ഡോ. പ്രമീളാദേവി
എങ്ങനെയാണൊരു ദേശം പുണ്യഭൂമിയെന്ന വിശേഷണത്തിന് അര്‍ഹമായിത്തീരുന്നത്? ഏതൊരു പ്രദേശത്തേയും ആലങ്കാരികമായി അങ്ങനെയൊക്കെ വര്‍ണ്ണിക്കാറുള്ള പുതിയകാലത്താണ് നാം ജീവിക്കുന്നതെങ്കിലും, ചില ദേശങ്ങള്‍ മാത്രമാണ് സര്‍വ്വസമ്മതമായി പുണ്യഭൂമിയെന്ന് വിളിക്കപ്പെടാനുള്ള യോഗ്യതയുള്ളവയെന്നതാണ് യാഥാര്‍ത്ഥ്യം. പുണ്യാത്മാക്കള്‍ ജനിച്ചു ജീവിച്ച്, തങ്ങളുടെ മനോവാക്കര്‍മ്മങ്ങളാല്‍ നാടിനും നരരാശിക്കും മഹത്തായ സംഭാവനകളേകി, ഇഹലോകജീവിതം പൂര്‍ത്തീകരിക്കുന്ന പ്രദേശങ്ങളാണ് പുണ്യഭൂമിയായി കരുതപ്പെടുന്നത്. പുണ്യകരമായ സ്ഥാപനങ്ങളും നദികളും പര്വ്വതങ്ങളുമൊക്കെയും ഒരു സ്ഥലത്തിന് വിശുദ്ധിനല്കുന്നുവെന്നും നമുക്കറിയാം. ഈ അളവുകോലുകളിലേതുപയോഗിച്ചാലും കേരളത്തിന് പുണ്യഭൂമിയെന്ന വിശേഷണത്തിന് അര്‍ഹതയുണ്ട്.
ഭൂമിശാസ്ത്രപരമായും പ്രകൃതിയുടെ പ്രത്യേകതകളാലും കേരളമെങ്ങനെയാണ് ഭാരതത്തിലെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നതെന്ന് ഏറ്റവും എളുപ്പത്തില്‍ മനസ്സിലാകുന്നത് ആകാശയാത്രയിലാണ്. വരണ്ട ഭൂപ്രദേശങ്ങള്‍, മുഷിഞ്ഞ തവിട്ടുനിറത്തിലാണ്ട പാടങ്ങള്‍, വല്ലപ്പോഴും മാത്രം കാണുന്ന പച്ചയുടെ സാന്നിധ്യം ഒക്കെയാണ് മറ്റ് പ്രദേശങ്ങള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിയുന്നതെങ്കില്‍, കേരളത്തിന്റെ ആകാശം തുറന്നുതരുന്നത് കണ്ണിന് കുളിരേകുന്ന കാഴ്ചകളാണ്. നിറഞ്ഞപച്ചയുടെ നിത്യസാന്നിധ്യം. തെളിനീരൊഴുക്കുകളുടെ സമ്പന്നത. ”പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചുള്ള” കേരളനാടിന്റെ ഭൂപ്രകൃതി മനസ്സുതണുപ്പിക്കാന് പോന്നതാണ്. മുഴുനീളത്തിലുള്ള തീരദേശവും മലകളും കാടുകളും മുറതെറ്റാതെ പെയ്യുന്ന രണ്ടുമഴക്കാലങ്ങളും കനകംവിളയുന്ന വയലേലകളുമൊക്കെക്കൂടി നമ്മുടെ നാടിന്റെ ചാരുത വര്‍ധിപ്പിക്കുന്നു.
പ്രകൃതി മാത്രമല്ല, കേരളത്തിന്റെ പൗരാണിക ജനത പാലിച്ചുപോന്നിരുന്ന പല ശീലങ്ങളും ഈ നാടിന്റെ അഭിമാനമാണ്. ‘വെളുക്കും മുന്‍പുണരണം, പുലര്‍ച്ചയ്ക്ക് കുളിക്കണം, വെളുത്ത മുണ്ടുടുക്കണം’ തുടങ്ങിയ ശീലങ്ങളായിരുന്നു നമ്മുടെ പൂര്‍വ്വികരെ വ്യത്യസ്തരാക്കിയിരുന്നത്. മുറ്റവും പരിസരങ്ങളും അടിച്ചുതളിച്ചു ശുദ്ധമാക്കുന്നത്, അവരുടെ ജീവിതശുദ്ധിയുടെ തന്നെ സൂചനയായിരുന്നു. മറ്റേതൊരു നാട്ടിലുമെന്നതുപോലെ, കാര്ഷികവൃത്തിയായിരുന്നു പഴയകേരളത്തിന്റെയും മുഖ്യഉപജീവനമാര്‍ഗം. മണ്ണിനെ സ്നേഹിച്ചും ആരാധിച്ചുമാണ് അവര്‍ കൃഷിചെയ്തിരുന്നത്. ”കള്ളപ്പറയും ചെറുനാഴിയു”മില്ലാത്ത, ”കള്ളത്തരങ്ങള്‍ മറ്റൊന്നു”മില്ലാത്ത ഒരു കാലമാണ് അവര്‍ സ്വപ്നം കണ്ടിരുന്നത്. ”മാനുഷരെല്ലാരുമൊന്നുപോലെ”യാവണമെന്ന് ചിന്തിക്കാന്‍ അവരെ പഠിപ്പിക്കേണ്ടിവന്നില്ല, ഒരു സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിനും. സഹജമായ നീതിബോധവും മനുഷ്യരുടെ തുല്യതയിലുള്ള വിശ്വാസവുമാണ് പഴയകേരളനാടിന്റെ സന്തതികള്‍ക്ക് വഴികാട്ടിയിരുന്നത്. പുരാതനകാലത്ത്, ലോകത്തെവിടെയുമുണ്ടായിരുന്നതുപോലെ ഉച്ചനീചത്വങ്ങളും തൊട്ടുകൂടായ്മയുമൊക്കെ ഇന്നാട്ടിലും നിലനിന്നിരുന്നുവെങ്കിലും, അതിനുമപ്പുറമുള്ള മനുഷ്യന്റെ ഏകത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക് സാധിച്ചിരുന്നുവെന്നല്ലേ ഇതിനര്‍ത്ഥം?
കേരളം, തിരുവിതാംകൂറും കൊച്ചിയും മലബാറും മറ്റു ചെറുനാട്ടുരാജ്യങ്ങളുമൊക്കെയായിരുന്ന കാലം മുതല്‍ക്ക്, വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും പ്രത്യേക പ്രാധാന്യം നല്കപ്പെട്ടിരുന്നു. ഇന്നത്തെ കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരതയും ആരോഗ്യബോധവുമൊക്കെ പണ്ടുമുതല്ക്കേ നമുക്ക് പകര്‍ന്നുകിട്ടിയതാണ്. മറ്റുപലദേശങ്ങളിലും വ്യക്തിശുചിത്വവും എഴുത്തും വായനയുമൊക്കെ അവഗണിക്കപ്പെട്ടിരുന്ന കാലത്തും കേരളം ഈ മേഖലകളില്‍ മികച്ച മാതൃകയായിരുന്നുവെന്ന് പുരാതനസഞ്ചാരികള് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എല്ലാ മലിനതകളും കഴുകി വൃത്തിയാക്കുന്ന സമൃദ്ധമായ മഴക്കാലങ്ങളും നാല്പത്തിനാലു നദികളുടെ വരപ്രസാദവുമൊക്കെയാവാം നമ്മുടെ നൈസര്‍ഗികമായ ശുചിത്വശീലങ്ങള്ക്ക് കാരണം.
ലളിതജീവിതമായിരുന്നു പഴയ കേരളത്തിന്റെ പതിവ്. നാടുഭരിച്ചിരുന്ന രാജാക്കന്മാരില് മിക്കവരും പാലിച്ചിരുന്നത് ഇതേശീലമായിരുന്നു. രാജ്യവും സിംഹാസനവും ശ്രീപത്മനാഭന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച തിരുവിതാംകൂര്‍ ഭരണാധികാരികള്‍ കാട്ടിത്തന്നത്, അധികാരത്തിന്റെ ക്ഷണികതയും ആഡംബരങ്ങളുടെ അര്‍ത്ഥശൂന്യതയും തന്നെയായിരുന്നില്ലേ? ദാനശീലത്തിന്റെ മാതൃകകളായിരുന്നു പഴയ കേരളത്തിലെ സമൂഹം മിക്കപ്പോഴും. മനുഷ്യര്‍ക്കു മാത്രമല്ല, പശുവിനും പക്ഷികള്‍ക്കും ഉറുമ്പിനുപോലും അന്നമൂട്ടിയാലേ ഓണമാകൂ എന്നാണവര്‍ വിശ്വസിച്ചിരുന്നത്. സഹജീവികളോടുള്ള അലിവിന്റെ നിദര്‍ശനമാണല്ലോ, വൈക്കം മഹാദേവക്ഷേത്രത്തില്‍ നടയടയ്ക്കുന്നതിനുമുന്പ്, ”അത്താഴപ്പഷ്ണിക്കാരുണ്ടോ?” എന്നുവിളിച്ചുചോദിക്കുന്ന, ഒരാളും വിശന്നുറങ്ങരുതെന്ന നിര്‍ബന്ധബുദ്ധിയുടെ അന്തഃസത്ത.
നമ്മുടെ നദികളായ പമ്പയും ഭാരതപ്പുഴയും പെരിയാറുമൊന്നും കേവലം ജലാശയങ്ങള്‍ മാത്രമായിരുന്നില്ല, നമ്മുടെ പൂര്‍വികര്‍ക്ക്. ആത്മീയതയുടേയും സംസ്കാരത്തിന്റെയും കലയുടെയും പ്രാണവാഹിനികളായാണ് പൗരാണിക കേരളമവയെ നോക്കിക്കണ്ടത്. അവയുടെ ഭൗതികവും കാല്പനികവുമായ വിശുദ്ധി നിലനിര്‍ത്തുന്ന തരത്തിലായിരുന്നു അവര്‍ ജീവിച്ചുപോന്നതും. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ആഹാരരീതികളും ആചാരങ്ങളും ശീലിച്ചിരുന്ന നമ്മുടെ പുരാതനര്‍, പ്രകൃതിയോടിണങ്ങി ജീവിച്ചത്, ഏതെങ്കിലും വൈദേശിക സിദ്ധാന്തത്താല്‍ പ്രചോദിതരായിട്ടായിരുന്നില്ല. സര്പ്പാരാധനയെന്ന മറ്റെങ്ങുമില്ലാത്ത അനുഷ്ഠാനമാണ് ഭൂമിക്ക് തണലും കനിവുമായിത്തീര്ന്ന സര്‍പ്പക്കാവുകളെ പരിപാലിക്കുവാന്‍ അവര്‍ക്ക് പ്രേരണയായത്. ‘പാമ്പിനെ പൂജിക്കുന്നവര്’ എന്ന് പരിഹസിച്ചവര്ക്കില്ലാത്ത ശാസ്ത്രബോധം, ”കാവുതീണ്ടല്ലേ, കുളം വറ്റും” എന്നുവിശ്വസിച്ചവര്ക്കുണ്ടായിരുന്നുവെന്ന് നാം തിരിച്ചറിയാന്‍ പിന്നെയുമെത്രയോ വര്‍ഷങ്ങളെടുത്തു!
ഇതൊക്കെ പഴയ കേരളത്തിന്റെ കഥ. പുതുകേരളം ഇത്തരം ശീലങ്ങളൊക്കെ തകിടം മറിഞ്ഞ, ദൈവത്തിന്റെ സ്വന്തം നാടെന്ന് പരിഹസിക്കപ്പെടുന്ന ഒരിടമായി മാറിക്കഴിഞ്ഞുവോ?. കാലാവസ്ഥയെ നാം മാറ്റിമറിച്ചിരിക്കുന്നു. കാവല്‍ക്കാരനായ പ്രിയസഹ്യന്റെ വിരിമാറില്‍ നിയമവിധേയമല്ലാത്ത എണ്ണമറ്റ പാറമടകള്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു. പുഴകളായ പുഴകളിലെല്ലാം മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നു. വിഷമയമായ വളവും കീടനാശിനികളും, കാര്‍ഷികജീവിതം ഏറെക്കുറെ അന്യമായിത്തീര്‍ന്ന നമ്മുടെ കൃഷിയിടങ്ങളെ ഗ്രസിച്ചിരിക്കുന്നു. ഓണത്തിന് പൂക്കളമൊരുക്കാന്പോലും അതിര്‍ത്തികടന്നെത്തുന്ന ‘വരവുപൂക്കളെ’ ആശ്രയിക്കേണ്ടിവരുന്നു കേരളത്തിന്. റോഡിലും മറ്റുപൊതുവിടങ്ങളിലും സ്വന്തം വീട്ടിലെ മാലിന്യം വലിച്ചെറിഞ്ഞ് രോഗവാഹകരായിരിക്കുന്നു നമ്മള്. വിദ്യാഭ്യാസം മൂല്യശോഷണത്തിന്റെ, സ്വജനപക്ഷപാതത്തിന്റെ, അര്‍ഹതയില്ലാത്തവര്‍ക്ക് അംഗീകാരമേകുന്ന സംവിധാനത്തിന്റെ കൈപ്പിടിയിലൊതുങ്ങിയിരിക്കുന്നു. പ്രണയം കൊലപാതകത്തിന് പ്രേരകമാകുന്നു; അവയവക്കടത്തും നരബലിയും ആധുനിക കേരളം കാണേണ്ടിവരുന്നു. ലഹരിവസ്തുക്കള്‍ സര്‍വ്വവ്യാപിയാകുന്നു. ലോകത്തെവിടെയും തീവ്രവാദികളെ കയറ്റിയയ്ക്കാന്‍ കഴിയുന്ന മതമൗലികവാദത്തിന്റെ കൊടും ഭ്രാന്താലയമായിരിക്കുന്നു, മഹാപുരുഷന്മാരുടെ ഈ ജന്മഭൂമി.
പക്ഷേ, ആദിശങ്കരനും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും പേരെടുത്തുപറയേണ്ടുന്ന മറ്റനേകം പുണ്യാത്മാക്കളും പിറവിയെടുത്ത ഈ ശ്രേഷ്ഠദേശം ചെകുത്താന്റെ സ്വന്തം നാടായി ഒടുങ്ങാന്‍ പോകുന്നില്ല. അവര്‍ നടന്ന മണ്ണിന്റെ സുകൃതം, അവര്‍ മൊഴിഞ്ഞ ദിവ്യവചസ്സുകളുടെ പ്രതിദ്ധ്വനി, അവര്‍ കാട്ടിയ ജീവിതവെളിച്ചം, അതുനമ്മെ വീണ്ടെടുക്കുക തന്നെ ചെയ്യും. കേരളം ജഡനിദ്രയില്‍ നിന്ന് വീണ്ടുമുയിര്‍ത്തെഴുന്നേല്‍ക്കും. നമ്മുടെ മണ്ണും വായുവും ജലസ്രോതസ്സുകളും വീണ്ടും ജീവദായകമാകും. നമ്മുടെ സാഹിത്യവും കലയും സംസ്കാരവുമെല്ലാം വീണ്ടുമൊരിക്കല്‍ക്കൂടി വിശുദ്ധമായിത്തീരും. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ ഇനിയുമൊരു ശുദ്ധികലശമുണ്ടാകാം. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പഴയ സുവര്‍ണദിനങ്ങള്‍ തിരിച്ചുവരും. എങ്ങനെയെന്നോ? ഭാരതം അതിന്റെ ഗതകാലപ്രതാപം വീണ്ടെടുക്കുമ്പോള്‍, ലോകത്തിന് മുന്പില് ആരാധ്യയായിത്തീരുമ്പോള്‍, വിശ്വഗുരുപദവിയിലേക്ക് പദാനുപദം നടന്നടുക്കുമ്പോള്‍, ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ മുന്നേറ്റം നേടുമ്പോള്‍, എങ്ങനെ കേരളത്തിന് മാറിനില്‍ക്കാനാവും? ഭാരതത്തിന്റെ സവര്ജ്ഞപീഠത്തിലവരോഹിതനായ ആദിശങ്കര മഹായോഗിയുടെ ജന്മഭൂമി, ഈ രാഷ്ട്രത്തിന്റെ അഭിമാനമായിത്തീരുക തന്നെ ചെയ്യും.
അതു സാധ്യമാക്കുന്നതിനായി നമുക്ക് പുനഃസമര്‍പ്പണം ചെയ്യാം; കേരളമെന്ന് കേട്ടാല്‍ സിരകളില്‍ അഭിമാനവും ആനന്ദവും തുളുമ്പുന്ന നല്ല നാളേക്കായി ഒരേ മനസ്സോടെ പ്രയത്നിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ട്, നമുക്കീ കേരളപ്പിറവി ആഘോഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: