കെ.വി. വരുണ്‍ പ്രസാദ്
(ആര്‍എസ്എസ് പാലക്കാട് വിഭാഗ് വിദ്യാര്‍ഥി പ്രമുഖാണ് ലേഖകന്‍)
നിറഞ്ഞ പുഞ്ചിരിയോടെ ആര്‍എസ്എസ് പ്രവര്‍ത്തകരെയും ഞാങ്ങാട്ടിരിക്കാരെയും സ്വീകരിച്ചിരുത്തിയിരുന്ന അക്കൂരത്തുമനക്കല് ദേവകി അന്തര്‍ജനത്തിന്റെ വിയോഗം രാഷ്ട്രീയ സ്വയംസേവക സംഘത്തിനും ഞാങ്ങാട്ടിരി ഗ്രാമത്തിനും തീരാനഷ്ടമാണ്. അന്തരിച്ച അക്കൂരത്തുമന രാമന് നമ്പൂതിരിയുടെ സഹധര്‍മ്മിണിയായി ഞാങ്ങാട്ടിരിയിലേക്ക് എത്തിയതോടെ ദേവകി അന്തര്‍ജനം അതുവരെ ശീലിച്ച ജീവിത സാഹചര്യങ്ങളില്‍നിന്നും മാറി പുതിയൊരു ജീവിതത്തിലേക്കു കടന്നുവരികയായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പട്ടാമ്പി-തൃത്താല മേഖലകളില്‍ ആരംഭം കുറിക്കുന്നത് 1950കളിലാണ്. അക്കൂരത്തുമന കേന്ദ്രീകരിച്ചായിരുന്നു ആ കാലഘട്ടത്തില്‍ സംഘ പ്രവര്‍ത്തനം. വെല്ലുവിളികളും ഭീഷണികളും നിറഞ്ഞ ആ സമയങ്ങളില്‍ ധീരമായി സംഘവികാസമെന്ന ലക്ഷ്യത്തെ ഏറ്റെടുത്തത് അക്കൂരത്തുമന രാമന് നമ്പൂതിരി, സി. പാപ്പര്‍, ചേന്ന്യാത്ത്, നടുവിലായില് ശങ്കരനാരായണന്, അക്കൂരത്തെതന്നെ കൃഷ്ണന് നമ്പൂതിരി തുടങ്ങിയവരാണ്. ഇവരുടെയെല്ലാം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് ഞാങ്ങാട്ടിരിയിലെ അക്കൂരത്തെ മനയായിരുന്നു.
പൂര്‍ണമായും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട കുടുംബമായിരുന്നു അക്കൂരത്തേത്. വീട്ടിലെ പുരുഷന്മാര് ഉള്‍പ്പടെ കൃഷി ചെയ്യാന്‍ ഇറങ്ങിയിരുന്നു. ജാതി വിവേചനവും ജാതിഭ്രഷ്ടും സജീവമായി നിലനിന്നിരുന്ന കാലത്ത് ഇത്തരം ജാതിവ്യവസ്ഥയില്‍ ഉയര്‍ന്ന ശ്രേണിയായി കണക്കാക്കിയിരുന്ന കുടുംബത്തില്‍ നിന്നുള്ളവരുടെ പ്രവൃത്തികള്‍ ആ കാലത്ത് അത്ഭുതമായിരുന്നു. അറുപതുകളില്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം ചെറുപ്പക്കാര്‍ തയ്യാറായി മുന്നോട്ടു വന്നു. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടും മറ്റു പരാധീനതകളും വെല്ലുവിളിയായിരുന്നു. ആ കാലഘട്ടത്തില്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ നേതൃത്വം നല്കിയവരില് പ്രമുഖരായ ഭാസ്കര്‍ റാവുജി, പി. പരമേശ്വര്‍ജി, ആര്. ഹരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടുത്തെ സന്ദര്‍ശകരായിരുന്നു.
ഏതു സമയത്തും കയറിവരുന്ന സംഘ കാര്യകര്‍ത്താക്കള്‍ക്ക് വീട്ടിലെ നടുമുറ്റത്തോടു ചേര്‍ന്ന ഇരിപ്പിടത്തില്‍ ഭക്ഷണം നല്‍കിയിരുന്നു. അതിനുശേഷം താമസവും പ്രഭാത ഭക്ഷണവും നല്കി നിറഞ്ഞ മനസോടെയാണ് കാര്യകര്‍ത്താക്കളെ യാത്രയാക്കിയിരുന്നത്. ആ മാതൃവാത്സല്യം അനുഭവിച്ചറിഞ്ഞവരാണ് ഏറിയ സംഘ കാര്യകര്‍ത്താക്കളും. അക്കാലത്ത് സംഘപ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ വീടുകള്‍ വിരളമായിരുന്നു. എന്നാല്‍ അക്കൂരത്ത് മനയുടെ വാതില്‍ എല്ലാസമയത്തും തുറന്നുകിടന്നു.
സംഘപ്രവര്‍ത്തനം സമാജ പ്രവര്‍ത്തനമായി കണ്ട ദേവകി അന്തര്‍ജനത്തിന്റെ ഭര്‍ത്താവ് രാമന് മാസ്റ്റര്‍ സംഘടനാ പ്രവര്‍ത്തനത്തിന് ഉപരിയായി ഒന്നര പതിറ്റാണ്ടിലേറെ ഗ്രാമപഞ്ചായത്ത് മെമ്പറായും സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ ഞാങ്ങാട്ടിരി കേന്ദ്രീകരിച്ച് നടത്തി. ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ സൗകര്യപ്രദമായ ഹെല്‍ത്ത് സെന്റര്‍, ജലസേചന സൗകര്യങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങി നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ രാമന് നമ്പൂതിരിക്ക് സാധിച്ചു. സംഘപ്രവര്‍ത്തനം ധാര്‍മികമായ കടമയോ ഉത്തരവാദിത്വമോ ആയി കണക്കാക്കി സമാജ സേവന തല്പരരായവരാണ് അക്കൂരത്ത് മനയിലെ ഓരോ അംഗവും. ദേവകി അന്തര്‍ജനത്തിന്റെ മകന് എ.എം. കൃഷ്ണന് ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന പ്രചാരകനായി ഇന്നും തുടരുന്നു. പ്രചാരക വൃത്തിയിലാണ് മക്കളെല്ലാവരും സംഘ ചുമതലയും ഏറ്റെടുത്തിട്ടുണ്ട്. സംഘത്തിന്റെ മഹത്തായ ആശയത്തെ ഉള്‍ക്കൊള്ളാന്‍ ആ കുടുംബത്തിലെ എല്ലാവര്ക്കും സാധിച്ചത് ആ കുടുംബത്തിന്റെ നാഥയായ ദേവകി അന്തര്‍ജനത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: