്‍ഡുള്ള തീര്‍ത്ഥാടകര്‍ക്ക് ചെങ്ങന്നൂരും നിലയ്ക്കലും ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ സ്പോട്ട് ബുക്കിങ്ങിനും സൗകര്യമൊരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ പരിശോധന കേരള പൊലീസ് നിര്‍വഹിക്കും.
അന്യ സംസ്ഥാന തീര്‍ത്ഥാടകര്‍ കൂടുതലായി ഉപയോഗിക്കുന്ന പരമ്പരാഗത കാനന പാതയില്‍ ഭക്ഷണ വിശ്രമ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സാധനങ്ങളും പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ ഒഴുക്കുന്നതും ഒഴിവാക്കാന്‍ സംസ്ഥാനങ്ങളില്‍ ഇടപെടണമെന്നും കെ രാധാകൃഷ്ണന് അഭ്യര്‍ത്ഥിച്ചു.
15 സീറ്റില്‍ താഴെയുള്ള വാഹനങ്ങള്‍ പമ്പയിലെത്തി തീര്‍ത്ഥാടകരെ ഇറക്കി നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. മറ്റു വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ കെ എസ് ആര് ടി സി ചെയിന്‍ സര്‍വീസ് നടത്തും. പമ്പാ സ്നാനം കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിഗണിച്ച് അനുവദിക്കും. കൂടുതല്‍ ഷവറുകള്‍ പമ്പയില്‍ ഒരുക്കിയിട്ടുണ്ട്.
ദേവസ്വം സെക്രട്ടറി കെ ബിജു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ. കെ അനന്ത ഗോപന് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: