തിരുവനന്തപുരം: ‘ന്നാ താന്‍ കേസ് കൊട്’ എന്ന സ്വപ്നയുടെ ഭീഷണിയില്‍ കുടുങ്ങി പ്രതിരോധത്തിലായിരിക്കുകയാണ് മുന്‍സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇതുവരെ ശ്രീരാമകൃഷ്ണന്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാതായതോടെ ശ്രീരാമകൃഷ്ണന്റെ കള്ളുകുടിയെക്കുറിച്ചുള്ള സ്വപ്നയുടെ ആരോപണം ശരിയാണെന്ന് ഒരു വിഭാഗം വിശ്വസിക്കുകയാണ്. ഇതോടെ ശ്രീരാമകൃഷ്ണന്റെ കള്ളുകുടിയെ ന്യായീകരിക്കാന്‍ സൈബര്‍ സഖാക്കള്‍ക്കും കഴിയുന്നില്ല.
ഇതിനിടെ സര്‍ക്കാര്‍ കോടികള്‍ മുടക്കി നടപ്പാക്കുന്ന ലഹരിവിരുദ്ധ പരിപാടിയായ വിമുക്തിയുടെ കാര്യത്തിലും ചില പ്രതിസന്ധികള്‍ ഉണ്ട്. കാരണം ഈ പരിപാടിയുടെ മുഖ്യപ്രചാരകന്‍ ശ്രീരാമകൃഷ്ണനാണ്. എക്സൈസ് വകുപ്പും ഡിവൈഎഫ്ഐയും ചേര്‍ന്ന് നടത്തുന്ന വിമുക്തി പരിപാടിയുടെ പ്രധാന പ്രാസംഗികന്‍ മിക്കയിടത്തും ശ്രീരാമകൃഷ്ണനായിരുന്നു. ഇനിയും ശ്രീരാമകൃഷ്ണനെയും കൊണ്ടുപോയാല്‍ കൂക്കിവിളിക്കുമോ എന്ന ഭയം ഡിവൈഎഫ് ഐക്കാര്‍ക്ക് തന്നെയുണ്ട്.
സ്പീക്കര്‍ തന്നെ ഔദ്യോഗിക വസതിയിലും ശിവശങ്കറിന്റെ വസതിയിലും മദ്യപാന സദസ്സ് നടത്തിയിരുന്നുവെന്നത് സ്വപ്ന സുരേഷ് തന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തില്‍ അങ്ങാടിപ്പാട്ടാക്കിയിരിക്കുകയാണ്. ലഹരിവസ്തുക്കള്‍ക്ക് അടിമകളാവുന്നത് ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമാണ് സമൂഹത്തിന് ആത്മവിശ്വാസമുണ്ടെങ്കില്‍ ലഹരിവിമുക്ത നവകേരളം സൃഷ്ടിക്കാനാവുമെന്നും സഈയിടെ മലപ്പുറം ജില്ലയില്‍ വിമുക്തിയുടെ ഉദ്ഘാടനവേളയില്‍ മുന്‍സ്പീക്കര്‍ പ്രസംഗിച്ചിരുന്നു. ഇനി ഇങ്ങിനെ പ്രസംഗിക്കാന്‍ ശ്രീരാമകൃഷ്ണന് ആത്മവിശ്വാസമുണ്ടോ എന്നതാണ് പുതിയ ചോദ്യം.
മുഖ്യപ്രചാരകന്‍ തന്നെ ലഹരി ഉപയോഗിക്കുന്ന ആളായാല്‍ വിമുക്തിയെ ജനങ്ങള്‍ വിശ്വസിക്കുമോ എന്ന ചോദ്യത്തിന് സിപിഎം നേതാക്കള്‍ക്ക് തന്നെ ഉത്തരമില്ല. സ്വപ്ന വെല്ലുവിളിച്ചതുപോലെ സ്വപ്നയുടെ ആരോപണം തെറ്റാണെന്ന് വാദിച്ച് മാനനഷ്ടക്കേസ് കൊടുത്താല്‍ മാത്രമേ ശ്രീരാമകൃഷ്ണന് പിടിച്ചുനില്‍ക്കാനാവൂ. എന്നാല്‍ ശ്രീരാമകൃഷ്ണന്റെ കൂടുതല്‍ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെയ്‌ക്കുകയും ശ്രീരാമകൃഷ്ണന്‍ കേസ് കൊടുത്താല്‍ കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തതോടെ പ്രതിസന്ധി ഊരാക്കുടുക്കായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: