അഹമ്മദാബാദ്: മോര്‍ബി തൂക്കുപാലം തകര്‍ന്ന് വീണ് 135 പേരെങ്കിലും കൊല്ലപ്പെട്ട സംഭവത്തില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ ഒറേവ കമ്പനിയുടെ ഉടമസ്ഥരും ഉന്നതോദ്യോഗസ്ഥരും ഒളിവിലാണ്. ഇത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും കുറ്റവാളികളായ ഒറേവ കമ്പനിയുടെ ഉന്നതോദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ പാലം പൊതുജനത്തിന് തുറന്നുകൊടുത്തതും 135 പേര്‍ക്ക് ഒരു സമയം നില്ക്കാവുന്ന പാലത്തില്‍ 650 പേര്‍ക്ക് ടിക്കറ്റ് നല്കിയതും തൂക്കുപാലത്തെ താങ്ങിനിര്‍ത്തുന്ന പ്രധാന സ്റ്റീല്‍ കമ്പിക്ക് പകരം അലൂമിനിയം കമ്പി ഉപയോഗിച്ചതും പാലം തകരുന്നതിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നു. അപകടം നടക്കുമ്പോള്‍ പാലത്തില്‍ ഒരേ സമയം 350 പേര് ഉണ്ടായിരുന്നതായി പറയുന്നു. അപകടവാര്‍ത്ത പുറത്തുവന്നയുടന്‍ ഒറേവ കമ്പനിയുടെ ഷട്ടര്‍ താഴ്ത്തിയിരുന്നു. കമ്പനി ഉടമസ്ഥരും ഉന്നതോദ്യോഗസ്ഥരും ഒളിവില്‍ കഴിയുകയാണ്.
അപകടസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി:
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദര്‍ശിച്ചു. അതിന് ശേഷം മോര്‍ബി സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റവരെ കണ്ടു. അതിന് ശേഷം ഉന്നത തലയോഗം ചേര്‍ന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കൊല്ലപ്പെട്ടവര്‍ക്ക് ഒരു ലക്ഷം വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.
ഏഴ് മാസം മുന്‍പ് അടച്ച മച്ചുവ നദിക്ക് കുറുകെയുള്ള 140 വര്‍ഷം പഴക്കമുള്ള മോര്‍ബി തൂക്കുപാലം ഗുജറാത്ത് പുതുവത്സരദിനത്തോടനുബന്ധിച്ച് അറ്റകുറ്റപ്പണി നടത്തി തുറക്കുകയായിരുന്നു. 2022 മാര്‍ച്ച് മുതല്‍ 2037 മാര്‍ച്ച് വരെ പാലത്തിന്റെ നടത്തിപ്പ് ചുമതലയും അറ്റകുറ്റപ്പണിയുടെ ചുമതലയും ഒറേവ കമ്പനിയ്ക്കാണ് മോര്‍ബി മുനിസിപ്പാലിറ്റി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: