കൊച്ചി: 2017ല്‍ നടന്ന നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി നടി മഞ്ജുവാര്യരെ വീണ്ടും വിളിപ്പിച്ചേയ്ക്കും. മുന്‍ ഭര്‍ത്താവ് ദിലീപ് പ്രതിയായ ഈ കേസില്‍ നടി മഞ്ജുവാര്യരുടെ മൊഴി നിര്‍ണ്ണായകമാകുമെന്ന് അന്വേഷണസംഘം കരുതുന്നു.
നവമ്പര്‍ മൂന്നിനാണ് വിചാരണ വീണ്ടും തുടങ്ങുന്നത്. തെളിവ് നശിപ്പിച്ചതിന് നടന് ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ അധിക കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചതോടെയാണ് മഞ്ജുവാര്യരെ വീണ്ടും വിചാരണയ്ക്കായി വിളിപ്പിക്കുമെന്ന് കരുതുന്നത്.
കഴിഞ്ഞ ദിവസം കോടതിയില്‍ അധികകുറ്റപത്രത്തിലെ കുറ്റം നടന് ദിലീപും ശരതും നിഷേധിച്ചിരുന്നു. ഇവിടെ നടി മഞ്ജുവാര്യരുടെയും സംവിധായകന് പി. ബാലചന്ദ്രകുമാറിന്റെയും മൊഴി കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും ഇവരെ വീണ്ടും കേസില്‍ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സഹായിക്കുമെന്നും അന്വേഷണസംഘം കരുതുന്നു. ദിലീപും ശരതും തെളിവു നശിപ്പിച്ചെന്നും (201ാം വകുപ്പ്), തെളിവായി കോടതിയില്‍ എത്താതിരിക്കാന്‍ ഇലക്ട്രോണിക് റെക്കോഡ് നശിപ്പിച്ചെന്നും (204ാം വകുപ്പ്) ഈ അധിക കുറ്റപത്രത്തില്‍ പറയുന്നു.
ശരത് ദീലീപിന്റെ വീട്ടിലേക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണ്‍ കൊണ്ടുവരുമ്പോള്‍ അവിടെ സംവിധായകന് ബാലചന്ദ്രകുമാര്‍ ഉണ്ടായിരുന്നു. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫിബ്രവരി 17നാണ് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടിയെ ആക്രമിച്ചത്. അഞ്ചുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും അതിജീവിത മൊഴിനല്‍കിയിരുന്നു. ഈ ഭീതിതമായ സംഭവങ്ങള്‍ മുഴുവന്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: