വയനാട് : ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി. പഴൂർ തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10വയസ് പ്രായം ഉള്ള ആൺ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് ചെറിയ പരിക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് . ഒരു മാസത്തോളമായി ജനവാസ കേന്ദ്രത്തിൽ തമ്പടിച്ച കടുവയാണ് കുടുങ്ങിയത്.
കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. വെറ്ററിനറി ഡോക്ടർമാര്ർ കടുവയ്‌ക്ക് പ്രാഥമിക ചികിൽസ നടത്തും. ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. പുലര്‍ച്ചെയോടെ മറ്റൊരു വളര്‍ത്തുപശുവിനെ കൂടി കടുവ ആക്രമിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കെണിയില്‍ കുടുങ്ങിയത്. ഒരുമാസത്തിനിടെ ഒന്‍പത് പശുക്കളാണ് ചീരാലില്‍ കടുവയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് കടുവയ്‌ക്കായി തെരച്ചിൽ നടത്തിയത്. ഉൾവനത്തിലടക്കം വനപാലകസംഘം തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മുത്തങ്ങയിൽ നിന്ന് കുങ്കി ആനകളെ എത്തിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.
കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് ഉള്‍പ്പടെ തുടര്‍ച്ചയായി കടുവയിറങ്ങുന്നുണ്ട്. ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഉപരോധിച്ചത്. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.
വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടുവയുടെ നീക്കം കൃത്യമായി മനസിലാക്കാൻ സാധിക്കാത്തതാണ് വനം വകുപ്പിന് ആദ്യഘട്ടത്തിൽ വെല്ലുവിളിയായത്. ഇതിനിടയിലാണ് കടുവ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: