നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, ലോകം കേരളം കാണാനെത്തുന്ന വഴിയാണ്. അവിടെ കേരളം കണ്ടു മടങ്ങുന്നവര്‍ക്ക് മറക്കാനാവാത്ത ഒരുമുഹൂര്‍ത്തം ഒരുക്കുന്നതെങ്ങനെ എന്ന ചിന്ത വന്നപ്പോള്‍ നിയോഗിക്കപ്പെട്ടതും യാഗാ ശ്രീകുമാറിനെ.. അങ്ങനെ 2500 ചതുരശ്ര അടിയില്‍ സിയാലില്‍ സെല്‍ഫികോര്‍ണര്‍ ഒരുങ്ങി. വിമാനയാത്രയ്ക്ക് ബോര്‍ഡിങ് പാസെടുത്ത ശേഷം വിമാനത്തില്‍ കയറും മുന്‍പ് അവിടെ ഒരു ക്ലിക്കെടുക്കാതെ പോകുന്ന കേരളീയര്‍ പോലും ചുരുക്കം. കൂത്തമ്പലം, കഥകളി, ഓട്ടന്തുള്ളല് തുടങ്ങിയവയുടെ ശില്പം, ആള് വലുപ്പത്തിലുള്ള 18 ചുമര് ചിത്ര ചിത്രങ്ങള്‍. യാഗായുടെ കരവിരുത് വിമാനത്താവളത്തിന്റെ അകവശങ്ങള്‍ക്ക് നല്കിയ ചാരുത ചെറുതൊന്നുമല്ല.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തപ്പോള്‍ മുഖഛായമാറ്റത്തിന് എന്തൊക്കെ ചെയ്യാം എന്ന് ആലോചിച്ചു. കലാസൃഷ്ടികള്‍ എന്തൊക്കെ എന്നു ചിന്തിച്ചപ്പൊള്‍ അദാനികളുടെ മുന്നില്‍ വന്നത് ഒരേയൊരു പേരുമാത്രം. യാഗ ശ്രീകുമാര്‍. ഒറ്റ സിറ്റിംഗില്‍ തന്നെ കരാറുമായി. പിന്നീട് ശ്രീകുമാറും 20 ഓളം വരുന്ന കലാകാന്മാരും വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവര്‍ക്ക് ദൃശ്യചാരുതയേകുന്ന പ്രവര്‍ത്തനത്തിലാണ്.
ആഭ്യന്തര ടെര്‍മിനലിന് പുറത്തും അകത്തും കേരളത്തിന്റെ തനത് ശൈലിയില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെയുള്ള രൂപമാറ്റമാണ് നടന്നു വരുന്നത്. കേരളത്തിന്റെ , പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ അടയാളപ്പെടുത്തലുകളെല്ലാം കലാശില്പങ്ങളും ചുമര്‍ചിത്രങ്ങളും വിഭാവനം ചെയ്തിരിക്കുന്നു. കലയും സംസ്കാരവും സംഗമിക്കുന്ന ചുമര് ശില്പവും കാര്‍ഷിക സംസ്കാരവും പരമ്പരാഗത തൊഴില്‍ സംസ്കാരവും രേഖപ്പെടുത്തുന്ന സിമെന്റില്‍ തീര്‍ത്ത ചുമര് ശില്പങ്ങളുമാണ് പ്രധാന ആകര്ഷണങ്ങള്.
സിമെന്റ് മ്യൂറലിന്റെ പശ്ചാത്തലത്തില്‍ കഥകളി, കൂടിയാട്ടം, തൃശ്ശൂര്‍ പൂരം, കളരിപ്പയറ്റ്, കുട്ടനാട്ടിലെ കെട്ട് വള്ളം, വള്ളംകളി, കളരിപ്പയറ്റ്, നെറ്റിപ്പട്ടം കെട്ടി തിടമ്പേന്തിയ ഗജവീരന് തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരു വലിയ ചുമര് ശില്പം ഒരുങ്ങിയപ്പോള്‍ തൊട്ടടുത്ത് തന്നെ, കേരളത്തിന്റെ പരമ്പരാഗത കാര്‍ഷിക തൊഴില്‍ സംസ്കാരങ്ങളെ വീണ്ടും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കാളയും കലപ്പയുമുപയോഗിച്ച് നിലം ഉഴുന്ന കര്ഷകന് , മനുഷ്യനാല്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്ന വാട്ടര്‍ വീല്‍ ഞാറ് നടുന്ന സ്ത്രീ,, പാടത്ത് പണിയെടുക്കുന്ന കര്ഷകന്, തുണി നെയ്യുന്ന നെയ്തുകാരന്‍ , കായലില്‍ വലയെറിയുന്ന മത്സ്യ തൊഴിലാളി, മണ്‍പാത്രനിര്‍മ്മാണ തൊഴിലാളി, ചീനവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം, തേയില തോട്ടത്തില്‍ കൊഴുന്ന് നുള്ളുന്ന സ്ത്രീ, ചുമട്ട് തൊഴിലാളി എന്നിവയെല്ലാം ഉള്‍പ്പെടുത്തി മറ്റൊരും ശില്പവും ഒരുക്കിയിട്ടുണ്ട്.
ആയുര്‍വേദത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കേരളത്തിന്റെ ആയുര്‍വേദ പെരുമ വരകളിലൂടെയും വ്യത്യസ്തങ്ങളായ നിറങ്ങളിലൂടെയും വലിയ ചുമര് ചിത്രങ്ങളായി നിറഞ്ഞു നില്ക്കുന്നു ഇവിടെ. കേരളത്തിലെ എല്ലാ കലാ രൂപങ്ങളും ഒരുമിക്കുന്ന ‘ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ കൊളാഷ് ‘ വിഭാഗത്തില്‍പ്പെടുന്ന ചുമര് ചിത്രവും യാത്രക്കാരെ ഏറെ ആകര്‍ഷിക്കുന്ന മറ്റൊരു കലാ സൃഷ്ടിയാണ്.
ആഭ്യന്തര ടെര്‍മിനലിന് പുറത്ത് ഒരു സെല്‍ഫി പോയിന്റ് ഉണ്ട്. കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമായതു കൊണ്ട് തന്നെ കടലിനെ പശ്ചാത്തലമാക്കി സൂര്യോദയത്തിന് മുമ്പേ തന്നെ യന്ത്ര ബോട്ടിന്റെ ഒരു വിളിപ്പാടകലെ വലയെറിയുന്ന സാധാരണ മത്സ്യത്തൊഴിലാളിയേയും, എത്രയോ കാലം കടലില്‍ മത്സ്യബന്ധനത്തിനുപയോഗിച്ച യഥാര്‍ത്ഥ വള്ളവും വലയും പങ്കായവുമെല്ലാം ഈ സെല്‍ഫി പോയിന്റില്‍ ഇടം പിടിച്ചിട്ടുണ്ട്. നിരവധി യാത്രക്കാരാണ് ഇവിടെ നിന്നും സെല്‍ഫിയെടുത്ത് മടങ്ങുന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും കലാകേന്ദ്രങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ചരിത്രപരമായി പ്രധാന്യമര്‍ഹിക്കുന്നവ, തുടങ്ങിയവ ഉള്‍പ്പെടുത്തി, ആയിരം അടി നീളത്തില്‍ ഡ്യൂഡില്‍ ആര്‍ട്ട് വിഭാഗത്തിലുളള വലിയ ചുമര് ചിത്രവും അണിയറയില്‍ തയ്യാറായിവരുന്നു.
‘ഇവിടെ വരുന്ന യാത്രക്കാര്‍ കേരളത്തിന്റെ മനോഹാരിത മനസിലാക്കി മടങ്ങട്ടേ എന്ന് തന്നെയാണ് എന്റെ ആഗ്രഹം……. അതുകൊണ്ട് തന്നെ ശില്പ ഭംഗിയോടൊപ്പം കേരളത്തേയും മലയാളത്തേയും സംസ്കൃതിയേയും കൂടി ഇവിടെവന്നു പോകുന്ന ഓരോ യാത്രക്കാരനും മനസിലാക്കണം എന്നതാണ് ഇത്തരം കലാ സൃഷ്ടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.’ യാഗാ ശ്രീകുമാര്‍ പറയുന്നു.
യാഗയുടെ കലാസൃഷ്ടികള്‍ ഇഷ്ടപ്പെട്ട അദാനി ഗ്രൂപ്പ് തങ്ങളുടെ മറ്റ് വിമാനത്താവളങ്ങളുടെ അകത്തളങ്ങളും അതിഭംഗിയാക്കാന് ഈ മലയാളിയെ പരിഗണിച്ചിരിക്കുകയാണ്.
തിരുവനന്തപുരം മണക്കാട് സ്വദേശി ശ്രീകുമാര്‍ പത്തു വയസു മുതല്‍ തുടങ്ങിയതാണ് കലാ പ്രവര്‍ത്തനം. വരയ്ക്കും, ശില്‍പ്പം രചിക്കും, കൂറ്റന്‍ കലാ നിര്‍മാണം നടത്തും; അത് കലാ സങ്കലനമാണ്. അതിശയിപ്പിക്കുന്ന തരത്തില്‍ ആശയം സങ്കല്‍പ്പിക്കും, അത് അപ്പടി രൂപപ്പെടുത്തും. യാഗാ ശ്രീകുമാര്‍ ഇന്ന് കേരളത്തിലെ കലാ മേഖലയില്‍ ബ്രാന്‍ഡ് നെയിം ആയിക്കഴിഞ്ഞു.
തൃശൂരില്‍, ആയിരത്തിയൊന്ന് ചിത്രങ്ങള്‍ ശേഖരിച്ച് അവതരിപ്പിച്ചാണ് പ്രത്യേക ശ്രദ്ധ നേടിയത്. മദര്‍ ഓഫ് െ്രെകസ്റ്റ് കന്യാമറിയത്തിന്റെ, 1001 ചിത്രങ്ങള്‍. ലോകത്ത് വിവിധ ഭാഗങ്ങളില്‍ കലാകാരന്മാര് രചിച്ച ചിത്രങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചു. ഡാവിഞ്ചിയും വാന്‍ഗോഗും തുടങ്ങി അതിപ്രശസ്തര്‍ രചിച്ചവയുടെ പകര്‍പ്പായിരുന്നു അവ. പ്രദര്‍ശന നഗരിയുടെ പ്രത്യേകത, ചിത്ര ശേഖരണം, വിന്യാസം തുടങ്ങിയവ പ്രദര്‍ശനം കൂടുതല്‍ ആകര്‍ഷകമാക്കി.മൂന്നു ദിവസത്തെ പ്രദര്‍ശനം ഒരു ലക്ഷം പേര് കണ്ടു. തീര്‍ത്ഥാടന കേന്ദ്രം പോലെയായിരുന്നു പ്രദര്‍ശന നഗരി. അങ്ങനെ തൃശൂര്‍ കേന്ദ്രമാക്കി യാഗാ ശ്രീകുമാര്‍ കലാ പ്രവര്‍ത്തന കേന്ദ്രം തുടങ്ങി. ശ്രീകുമാറിന്റെ നിര്‍ഭയ എന്ന ആര്‍ട്ട് ഗാലറി ശ്രദ്ധേയമായി. കൊച്ചിയില്‍ വിശ്വഹിന്ദു പരിഷത്ത് സമ്മേളന നഗരിയില്‍ ചരിത്രം ചിത്രത്തിലാക്കി നടത്തിയ ഗ്യാലറി ശ്രദ്ധിക്കപ്പെട്ടു. പിന്നാലേ കോഴിക്കോട്ട് ബിജെപിയുടെ ദേശീയ സമ്മേളനം നടത്തിയപ്പോള്‍ യാഗായുടെ പ്രദര്‍ശനം ചരിത്ര പ്രസിദ്ധമായി. യാഗായുടെ ഏറ്റവും വലിയ പ്രദര്‍ശനവും പ്രവര്‍ത്തനവും അതായിരുന്നുവെന്നും പറയാം.ചെറുതും വലുതുമായ ഒട്ടേറെ കലാ പ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും യാഗായുടേതായുണ്ടായി. കേരളത്തിനു പുറത്തേക്കും പടരുകയാണ് ഇപ്പോള്‍ ശ്രീകുമാറിന്റെ ചിത്രങ്ങളും പ്രശസ്തിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: