ചെന്നൈ : കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്മയിലാണ് ഐഎസ് ബന്ധം ഉള്ളതായി അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ട്. കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നു എന്നും ഇസ്മയില്‍ വെളിപ്പെടുത്തി. ഇവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. 2020 ല്‍ യുഎഇയില്‍ നിന്ന് ഐഎസ് ബന്ധം ആരോപിച്ച് തിരികെ എത്തിയ ആളാണ് ഇസ്മയില്‍. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷവും ഐഎസ് ബന്ധം സൂക്ഷിച്ചിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇതോടെ കേസ് അന്വേഷണം വ്യാപകമാക്കും. ആറ് പേരാണ് കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീനുമായി ഇവര്‍ക്കുണ്ടായിരുന്ന അടുത്ത ബന്ധമാണ് അന്വേഷണം ഇവരിലേക്കും നീളാന്‍ കാരണമായത്. സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും ആസൂത്രണത്തിലും ഇവര്‍ക്ക് പങ്കുള്ളതായി പിന്നീട് നടന്ന അന്വേഷണങ്ങളില്‍ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സ്ഫോടനം നടന്ന കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നിലേയും പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു അന്വേഷണം മുന്നോട്ട് പോയത്. അറസ്റ്റിലായ മൂന്ന് പ്രതികള്‍ ചേര്‍ന്നാണ് കാറിലേക്ക് സ്ഫോടക വസ്തുക്കള്‍ കയറ്റിയത് എന്നും കമ്മിഷണര്‍ സ്ഥിരീകരിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച കാറ് പത്ത് തവണ കൈമാറി വന്നതാണ്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന് കാറ് നല്‍കിയത് അറസ്റ്റില്‍ ആയ ദല്‍ഹയാണ്.
അതേസമയം കേരളത്തില്‍ വന്ന പ്രതികള്‍ ജയിലുകളില്‍ തീവ്രവാദ കേസില്‍ തടവില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചിരുന്നോ എന്നും തമിഴ്നാട് പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ എന്‍ഐഎയ്ക്ക് കേസിന്റെ ചുമതല കൈമാറിയെങ്കിലും പോലീസും ഇതോടൊപ്പം കേസ് രജിസ്റ്റര്‍ ചെയ്ത് വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: