കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ ഭഗവൽസിംഗിന്റെ വീട്ടിൽ നിന്നും ലഭിച്ച ശരീരാവശിഷ്ടങ്ങൾ തമിഴ്നാട് സ്വദേശിനി പത്മയുടേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയ്‌ക്ക് അയച്ച അമ്പത്തിയാറ് സാമ്പിളുകളിൽ ഒന്നിന്റെ ഫലം ലഭിച്ചതോടെയാണിത്. പത്മയുടെ ശരീരം അന്‍പത്തിയാറ് ഭാഗങ്ങളാക്കിയാണ് പ്രതികള്‍ മുറിച്ചത്. ഒരോന്നിന്റെയും ഡിഎന്‍എ പരിശോധന പ്രത്യേകമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
നവംമ്പര്‍ അവസാനം പൂര്‍ണ ഡിഎന്‍എ ഫലം തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്മത്തിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നുവെന്ന പരാതിയുമായി സമീപിച്ച സഹോദരി പളനിയമ്മയെയും മകന്‍ സെല്‍വരാജിനെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. കേസില്‍ കുടുതല്‍ പ്രതികളുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. 90 ദിവസത്തിനകം കുറ്റപത്രം നല്കുമെന്നും ഡിസിപി പറഞ്ഞു.
മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതുകൊണ്ട് തമിഴ്നാട്ടില്‍നിന്നുവന്ന തങ്ങള്‍ ഇവിടെ താമസിക്കേണ്ടി വന്നിരിക്കുകയാണെന്ന് സെല്‍വരാജ് തിങ്കളാഴ്ച രാവിലെ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്മ കേരളത്തില്‍ കൊല്ലപ്പെട്ടിട്ട് സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഒരു ഫോണ്‍ വിളി പോലും ഇതുവരെ ലഭിച്ചില്ല. മുഖ്യമന്ത്രിക്കു രണ്ടു തവണ സങ്കട ഹര്‍ജി അയച്ചിട്ടും ഒരു വിളി പോലും വന്നില്ല. എന്നു മൃതദേഹം കിട്ടുമെന്നോ സംസ്‌കരിക്കാനാകുമെന്നോ സര്‍ക്കാര്‍ അറിയിച്ചിട്ടില്ലാത്തത് ജീവിതം വഴിമുട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വലിയ തുക നല്കി കേസ് നടത്താനുള്ള സാമ്പത്തികശേഷിയില്ല. ഇവിടെ നില്‍ക്കുന്നതുകൊണ്ട് ഇതിനകം അറുപതിനായിരം രൂപയിലധികം ചെലവായി. കേസിന് പുറകെ നടക്കുന്നതുകൊണ്ട് ഉണ്ടായിരുന്ന ജോലി കൂടി നഷ്ടമായി. ഡിഎന്‍എ ടെസ്റ്റ് നടത്തി മൃതദേഹം വേഗം വിട്ടു തരണം. 450 കിലോമീറ്റര്‍ യാത്രചെയ്ത് തമിഴ്‌നാട്ടിലെത്തിച്ചു സംസ്‌കരിക്കാനുള്ള പണം തന്റെ കൈയ്യിലില്ലെന്നും സെല്‍വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: