വാഷിങ്ടണ്‍: ഇറാനില്‍ ഇസ്ലാമിക ഭരണത്തിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് ഗ്രന്ഥകാരിയും ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയുമായ മസിഹ് അലി നെജാദ്. മഹ്സ അമിനിയുടെ മരണത്തില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇസ്ലാമിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിനുള്ള വഴി തുറന്നിട്ടുണ്ട്. ഇറാനിയന്‍ മതഭരണകൂടത്തെ മാത്രമല്ല, മതനിയമം നടപ്പാക്കാന്‍ വാദിക്കുന്ന ശരിയ വ്യവസ്ഥയെത്തന്നെ നീക്കുന്നതിനുള്ള ധീരമായ ചുവടുവയ്പാണിത്, അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ശത്രുക്കള്‍ രൂപം നല്കിയ ചിതറിയ കലാപങ്ങളാണ് നടക്കുന്നതെന്നാണ് ഇറാന് ഭരണകൂടം ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ ആ അഭിപ്രായം മാറിയിട്ടുണ്ട്. ഇസ്ലാമിക ഇറാന്റെ ധിക്കാരം തിരിച്ചുവരാനാവാത്ത വിധം അസ്തമിക്കുകയാണെന്ന് ‘ദി വിന്‍ഡ് ഇന്‍ മൈ ഹെയര്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ മസിഹ് നെജാദ് പറഞ്ഞു.
ഹിജാബ് മതഭരണകൂടം സൃഷ്ടിച്ച ബര്‍ലിന്‍ മതിലാണ്. അത് പൊളിഞ്ഞുവീഴുകയാണ്. അവര്‍ എത്ര പേരെ കൊല്ലുന്നുവോ അത്രയും ജനരോഷം ഇരട്ടിക്കും. ഭയപ്പെടുത്തിയാല്‍ പിന്നോട്ടുമാറുന്നവരല്ല ഇറാനിയന്‍ വനിതകളെന്നതിന്റെ സൂചനയാണ് എല്‍നാസ് റെക്കാബി. സിയോളിലെ കളിക്കളത്തില്‍ ഹിജാബില്ലാതെ ഇറങ്ങിയതിന് റെക്കാബിയെ ഭരണകൂടം തിരികെ വിളിച്ചു. അവളുടെ സഹോദരനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ടെഹ്റാനില്‍ ആയിരങ്ങളാണ് റെക്കാബിയെ വരവേറ്റത്. അടുത്ത ദിവസം, കായിക മന്ത്രിയെ കണ്ടപ്പോള്‍ അവള് ഹിജാബ് ധരിച്ചില്ല. പകരം അവള് ഒരു ബേസ്ബോള്‍ തൊപ്പിയും ഒരു ഹൂഡിയും ധരിച്ചു. റെക്കാബിയുടെ കുടുംബത്തിന്റെ ജീവന് അപകടത്തിലാണ്.
മൂന്ന് വര്‍ഷം മുമ്പ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വെച്ച് ഇറാനിലെ അടുത്ത വിപ്ലവം സ്ത്രീകള്‍ നയിക്കുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. ഇപ്പോള്‍ നമ്മള് കാണുന്നത് അതാണ്. തല മറയ്ക്കുന്ന ഹിജാബ് നിങ്ങള്‍ക്ക് ഒഴിവാക്കാവന് കഴിയുമെങ്കില്‍ ഇറാനിലെ മതഭരണത്തെയും ഒഴിവാക്കാനാകും, മെസിഹ് പറഞ്ഞു. അതേസമയം ഇറാനില്‍ പ്രക്ഷോഭം കനത്തതോടെ സ്ത്രീകള്‍ ഹിജാബ് ഒഴിവാക്കി ജീവിതത്തിലിടപെടുന്നതായി സൂചന. ഹോട്ടലുകളിലും മാര്‍ക്കറ്റിലുമൊക്കെ ഹിജാബില്ലാതെ കൂട്ടം കൂട്ടമായി സഞ്ചരിക്കുന്ന സ്ത്രീകളെ കാണാം. പ്രക്ഷോഭം സാമൂഹിക ജീവിതത്തെ കൂടുതല്‍ സ്വതന്ത്രമാക്കുന്നതിന്റെ അടയാളമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: