ജയ്പൂര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ രാജസ്ഥാനിലെ വികസനത്തിന്റെ പേരില്‍ പ്രധാനമന്ത്രി മോദി പുകഴ്ത്തിയതോടെ കോണ്‍ഗ്രസില്‍ അങ്കലാപ്പ്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന ഒരു ചടങ്ങിലാണ് മോദി അശോക് ഗെഹ്ലോട്ടിനെ പുകഴ്ത്തിയത്.
ഇതോടെ സച്ചിന് പൈലറ്റിന്റെ നേതൃത്വത്തിലുള്ള ഗെഹ്ലോട്ട് വിരുദ്ധ പക്ഷത്തിന് ഇനിയും ഞെട്ടല്‍ മാറിയിട്ടില്ല. മോദിയുടെ ഈ പ്രകീര്‍ത്തനത്തെ കോണ്‍ഗ്രസ് നിസ്സാരമായി എടുക്കരുതെന്ന് ഹൈക്കമാന്റിനെ ഉപദേശിച്ച് സച്ചിന് പൈലറ്റ് രംഗത്ത് വന്നിരിക്കുകയാണ്.
സമൂഹത്തിന് നല്ലത് ചെയ്യുന്ന പ്രതിപക്ഷ നേതാക്കളെ മോദി പലപ്പോഴും രാഷ്ട്രീയ നിറം നോക്കാതെ പുകഴ്ത്താറുണ്ട്. പക്ഷെ മോദിയുടെ സ്തുതി പക്ഷെ കോണ്‍ഗ്രസിനുള്ളില്‍ അങ്കലാപ്പ് സൃഷ്ടിക്കുന്നത് അവരുടെ അരക്ഷിതാവസ്ഥയുടെ ഫലമാണെന്ന് വേണം കരുതാന്‍.
“ഇതുപോലെ ഗുലാം നബി ആദാസിനെ പാര്‍ലമെന്റില്‍ മോദി പുകഴ്ത്തിയതാണ്. പക്ഷെ എന്താണ് പിന്നീട് സംഭവിച്ചതെന്ന് നമ്മള് കണ്ടു”- ഇതായിരുന്നു സച്ചിന് പൈലറ്റിന്റെ പ്രതികരണം.
വാസ്തവത്തില്‍ വ്യക്തിത്വമുള്ള നേതാക്കളെ ഗാന്ധി കുടുംബത്തിന് ഭയമാണെന്നതാണ് ഈ നേതാക്കള്‍ പിന്നീട് കോണ്‍ഗ്രസിന് അപ്രിയരാകാന്‍ കാരണം. കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പില്‍ അശോക് ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയാക്കി മാറ്റി സച്ചിന് പൈലറ്റിനെ രാജസ്ഥാന് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ അശോക് ഗെഹ്ലോട്ട് സമര്‍ത്ഥമായി തടഞ്ഞിരുന്നു. ഇതോടെ മുഖ്യമന്ത്രിയാകാനുള്ള സാധ്യത അവസാനിച്ചു എന്ന നിരാശയിലാണ് സച്ചിന് പൈലറ്റ്. അതിനിടയിലാണ് മോദി ഗെഹ്ലോട്ടിനെ പുകഴ്ത്തിയ സംഭവത്തെ ഉയര്‍ത്തിക്കാട്ടി വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ സച്ചിന് പൈലറ്റ് നോട്ടമിട്ടിരിക്കുന്നത്.
ചൊവ്വാഴ്ച രാജസ്ഥാനിലെ മംഗര്‍ ധം സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി അശോക് ഗെഹ്ലോട്ടുമായി വേദി പങ്കിട്ടിരുന്നു. അപ്പോഴായിരുന്നു രാജസ്ഥാനിലെ വികസനം കണ്ട് മോദി ഗെഹ്ലോട്ടിനെ പുകഴ്ത്തിയത്.
വേദിയില്‍ പ്രധാനമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് ഗെഹ്ലോട്ട് നടത്തിയ പ്രസംഗം ഇതായിരുന്നു:”പ്രധാനമന്ത്രി മോദി വിദേശത്ത് പോകുമ്പോള്‍, അദ്ദേഹത്തി ജനാധിപത്യം ആഴത്തില്‍ വേരൂന്നിയ ഗാന്ധിയുടെ നാട്ടിലെ പ്രധാനമന്ത്രി എന്ന നിലയില്‍ വലിയ ആദരമാണ് ലഭിക്കുന്നത്. ഇത് ലോകം തിരിച്ചറിയുന്നതോടെയാണ് ആ രാജ്യത്തെ പ്രധാനമന്ത്രി വരുന്നു എന്ന നിലയില്‍ ലോകരാജ്യങ്ങള്‍ അഭിമാനപുളകിതരാകുന്നത്. “
ഇതിന് മറുപടി പറയുന്നതിനിടയിലായിരുന്നു മോദി ഗെഹ്ലോട്ടിനെ പുകഴ്ത്തിയത്:”മുഖ്യമന്ത്രിമാര്‍ എന്ന നിലയില്‍ അശോക് ഗെഹ്ലോട്ട്ജിയും ഞാന്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് അദ്ദേഹം. ഈ സ്റ്റേജില്‍ ഇരിക്കുന്ന മുഖ്യമന്ത്രിമാരിലും ഏറ്റവും സീനിയര്‍ ആയ വ്യക്തിയാണ് അദ്ദേഹം. “- മോദി പറഞ്ഞു.
ഈ യോഗത്തിന് ശേഷം അശോക് ഗെഹ്ലോട്ട് നടത്തിയ പ്രസ്താവന കോണ്‍ഗ്രസിനെയും സച്ചിന് പൈലറ്റിനെയും ഞെട്ടിച്ചിരിക്കുകയാണ്. “ഇനി അച്ചടക്കമില്ലായ്മയ്ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ട സമയം എത്തിയിരിക്കുന്നു. രാജസ്ഥാനിലെ തെറ്റുകാരായ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കും.”- ഇതായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവന.
അച്ചടക്കമില്ലായ്മയുടെ പേരില്‍ നോട്ടീസ് നല്‍കിയിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുപടി നല്‍കണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നടപടിയെടുക്കണം. “- അശോക് ഗെഹ്ലോട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: