ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു പോലീസുകാരനുള്‍പ്പടെ നാല് പേര് മരിച്ചു. കിഷ്ത്വാറിലെ നിര്‍മാണം നടക്കുന്ന റാറ്റില്‍ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്തിനരികെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പദ്ധതി പ്രദേശത്തിനരികെയുള്ള ലിങ്ക് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനിടെ വലിയ പാറകള്‍ ഉരുണ്ടുവീഴുകയും തൊഴിലാളികള്‍ അതിനുള്ളില്‍ പെട്ടുപോവുകയുമായിരുന്നുവെന്ന് കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവ്നാശ് യാദവ് പറഞ്ഞു. ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഒരു അസിസ്റ്റന്റ് എസ്ഐയും ജെസിബി ഓപ്പറേറ്ററുമടക്കമുള്ള നാല് പേര് മണ്ണിനടിയില്‍പ്പെട്ട് പോവുകയായിരുന്നു. മനോജ് കുമാര്‍ എന്ന ജെസിബി ഓപ്പറേറ്ററാണ് മരിച്ചത്.
പരിക്കേറ്റവരെ രക്ഷിക്കാനായി നാട്ടുകാര്‍ ഓടിക്കൂടിയ സമയത്ത് മറ്റൊരു മണ്ണിടിച്ചിലുണ്ടായതാണ് കൂടുതല്‍ അപകടമുണ്ടാക്കിയത്. പരിക്കേറ്റ മൂന്ന് പേരെ ദോദയിലെ മെഡിക്കല്‍ കോളേജിലും രണ്ടുപേരെ താത്രി ആശുപത്രിയിലേക്കും ഒരാളെ ജമ്മുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: