അഹമ്മദാബാദ്: മോര്‍ബി സസ്പെന്ഷന് കേബിള്‍ പാലം തകര്‍ന്നതോടെ ഈ പാലത്തിന്റെ അറ്റകുറ്റപ്പണി ചെയ്ത അജന്ത ഒറേവ കമ്പനിയുടെ സിഇഒ ഒളിവില്‍ പോയി. സംഭവവുമായി ബന്ധപ്പെട്ട അജന്ത ഒറേവയുടെ രണ്ട് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.
കമ്പനിയുടെ വെബ്സൈറ്റും സമൂഹമാധ്യമഅക്കൗണ്ടുകളും ഞൊടിയിടയില്‍ അപ്രത്യക്ഷമായി. കമ്പനി തിങ്കളാഴ്ച തുറന്നിട്ടില്ല. പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ജീവനക്കാര്‍ ഓഫീസില്‍ എത്തിയിട്ടില്ല. ഒരു കാവല്ക്കാരന് മാത്രമാണ് ഉള്ളത്.
ജയ്സുഖ് ഒദാവ്ജി 2012ല്‍ ആണ് ഒറേവ ഗ്രൂപ്പിന്റെ മേധാവിയായത്. 45 രാജ്യങ്ങളില്‍ ബിസിനസ് ഉള്ള കമ്പനി 7000 പേര്‍ക്ക് ജോലി നല്‍കിവരുന്നുണ്ട്. 800 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. അജന്ത,ഓര്‍പട്ട് ക്ലോക്കുകള്‍ നിര്‍മ്മിക്കുന്ന കമ്പനി ഒധാവ്ജി രാഘവ്ജി ആരംഭിച്ചത് 50 വര്‍ഷം മുന്‍പാണ്. ഈ മാസം അദ്ദേഹം മരിച്ചു. 1971ലാണ് ഇദ്ദേഹം ക്ലോക്ക് ബിസിനസിലേക്ക് തിരിഞ്ഞത്. അജന്തയുടെ ഭാഗമായ ഒറേവ ഗ്രൂപ്പ് പ്രധാനമായും സിഎഫ് എല്‍ ബള്‍ബുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. ഇ-ബൈക്ക് നിര്‍മ്മാണ രംഗത്തും ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.
പാലത്തിന്റെ അറ്റുകുറ്റപ്പണിയുടെ ഉത്തരവാദിത്വം 15 വര്‍ഷത്തേക്ക് നല്‍കിയിരിക്കുന്നത് അജന്ത ഒറേവ ഗ്രൂപ്പിനാണ്. മോര്‍ബി മുനിസിപ്പാലിറ്റിയും ഒറേവ ഗ്രൂപ്പുമാണ് ഇത് സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഗുജറാത്ത് പുതുവത്സരദിനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 26ന് അറ്റകുറ്റപ്പണി ചെയ്ത് മോര്‍ബി കേബിള്‍ പാലം പൊതുജനത്തിന് തുറന്നുകൊടുത്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ദുരന്തമുണ്ടായത്. പ്രധാന കേബിള്‍ പൊട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് ഫോറന്‍സിക് വിഭാഗം പരിശോധനകള്‍ നടത്തിവരുന്നുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ട്. മോര്‍ബി പാലം അറ്റകുറ്റപ്പണി ചെയ്തെങ്കിലും മോര്‍ബി നഗരസഭ അത് പരിശോധിച്ച് ഉപയോഗ്യയോഗ്യമാണെന്ന് അഭിപ്രായപ്പെട്ടുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. അത് അജന്ത ഒറേവ ഈ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് മോര്‍ബി നഗരസഭ കുറ്റപ്പെടുത്തുന്നു.
മച്ചു നദിയ്ക്ക് കുറുകെയുള്ള ഈ സസ്പെന്ഷന് പാലം ബ്രിട്ടീഷ് കാലഘട്ടത്തിലുള്ളതാണ്. 100 വര്‍ഷം പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: