തിരുവനന്തപുരം: ജ്യൂസ് നല്‍കിയതിനെ തുടര്‍ന്ന് അവശനായി ചികിത്സയിലിരിക്കെ മരിച്ച ഷാരോണ്‍ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. അന്ധവിശ്വാസത്തെ തുടര്‍ന്ന് ആസിഡ് കലര്‍ത്തിയ വെള്ളം നല്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോണ്‍ രാജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോള്‍ നല്കിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്റെ പരാതി.
ഇതിനിടെ, ഷാരോണും പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടി താലി അണിഞ്ഞ് ഷാരോണിനൊപ്പം നില്ക്കുന്ന ഫോട്ടോ ബന്ധുക്കളുടെ പക്കലുണ്ട്. ആദ്യം വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്നു മരിക്കുമെന്ന് ജാതകത്തിലുള്ളതായി പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നു. ഷാരോണിന് അതില്‍ വിശ്വാസമില്ലായിരുന്നു. പെണ്‍കുട്ടിക്ക് പട്ടാളത്തിലുള്ള ഉദ്യോഗസ്ഥനുമായി നിശ്ചയിച്ച വിവാഹം അടുത്തിടെ നീട്ടിവച്ചിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
വിവാഹത്തിനു മുന്‍പ് ഇറങ്ങി വരാമെന്ന് പെണ്‍കുട്ടി ഷാരോണിനു വാക്കു നല്‍കിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. രണ്ട് സമുദായത്തില്‍പ്പെട്ടതും സാമ്പത്തിക അന്തരവുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പിനു കാരണം.
സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോള്‍ വീട്ടില്‍. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോള്‍ ഷാരോണിന് കഷായം കുടിയ്ക്കാന്‍ നല്കി. കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കൈപ്പ് മാറ്റാനാണ് ജ്യൂസ് നല്‍കിയത്. ഈ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. യുവാവ് വീട്ടില്‍ എത്തിയ ശേഷവും ഛര്‍ദ്ദിച്ചു.
പിന്നീട് മാതാവ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞു ആശുപത്രി യില്‍ നിന്ന് വൈകുന്നേരം തിരിച്ചയച്ചു. എന്നാല്‍ അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാ!ന് കഴിയാത്ത സ്ഥിതിയിലേക്ക് മാറി. 17ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി തെളിഞ്ഞു. അടുത്ത ദിവസങ്ങളില്‍ പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി. ഒന്‍പത് ദിവസത്തിനുള്ളില്‍ അഞ്ച് തവണ ഡയാലിസിസ് നടത്തി. വെന്റിലേറ്ററിലേക്കു മാറ്റി. തുടര്‍ന്നു മരിച്ചു.
പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മജിസ്ട്രേട്ടും ആശുപത്രിയില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു.ഒരു വര്‍ഷമായി പരിചയമുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. വിഷാംശം അകത്ത് ചെന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍രാജ് വീട്ടിലേക്കു പോയതെന്നും സൂചനകള്‍ ഉണ്ട്.
ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പൊലീസിനു പരാതി നല്‍കിയിട്ടുണ്ട് .
അതേസമയം, സുഹൃത്തിന്റെ വീട്ടില്‍ നിന്നു നല്കിയ പാനീയം കുടിച്ച് യുവാവും അജ്ഞാതന്‍ നല്കിയ ജ്യൂസ് കഴിച്ച് സ്കൂള്‍ വിദ്യാര്‍ഥിയും മരിച്ച സംഭവങ്ങളില്‍ സമാനതകള്‍ ഒട്ടേറെയാണ്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നില്ക്കവേ യൂണിഫോം ധരിച്ചെത്തിയ വിദ്യാര്‍ഥി നല്കിയ ജ്യൂസ് കഴിച്ച് അവശ നിലയില്‍ ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് കളിയിക്കാവിള മെതുകമ്മല്‍ സ്വദേശി അശ്വിന് (11) ന്റെ മരണം.
രണ്ട് സംഭവങ്ങളും നടന്നത് വ്യത്യസ്ത സാഹചര്യങ്ങളില്‍ ആണെങ്കിലും മരണത്തിലേക്ക് എത്തിയത് ഏറെക്കുറെ ഒരേ രീതിയില്‍ ആണ്. പാനീയം കുടിച്ച ആദ്യദിവസം നേരിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇരുവരുടെയും ആന്തരികാവയവങ്ങള്‍ ക്രമേണ തകരാറിലായി മരണം സംഭവിക്കുക ആയിരുന്നു. വ്യക്കകളുടെ പ്രവര്‍ത്തനം ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ ഭാഗികമായി നിലച്ചു. ഇരു സംഭവങ്ങളിലും വായ്ക്കുള്ളില്‍ വ്രണം ഉണ്ടായി ആഹാരം കഴിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിട്ടു. ആസിഡിനു സമാനമായ ദ്രാവകം കുടിച്ചതാണ് മരണ കാരണം എന്നാണ് അശ്വിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ വിലയിരുത്തല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: