ന്യൂദല്‍ഹി: മോദി വിരുദ്ധരായ ഇടത് പക്ഷത്തുള്ളവര്‍ തെറ്റുകള്‍ ചെയ്താല്‍, ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തിയാല്‍, വ്യാജവാര്‍ത്ത സൃഷ്ടിച്ചാല്‍, നുണ പറഞ്ഞാല്‍ അവര്‍ ആരും തെറ്റുകാരല്ല. പകരം അവര്‍ ഇരകളായി മാറുന്നു. അവര്‍ ചെയ്ത തെറ്റുകള്‍ തെറ്റുകളല്ലാതാവുകയും അവര്‍ തെറ്റുകാരാകുന്നതിന് പകരം ഇരകളായി മാറുകയും ചെയ്തുന്നു. അവര്‍ ചെയ്ത തെറ്റ് അറിയാതെ ചെയ്ത തെറ്റുകളായി അതിനെ ഇടത്, ലിബറല്‍, കോണ്‍ഗ്രസ് മാധ്യമങ്ങള്‍ മാറ്റിയെടുക്കുന്നു. അതാണ് കഴിഞ്ഞ ദിവസം വ്യാജവാര്‍ത്ത സൃഷ്ടിച്ച് ബിജെപി നേതാവിനെ അപമാനിച്ച ദി വൈര്‍ മാസികയുടെ എഡിറ്റര്‍മാരെ വെള്ളപൂശി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റര്‍ എന്‍.റാം രംഗത്തെത്തിയപ്പോള്‍ സംഭവിച്ചത്.
ബിജെപി നേതാവായ അമിത് മാളവ്യയെക്കുറിച്ച് വ്യാജവാര്‍ത്ത സൃഷ്ടിച്ച ദി വൈര്‍ മാസികയെ കയ്യോടെ പിടികൂടുകയായിരുന്നു അമിത് മാളവ്യയും ഫേസ്ബുക്ക്-ഇന്‍സ്റ്റഗ്രാം ഉടമകളായ മെറ്റയും. അമിത് മാളവ്യയ്ക്ക് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ബിജെപിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ അസാധാരണമായ അധികാരമുണ്ടെന്നായിരുന്നു ‘ദി വൈര്‍’ മാസികയുടെ വ്യാജവാര്‍ത്ത. എന്നാല്‍ അങ്ങിനെ ഒരു അധികാരം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് മെറ്റ വ്യക്തമാക്കിയതോടെ ദി വൈര്‍ മാസികയുടെ അമിത് മാളവ്യയ്ക്ക് എതിരായ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. വ്യാജവാര്‍ത്ത കണ്ടെത്തിയതോടെ ദല്‍ഹി പൊലീസ് ദി വൈര്‍ മാസികയുടെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന് ഉള്‍പ്പെടെ നാല് ജേണലിസ്റ്റുകള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. മാത്രമല്ല, തന്റെ സല്‍പ്പേര് നശിപ്പിക്കാന്‍ തനിക്കെതിരെ ദി വൈര്‍ മാസികയുടെ ജേണലിസ്റ്റുകള്‍ മറ്റ് ചിലരുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് ക്രിമിനല്‍ കേസ് നല്‍കിയിരിക്കുകയാണ് അമിത് മാളവ്യ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420,468,469,471,500,120ബി, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ക്രിമിനല്‍ കേസ് ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഹിന്ദു ദിനപത്രം എഡിറ്റര്‍ എന്‍. റാം ‘ദി വൈര്‍’ മാസികയെയും അതിന്റെ എഡിറ്റര്‍മാരെയും കുറ്റപ്പെടുത്തന്നതിന് പകരം അവരെ വെള്ളപൂശാനാണ് ശ്രമിച്ചത്. എന്‍.റാം പങ്കുവെച്ച ട്വീറ്റ് ഇപ്രകാരമായിരുന്നു:”എന്തിനെക്കുറിച്ചാണ് ഈ കേസ്? ഇക്കാര്യത്തില്‍ ദി വൈര്‍ മാസികയും മെറ്റയെക്കുറിച്ച് (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉടമയായ കമ്പനി) വാര്‍ത്ത ഒരുക്കിയ ജേണലിസ്റ്റുകളും ഇരകളായിരുന്നു. അല്ലാതെ വ്യാജവാര്‍ത്തയോ ഗൂഢാലോചനയോ തട്ടിപ്പോ നടത്തിയ കുറ്റവാളികളല്ല.”.
എന്‍. റാമിന്റെ സത്യസന്ധമല്ലാത്ത ഈ ട്വീറ്റിനെതിരെ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ മുതിര്‍ന്ന ഉപദേശകന് കാഞ്ചന് ഗുപ്ത രംഗത്തെത്തി. മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം എന്‍.റാമിന് മറുപടി കൊടുത്തു.
“ഇടതുപക്ഷം നുണ പറഞ്ഞാല്‍, കള്ളരേഖയുണ്ടാക്കിയാല്, വ്യാജവാര്‍ത്ത നിര്‍മ്മിച്ചാല്‍, വ്യക്തികള്‍ക്കെതിരെ അപവാദം പറഞ്ഞാല്‍, ഇന്ത്യയെ ലോകത്തിന് മുന്പില് താഴ്ത്തിക്കെട്ടിയാല്‍ ഈ കുറ്റവാളികള്‍ ഇരകളായി മാറുന്നു. ഇപ്പോള്‍ ദി വൈര്‍ മാസിക ചെയ്തതും ഇതേ കുറ്റമാണ്. എന്നാല്‍ അതിനെ ന്യായീകരിക്കുകയായിരുന്നു എന്‍.റാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദിയെ അട്ടിമറിക്കാന്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് വ്യാജരേഖകള്‍ ശേഖരിച്ച് വ്യാജവാര്‍ത്ത സൃഷ്ടിച്ച വ്യക്തിയാണ് എന്‍.റാം.”
ഇപ്പോള്‍ കേസില്‍ ദി വൈര്‍ മാസിക പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ്. വ്യാജവാര്‍ത്ത വെബ്സൈറ്റില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമിത് മാളവ്യ വിടാന്‍ ഒരുക്കമല്ല. ഈ വ്യാജവാര്‍ത്ത തന്റെ പ്രശസ്തിയെ മാത്രമല്ല, ബിജെപിയുടെ പ്രശസ്തിയെയും താറടിച്ചെന്ന് അമിത് മാളവ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: