പാലക്കാട്: ഫേസ്ബുക്കില്‍ 3,17,000 ഫോളോവേഴ്സുള്ള ഹൈടെക് കാര്‍ മോഷ്ടാവിനെ കസബ പോലീസ് അതിവിദഗ്ദ്ധമായി പിടികൂടി. ചിറ്റൂര്‍ ആലാംകടവ് പാറക്കല്‍ വീട്ടില്‍ ഹംസ മകന് നവാസി(36)നെയും കൂട്ടു പ്രതി കോട്ടയം എംഎല് റോഡ് അറക്കേക്കുന്നേല്‍ വീട്ടില്‍ അഹമ്മദ് മകന് മുഹമ്മദി (44) നെയുമാണ് പിടികൂടിയത്.
15 ഓളം വ്യാജ പേരുകളില്‍ ‘പഴയ വാഹനം വില്‍പ്പനക്ക്’ എന്ന പേരില്‍ ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള നവാസിന് 3,17,000 ഫോളോവേഴ്സാണുള്ളത്. ഇതില്‍ വരുന്ന വാഹനങ്ങള്‍ വാങ്ങിക്കാനെന്ന വ്യാജേനെ നവാസ് വാഹന ഉടമസ്ഥരോട് ഫോണില്‍ ബന്ധം സ്ഥാപിക്കും. ശേഷം ചെറിയ തുക അയച്ചുകൊടുത്ത് ടെസ്റ്റ് ഡ്രൈവിനായി വാഹനം ആവശ്യപ്പെടുകയും ഇതുമായി കടന്നുകളയുകയുമാണ് പതിവ്.
ഈമാസം 24ന് സമാന രീതിയില്‍ നവാസ് ചന്ദ്രനഗറില്‍ വെച്ച് കോഴിക്കോട് വടകര കുറിഞ്ഞാലിയോട് കീഴത്ത് വീട്ടില്‍ ഭാസ്കരന് മകന് ഭവീഷിന് 15,000 രൂപ നല്കി മാരുതി റിട്ട്സ് കാറുമായി കടന്നുകളഞ്ഞു. സിസിടിവി, സിഡിആര്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ കസബ പോലീസ് കുഴല്മന്ദത്തുവെച്ച് ഇവരെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മോഷണം പോയ കാര്‍ കോയമ്പത്തൂരില്‍ നിന്നും കണ്ടെടുത്തു.
പ്രതികള്‍ക്ക് സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. നവാസിന്റെ പേരില്‍ മാത്രം പാലക്കാട് – തൃശൂര്‍ ജില്ലകളിലായി 14 മോഷണ കേസുകളുണ്ട്. നിരവധി തവണ പ്രതികള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണം വെച്ചാണ് പ്രതികള്‍ ആഡംബര ജീവിതം നയിച്ചിരുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ്, പാലക്കാട് എഎസ്പി എ.ഷാഹുല്‍ ഹമീദ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കസബ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ എം. ഉദയകുമാര്‍, എ. രംഘനാഥന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രിയ, ശിവാനന്ദന് സിവില്‍ പോലീസ് ഓഫീസര്‍ രജീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: