മലമ്പുഴ: കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന മലമ്പുഴയില്‍ ദിനംപ്രതി ആയിരക്കണക്കിന് സന്ദര്ശകരെത്തുമ്പോഴും ഉദ്യാനത്തിനു മുന്നിലെ എടിഎം കൗണ്ടര്‍ മിക്കപ്പോഴും സന്ദര്‍ശകരെ ദുരിതത്തിലാക്കുന്നു. കാലങ്ങളായി ഉദ്യാനത്തിനു മുന്നില്‍ എടിഎം ഇല്ലായെന്ന പരാതിയെത്തുടര്‍ന്നാണ് അടുത്തകാലത്ത് കനറാ ബാങ്കിന്റെ എടിഎം ഇവിടെ സ്ഥാപിച്ചത്. എന്നാല്‍ സീസണുകളില്‍ സന്ദര്‍ശകരുടെ തിരക്കേറുമ്പോള്‍ എടിഎം കൗണ്ടര്‍ മിക്കപ്പോഴും ലോക്ഡൗണിലാകും. ഇതുമൂലം പണം ആവശ്യമുള്ള സന്ദര്‍ശകര്‍ കിലോമീറ്ററുകള്‍ അകലെയുള്ള മന്തക്കാടിനെയോ ഒലവക്കോടിനെയോ ആശ്രയിക്കണം.
മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് മന്തക്കാട് എടിഎം കൗണ്ടറുണ്ടെങ്കിലും ബാങ്കുകള്‍ അവധിദിനമാകുമ്പോള്‍ ഇവിടെയും പണം ലഭിക്കാറില്ല. ഇതുമൂലം പുതിയപാലം ജങ്ഷനിലോ ഒലവക്കോട് ജങ്ഷനിലോ പോയി പണമെടുക്കേണ്ട സ്ഥിതിയാണ്. ഉദ്യാനത്തിന്റെ ക്യാഷ് കൗണ്ടറില്‍ പണം സ്വീകരിച്ചുള്ള ടിക്കറ്റ് നല്കല് സംവിധാനമാണ് ഇപ്പോഴുള്ളത്. അതിനാല്‍ പണം കൈയിലില്ലാത്തവരാണ് എടിഎമ്മിന് ആശ്രയിക്കാറുള്ളത്. ഓണം, ക്രിസ്തുമസ്, ദീപാവലി, മധ്യവേനലവധി സീസണുകളില്‍ ആയിരക്കണിക്കിന് സന്ദര്‍ശകരെത്തുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മലമ്പുഴയില്‍ മറ്റു ബാങ്കുകളുടെ എടിഎം കൗണ്ടര്‍ സ്ഥാപിക്കാനും നടപടിയില്ല. ഉദ്യാനത്തിനു പുറമെ റോക്ക് ഗാര്ഡന്, റോപ് വേ, സ്നേക് പാര്‍ക്ക്, മറൈന്‍ അക്വേറിയം എന്നിവയെല്ലാമുള്ളതിനാല്‍ പ്രതിദിനമെത്തുന്ന സന്ദര്‍ശകരുടെ എണ്ണവും ഏറെയാണ്.
തുടര്‍ച്ചയായി മൂന്നോ നാലോ ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയാകുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ഒറ്റപ്പെട്ട എടിഎം കൗണ്ടറുകള്‍ പൂര്‍ണമായും നിശ്ചലമാവുന്നത് സന്ദര്‍ശകരെ വലക്കുന്നു. അതിനാല്‍ മറ്റൊരു എടിഎം സെന്റര്‍ കൂടി ഇവിടെ സ്ഥാപിക്കണമെന്നാണ് സന്ദര്‍ശകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: