തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന ലൈസോള്‍ എടുത്ത് കുടിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് പോലീസ് സംഭവം അറിയുന്നത്. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
ഗ്രീഷ്മയെ വിശദമായി ചോദ്യം ചെയ്യലിനായി റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് കൊണ്ടുപോകാനിരിക്കേയാണ് സംഭവം. ചോദ്യം ചെയ്യലിനായി പുറപ്പെടും മുമ്പ് ഗ്രീഷ്മ ശുചിമുറിയില്‍ പോണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രണ്ട് വനിതാ പോലീസുകാര്‍ പുറത്ത് കാവല്‍ നില്‍ക്കുകയും ഗ്രീഷ്മ ശുചിമുറിയില്‍ പോയിവരികയും ചെയ്തു. തുടര്‍ന്ന് ജീപ്പിലേക്ക് നടന്നുപോകുന്നതിനിടെ ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെയാണ് ആത്മഹത്യാ ശ്രമം പുറത്തറിയുന്നത്. ഉടന്‍ തന്നെ പോലീസ് യുവതിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഗ്രീഷ്മയെ മെഡിക്കല്‍ ഐസിയുവിലേക്ക് മാറ്റി. ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റിവെച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം എട്ടുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലാണ് ഷാരോണിനെ കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചത്. റൂറല്‍ എസ്പി ഓഫീസിലെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ ഒരുമണിയോടെ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെ വനിതാ പോലീസുകാരുടെ കാവലില്‍ വിശ്രമം അനുവദിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വീണ്ടും റൂറല്‍ എസ്.പി. ഓഫീസിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: