ടെഹ്റാന്: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഏഴാം ആഴ്ചയിലേക്ക് കടന്നതോടെ വ്യാപകമായ അക്രമവും വെടിവയ്പും. മഹ്സ അമിനിയുടെ മരണത്തിന്റെ നാല്പതാം നാള് സാക്കസില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ക്ക് നേരെ ഇറാന് സേന വെടിയുതിര്‍ത്തതോടെ നാടെങ്ങും കലാപഭരിതമായ അന്തരീക്ഷമാണ്. വെള്ളിയാഴ്ച സാക്കസില്‍ മാത്രം 24 കുട്ടികളടക്കം 160 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. തെക്കുകിഴക്കന്‍ നഗരമായ സഹെദാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളില്‍ 93 പേരാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. കലാപത്തില്‍ ഇതുവരെ 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചിട്ടുണ്ട്.
കോളജുകളിലെമ്പാടും വിദ്യാര്‍ത്ഥികളെ ഭരണകൂടം ബന്ദികളാക്കിയിരിക്കുകയാണെന്നാണ് ആക്ഷേപം. സൗത്ത് കെര്‍മാന്‍, കെര്‍മാന്‍ഷാ, അഹ്വാസ് എന്നിവിടങ്ങളിലെ കാമ്പസുകളില്‍ ശനിയാഴ്ച പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കെര്‍മാന്‍ഷായിലെ തെരുവില്‍ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടിഞ്ഞാറന്‍ നഗരമായ സാനന്ദാജില്‍ വിദ്യാര്ത്ഥിസമ്മേളനത്തിന് നേരെ സുരക്ഷാ സേന വെടിവച്ചതായി ഓസ്ലോ ആസ്ഥാനമായുള്ള ഇറാന് ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു.
‘ഇനി തെരുവിലിറങ്ങിയാല്‍ കലാപത്തിനിറങ്ങാന്‍ ആളുണ്ടാവില്ല’ എന്ന മുന്നറിയിപ്പോടെയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ തലവന്‍ മേജര്‍ ജനറല്‍ ഹുസൈന് സലാമി വെടിവയ്പിന് നേതൃത്വം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച ഷാ ഷെറാഗ് മസ്ജിദിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്ക്കുനേരെയാണ് സലാമി ആക്രോശിച്ചത്. മഹ്സ അമിനിയുടെ മരണത്തിന്റെ നാല്പതാം നാള് തന്നെയാണ് ഷാ ഷെറാഗില് കൂട്ടക്കൊല നടന്നത്. സ്ഫോടനത്തിന് പിന്നില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരാണെന്നും അവര്‍ ഭീകരരാണെന്നും ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി അന്നുതന്നെ വാദമുയര്‍ത്തിയിരുന്നു.
പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഇരുപത്തെട്ടുകാരന് മൊഹ്സെന്‍ മുഹമ്മദിയെ അനുസ്മരിക്കാന്‍ ദിവാന്‍ദാരെ നഗരത്തില്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. വെടിവയ്പില്‍ പരിക്കേറ്റ അഷ്കന്‍ മര്വതിയെ പ്രവേശിപ്പിച്ച സാനന്ദജിലെ കൗസര്‍ ആശുപത്രിക്ക് നേരെയും സൈന്യം വെടിയുതിര്‍ത്തു.
തൊട്ടുപിന്നാലെ, കുര്‍ദിസ്ഥാന്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സമീപത്തുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റലിന് നേരെ ബൈക്കുകളിലെത്തിയ സൈനികര്‍ വെടി വയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചിറ്റ്ഗറിലെ ഒരു റെസിഡന്‍ഷ്യല്‍ ബ്ലോക്കിലേക്ക് സുരക്ഷാ സേന വെള്ളിയാഴ്ച വൈകിട്ട് കണ്ണീര് വാതകം പ്രയോഗിച്ചതായും വാര്‍ത്തകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: